Latest News

കാസര്‍കോട് പരിപൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ ജില്ല

കാസര്‍കോട്: [www.malabarflash.com] വായനാദിനത്തോടൊപ്പം കാസര്‍കോട് ജില്ല വെളളിയാഴ്ച പരിപൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജില്ലയായി മാറും. 2013 ഒക്‌ടോബര്‍ 6ന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് സഹമന്ത്രി ഡോ. ശശി തരൂര്‍ കാസര്‍കോട് ജില്ലയെ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജില്ലയായി പ്രഖ്യാപിച്ചിരുന്നു.

ജില്ലയിലെ 90 ശതമാനം നാലാം തരം പൂര്‍ത്തിയാക്കാത്തവരും പരീക്ഷ എഴുതി പാസ്സായിരുന്നു. 26000 ല്‍പ്പരം മുതിര്‍ന്നവര്‍ അന്ന് നാലാം തരം എഴുതി പാസ്സായി. സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ ഇന്ത്യയില്‍ ആദ്യമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സംസ്ഥാനമായി മാറ്റുന്നതിന് ആരംഭിച്ച അതുല്യം നാലാം തരം തുല്യതാ പദ്ധതിയിലും ജില്ലയിലെ നാലാം തരം പൂര്‍ത്തിയാക്കാത്ത 6503 മുതിര്‍ന്നവരെ പഠിപ്പിച്ച് പരീക്ഷ എഴുതിച്ച് പരിപൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

വെളളിയാഴ്ച വായനാദിനത്തില്‍ ജില്ലയിലെ 38 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും മൂന്ന് നഗരസഭ ചെയര്‍മാന്‍മാരും അവരുടെ തദ്ദേശസ്വയം ഭരണ സ്ഥാപനത്തെ പരിപൂര്‍ണ്ണ പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ തദ്ദേശ സ്വയം ഭരണ സ്ഥാപനമായി പ്രഖ്യാപിക്കും. മുതിര്‍ന്ന പഠിതാക്കളുടെ വായനാമത്സരവും നടത്തും.

ബളാല്‍(345), മീഞ്ച (340), പുല്ലൂര്‍- പെരിയ(287), കുമ്പള(265), ചെമ്മനാട് (296),അജാനൂര്‍ (228), കാഞ്ഞങ്ങാട് നഗരസഭ(243), മടിക്കൈ (233), കിനാനൂര്‍- കരിന്തളം(184), എന്നിവയാണ് ജില്ലയില്‍ ഏറ്റവുമധികം പഠിതാക്കളെ പരീക്ഷ എഴുതിപ്പിച്ച പഞ്ചായത്തുകള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി ചെയര്‍പേഴ്‌സണായും ജില്ലാ സാക്ഷരതാമിഷന്‍ കോഡിനേറ്റര്‍ പി.എന്‍ ബാബു കണ്‍വീനറായും ജില്ലാതല സംഘാടക സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.