Latest News

കാര്‍ യാത്രക്കാരന്റെ 10 പവന്‍ കൊള്ളയടിച്ച പള്ളിക്കര സ്വദേശി കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: [www.malabarflash.com] കാര്‍ യാത്രക്കാരന്റെ 10 പവന്‍ തൂക്കംവരുന്ന മാല കൊള്ളയടിച്ച പള്ളിക്കര സ്വദേശി കണ്ണൂരില്‍ പിടിയിലായി. പള്ളിക്കര ബിലാല്‍ നഗറിലെ അഹ്മദ് കബീറി (29) നെയാണ് അറസ്റ്റുചെയ്തത്. കണ്ണൂര്‍ വിമാനത്താവള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ഗുരുദാസ് സി നായകിന്റെ മാലയാണ് കവര്‍ന്നത്. ഇക്കഴിഞ്ഞ മെയ് 12ന് പുലര്‍ച്ചെ വളപട്ടണം കീച്ചേരീ ദേശീയ പാതയിലെ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം നടന്നത്.

വളപട്ടണം സി.ഐ. കെ.വി. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കബീറിനെ പിടികൂടിയത്. മൂര്‍ഖന്‍ പറമ്പിലേക്ക് സ്‌കോര്‍പിയോ കാറില്‍ പോകുമ്പോള്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ഉറക്കം വന്നതിനെ തുടര്‍ന്ന് കീച്ചേരി പെട്രോള്‍ പമ്പിന് സമീപം കാര്‍ നിര്‍ത്തിയിട്ട് അതിനകത്ത് ഉറങ്ങുകയായിരുന്നു ഗുരുദാസ്.

ഇതിനിടയില്‍ റിട്‌സ് കാറില്‍ അഹ്മദ് കബീറും കൂട്ടാളികളും എത്തുകയും ടോര്‍ച്ച് തെളിച്ച് തട്ടിവളിക്കുകയും ചെയ്തു. ഗ്ലാസ് തുറന്നപ്പോഴാണ് കഴുത്തിലുണ്ടായ മാല പൊട്ടിച്ച് സംഘം കടന്നുകളഞ്ഞത്. ബഹളംവെച്ച ഗുരുദാസ് കാറില്‍തന്നെ സംഘത്തെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. സ്ഥലപരിചയമില്ലാത്തതിനാല്‍ പിറ്റേദിവസം രാവിലെ മൂര്‍ഖന്‍ പറമ്പിലെത്തി സുഹൃത്തുക്കളോട് വിവരം പറയുകയും വളപട്ടണം പോലീസിലെത്തി പരാതി നല്‍കുകയുമായിരുന്നു.

കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ റിട്‌സ് കാര്‍ കേന്ദ്രീകരിച്ചും ഹൈവേ കൊള്ളക്കാരെ കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

കവര്‍ച്ച ചെയ്ത സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം നീലേശ്വരത്തെ ഒരു ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു. പത്ത് പവന്റെ മാലയില്‍ നാല് വലിയ ലോക്കററുകളുണ്ടായിരുന്നു. അത് അഴിച്ചുവെച്ചാണ് നീലേശ്വരത്തെ ജ്വല്ലറിയില്‍ വിററത്.

തന്ത്രിക്കേസിലെ പ്രതി ബച്ചുറഹ്മാനും അയാളുടെ കുട്ടാളി തന്ത്രിസത്താര്‍ എന്നറിയപ്പെടുന്ന ഗുണ്ടയുമായും അടുത്ത ബന്ധമുളള ആളാണ് അഹമ്മദ് കബീര്‍. കണ്ണൂര്‍ കാസര്‍കോട് ജില്ലയിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്.
ജൂനിയര്‍ എസ്.ഐ പ്രദീപ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ ഓഫീസര്‍ യോഗേഷ്, രാജീവന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.