Latest News

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ബ്ലാറ്ററുടെ രാജി


സൂറിച്ച്: [www.malabarflash.com] ആഗോള ഫുട്‌ബോള്‍ സംഘടന(ഫിഫ)യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചാംതവണയും തിരഞ്ഞെടുക്കപ്പെട്ട ജോസഫ് സെപ് ബ്ലാറ്റര്‍, തിരഞ്ഞെടുപ്പിന്റെ നാലാംദിനം നാടകീയമായി രാജി പ്രഖ്യാപിച്ചു. ഫിഫയില്‍ അഴിമതി നിറഞ്ഞിരിക്കുന്നുവെന്നും സംഘടനയില്‍ അഴിച്ചുപണി വേണമെന്നും പറഞ്ഞ ബ്ലാറ്റര്‍, തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ താന്‍ രാജിയെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനെ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തി ബ്ലാറ്റര്‍ അഞ്ചാം തവണ ഫിഫയുടെ പ്രസിഡന്റായത്. 1998 മുതല്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ബ്ലാറ്റര്‍ക്ക് വോട്ടെടുപ്പില്‍ 133 വോട്ടും അലി ബിന്‍ അല്‍ ഹുസൈന് 73 വോട്ടുമാണ് ലഭിച്ചത്. വോട്ടെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് പോകുന്നതിനുമുന്പ് അലി പിന്മാറുകയായിരുന്നു.

ബ്ലാറ്റര്‍ വീണ്ടും പ്രസിഡന്റാവുന്നതിനെ യൂറോപ്യന്‍ ഫുട്‌ബോള്‍ െഫഡറേഷന്‍ (യുവേഫ) ശക്തമായി എതിര്‍ത്തിരുന്നു. യുവേഫ അലിക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ബ്ലാറ്റര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കുന്ന കാര്യവും യുവേഫ ആലോചിച്ചിരുന്നു. ബദല്‍ ടൂര്‍ണമെന്റ് നടത്തുന്ന കാര്യവും യുവേഫ പരിഗണിക്കുന്നുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ആലോചിക്കാന്‍ വെള്ളിയാഴ്ച യുവേഫ ആലോചിക്കുന്നതിനിടെയാണ് ബ്ലാറ്ററുടെ രാജി.

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഫിഫ കോണ്‍ഗ്രസ്സിന്റെ തലേന്ന് ഫിഫയിലെ ഏഴ് ഉന്നതരെ സൂറിച്ചിലെ ഹോട്ടലില്‍നിന്ന് അറസ്റ്റുചെയ്തതുമുതല്‍ വിവാദങ്ങള്‍ ഫിഫയെ ചൂഴ്ന്നുനില്‍ക്കുകയായിരുന്നു. ഇവരുള്‍പ്പെടെ 14 പേര്‍ക്കെതിരെ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 2010ലെ ലോകകപ്പ് അനുവദിച്ചതുമായി മുന്‍ ഫിഫ വൈസ് പ്രസിഡന്റ് ജാക്ക് വാര്‍ണര്‍ക്ക് ഒരു കോടി ഡോളര്‍ കൈമാറിയതുമായി ബന്ധപ്പെട്ട് ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെയ്‌ക്കെതിരെയും ആരോപണം ഉയര്‍ന്നതോടെയാണ് ബ്ലാറ്റര്‍ക്ക് രാജിയല്ലാതെ മറ്റൊരു പോംവഴി ഇല്ലാതായത്.
Advertisement
Keywords: Joseph sep blatter, FIFA, Jordhan, Ali bin al-Hussain, UVEFA, Hotel, arrest, F.B.I, Jack Wranere, Jerrom Walkkey



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.