Latest News

സംസ്ഥാനത്ത് പനി പടരുന്നു

തിരുവനന്തപുരം: [www.malabarflash.com] എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കി അടക്കമുള്ള രോഗങ്ങള്‍ സംസ്ഥാനത്ത് വീണ്ടും പിടിമുറുക്കുന്നു. മെയ് മാസം മാത്രം എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് വിവിധ ജില്ലകളിലായി 16 പേര്‍ മരിച്ചു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് 37 പേര്‍ മരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ 320 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം മൂന്നുപേര്‍കൂടി മരിച്ചതോടെ ഇക്കൊല്ലം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

മഴക്കാലത്തിന് മുന്നോടിയായി പെയ്ത വേനല്‍മഴ കാരണം പകര്‍ച്ചപ്പനിബാധിതരുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. എണ്ണായിരത്തിലധികം പേരാണ് ദിവസവും സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സതേടുന്നത്.

ചെള്ളുപനി, കുരങ്ങുപനി എന്നിവയും സംസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. മെയ് മാസം വരെ 283 പേര്‍ക്ക് ചെള്ളുപനി ബാധിച്ചു. ഇതില്‍ ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. വയനാട് ജില്ലയില്‍ 92 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതില്‍ 10 പേര്‍ മരിച്ചു.

പകര്‍ച്ചവ്യാധി തടയുന്നതിനായി മഴക്കാലപൂര്‍വ ശുചീകരണ നടപടികള്‍ക്ക് പണം അനുവദിച്ചെങ്കിലും പല തദ്ദേശസ്ഥാപനങ്ങളിലും അതിനുള്ള നടപടികളൊന്നും തുടങ്ങിയിട്ടില്ല. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്നുണ്ട്.

കടുത്ത പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛര്‍ദ്ദി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് എച്ച് വണ്‍ എന്‍ വണിന്റെ പ്രധാന ലക്ഷണങ്ങള്‍. കുട്ടികള്‍, 65 വയസ്സിനുമേല്‍ പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടണം.

കഴിഞ്ഞവര്‍ഷം ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 11 പേരായിരുന്നു. മെയ് മാസം വരെ മരണം രണ്ടും. 2013ലെ മരണം 29ഉം. ഇക്കൊല്ലമാണ് എച്ച് വണ്‍ എന്‍ വണ്‍ സംബന്ധിച്ച നിരീക്ഷണം ആരോഗ്യവകുപ്പ് തുടങ്ങിയത്.

രാജ്യവ്യാപകമായി എച്ച് വണ്‍ എന്‍ വണ്‍ സംബന്ധിച്ച പരിശോധന നടക്കുന്നതിനാലാണ് രോഗികളുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന വിശദീകരണം. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ച മിക്കവരും മറ്റ് പല രോഗങ്ങള്‍ക്കും അടിമകളായിരുന്നതും മരണനിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്. എച്ച് വണ്‍ എന്‍ വണ്‍ നേരിടുന്നതിന് ഒസള്‍ട്ടാമിവിര്‍ അടക്കമുള്ള മരുന്നുകള്‍ സംസ്ഥാനത്ത് ആവശ്യത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Advertisement
Keywords: H1N1, Dengy, fever,Health Department, treatment,wayanad,monkey fever, death percentage, hospital.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.