Latest News

അതാ, തൊട്ടടുത്ത ഒരു കുഴിയില്‍ ഒരാള്‍ ചോരയില്‍ കുളിച്ചു കിടക്കുന്നു ...

വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ ഇന്നത്തെ നൈറ്റ് ഓഫീസറാണ് എ.എസ്.ഐ സക്കീര്‍ അഹമ്മദ് എന്ന ഉദ്യോഗസ്ഥന്‍. രാത്രി 12 മണി കഴിഞ്ഞപ്പോള്‍ ഡ്രൈവറേയും കൂട്ടി പോലീസ് വാഹനത്തില്‍ നൈറ്റ് പെട്രോളിങ്ങിനിറങ്ങി.[www.malabarflash.com]
കോരിച്ചൊരിയുന്ന മഴ.
വണ്ടി സ്റ്റാര്‍ട്ടാക്കി, ഏകദേശം 1 മണിക്കൂറോളം സ്‌റ്റേഷന്‍ പരിധിയിലെ പല സ്ഥലങ്ങളിലൂടെ യാത്ര. കാട്ടുപ്രദേശങ്ങളും വിജനമായ വെളിമ്പറമ്പുകളും ഉള്ള നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്.
ഇതാ ഒരു മോട്ടോര്‍ സൈക്കിള്‍ വഴിയരികില്‍ ചാരി വെച്ചതു പോലെ.
എന്തോ പന്തികേടു തോന്നിയ സക്കീര്‍ അഹമ്മദ് ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞു.
ഇറങ്ങി, ചുറ്റും നോക്കി, മഴ ചാറികൊണ്ടിരുന്നു.
ഒന്നും കാണുന്നില്ല. ചുറ്റിലും ഒന്നുകൂടി ടോര്‍ച്ച് തെളിച്ചു നോക്കി. ഒന്നുമില്ല.
കാല്‍മുട്ട് ഉയരത്തില്‍ പുല്ല് വളര്‍ന്ന് കാട് പിടിച്ചു കിടക്കുകയാണ്. ആ രാത്രിയില്‍ ഒരു ടോര്‍ച്ച് വെളിച്ചം തീര്‍ത്തും അപര്യാപ്തം.
എന്നിട്ടും അവര്‍ ഇരുവരും ആ പരിസരമാകെ പരതി നോക്കി.

അതാ, തൊട്ടടുത്ത ഒരു കുഴിയില്‍ ഒരാള്‍ ചോരയില്‍ കുളിച്ചു കിടക്കുന്നു ...
ജീവനുണ്ടോ എന്നു പോലും സംശയം. ഒരു വിധത്തില്‍ അയാളെ ആ കുഴിയില്‍ നിന്നും വലിച്ചു കയറ്റി, റോഡില്‍ കൊണ്ടുവന്നു കിടത്തി.

ഭാഗ്യം, മരിച്ചിട്ടില്ല. കൈ കാലുകള്‍ ഒടിഞ്ഞിരിക്കുന്നു. തലയ്ക്കും പരിക്കുണ്ട്. ബോധം നഷ്ടപ്പെട്ടിരിക്കുന്നു.
അയാളെ എടുത്തു കിടത്തുന്നതിനിടയില്‍ യൂണിഫോമിലാകെ ചോര കൊണ്ട് കുതിര്‍ന്നു. അപ്പോഴും കനത്ത മഴ.
എന്തു ചെയ്യുമെന്ന് സ്തംഭിച്ചു നില്‍ക്കുമ്പോഴാണ് ഒരു ആംബുലന്‍സ് അതുവഴി വന്നത്. ഒരു വിധത്തില്‍ അയാളെ അതില്‍ കയറ്റി, അവരും അതില്‍ കയറി, മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്.

അയാളുടെ പാന്റിന്റെ പോക്കറ്റില്‍ മഴയില്‍ കുതിര്‍ന്ന മൊബൈല്‍ ഫോണ്‍. പക്ഷെ ബൈക്കില്‍ നിന്നുള്ള വീഴ്ചയില്‍ അത് ചിന്നി ചിതറിയിരിക്കുന്നു.
അതില്‍ നിന്നും സിം കാര്‍ഡ് ഊരി, സ്വന്തം മൊബൈല്‍ ഫോണില്‍ ഇട്ട്, അയാളുടെ കോണ്‍ടാക്ട് ലിസ്റ്റിലെ ഒന്നു രണ്ടു പേരെ മാറി മാറി വിളിച്ചു. പാതിരാത്രി കഴിഞ്ഞിരുന്നതിനാല്‍ ആരും ഫോണെടുക്കുന്നില്ല.
വീണ്ടും മറ്റൊരാളെ വിളിച്ചു...
'എന്താ അമ്മാവാ '' ഉറക്കച്ചടവോടെ ഒരു ചോദ്യം.
ഇത് അമ്മാവനല്ല. അമ്മാവന്റെ ഫോണില്‍ നിന്നുമാണ് വിളിക്കുന്നത്. വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ നിന്നുമാണ്. നിങ്ങളുടെ അമ്മാവന് ഒരു ആക്‌സിഡന്റ് പറ്റിയിട്ടുണ്ട്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തണം.
ശരി, വരാം.
അയാള്‍ ഉടനെ ആശുപത്രിയില്‍ എത്തി. പരിക്കേറ്റയാളെ അയാളുടെ ബന്ധുവിനെ ഏല്‍പ്പിച്ച് അവര്‍ മടങ്ങി, ഒരാളുടെ ജീവന്‍ രക്ഷിക്കാനായ ചാരിതാര്‍ത്ഥ്യത്തോടെ...
ഈ സംഭവം പിറ്റേന്നത്തെ യാതൊരു പത്രത്തിലും വാര്‍ത്തയായി വന്നില്ല. ഒരു ടെലിവിഷന്‍ ചാനലിലും ബ്രേക്കിംങ്ങ് ന്യൂസ് ആയില്ല....
അങ്ങിനെയല്ല .. ന്യൂസ് വരാന്‍ വേണ്ടി അവര്‍ ശ്രമിച്ചില്ല.

ഒന്നു രണ്ട് ആഴ്ചകള്‍ക്കു ശേഷം ഞാന്‍ എ.എസ്.ഐ സക്കീര്‍ അഹമ്മദിനെ ഡ്യൂട്ടിക്കിടയില്‍ കണ്ടു. ആ കാക്കി കുപ്പായത്തില്‍ നിറയെ കഴുകിയിട്ടും പോകാത്ത രക്തക്കറ.
എന്താ സാറേ ഇത്? ഇതെങ്ങനെ പറ്റി?
അയാള്‍ അപ്പോഴും ഈ സംഭവം പറഞ്ഞില്ല.
നിസ്വാര്‍ത്ഥ സേവനം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ മാത്രം എ.എസ്.ഐ സക്കീര്‍ അഹമ്മദ്.


Keywords: Kerala News, Malabarflash, Malabarnews, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.