Latest News

മാങ്ങാട്ടെ സംഘര്‍ഷത്തിന് കാരണക്കാരനായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

ഉദുമ: [www.malabarflash.com] വധശ്രമക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ ചോയിച്ചിങ്കല്‍ മാങ്ങാട്ടെ ബി.എ ഖാലിദി (25)നെ ബേക്കല്‍ പോലീസ് കാപ്പ (കേരള ആന്റി-സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട്) ചുമത്തി അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ മാങ്ങാട് ഭാഗത്തുണ്ടായ സംഘര്‍ഷത്തിന് കാരണക്കാരനായ ഖാലിദിനെ വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് മാങ്ങാട്ട് വെച്ച് പോലീസ് അറസ്റ്റു ചെയ്തത്.

2012 ജനുവരി നാലിന് മാങ്ങാട്ടെ സുധാകരനെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും, 2012 നവംബറില്‍ ചോയിച്ചിങ്കാലിലെ സുധീര്‍ കുമാര്‍ എന്നയാളെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലും 2014 ജൂണ്‍ 26ന് വിനോദ് എന്നയാളെ ക്രൂരമായി അടിച്ചുപരിക്കേല്‍പിക്കുകയും ചെയ്ത കേസിലും, അയ്യങ്കോലിലെ മാധവിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വീട് അടിച്ചു പൊളിച്ച കേസിലും 2015 മെയില്‍ മാങ്ങാട്ടെ മനോജ് കുമാറിനെ അടിച്ചുപരിക്കേല്‍പിച്ച കേസിലും പ്രതിയാണ് ഖാലിദ്.

പൊതുജനങ്ങളില്‍ ഭീതിയും ജീവിതത്തിന് തടസവും സൃഷ്ടിക്കുന്ന ഖാലിദിനെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും തടയാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് കരുതല്‍ തടങ്കലില്‍ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മാങ്ങാട് ഭാഗത്തുണ്ടായ കലാപങ്ങളില്‍ ഖാലിദിന്റെ പങ്ക് അന്വേഷിച്ചു വരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറാണ് ഖാലിദിനെതിരെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടത്. ആറുമാസത്തേക്കാണ് ഖാലിദിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുക. അറസ്റ്റിലായ ഖാലിദിനെ നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. കൂടുതല്‍ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ വരുംദിവസങ്ങളില്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

Keywords: Kasaragod, Kerala news, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.