Latest News

സപ്ലൈകോയിലും ബേക്കറികളിലും നൂഡില്‍സ് വില്‍ക്കില്ല

കൊച്ചി: [www.malabarflash.com] സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ബേക്കറികളിലും മാഗി നൂഡില്‍സിന്റെ വില്പന നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം.

മാഗി നൂഡില്‍സില്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രി അനൂപ് ജേക്കബ്ബാണ് സപ്ലൈകോയിലെ വില്പന നിര്‍ത്താന്‍ നിര്‍ദേശിച്ചത്. റാക്കുകളില്‍ നിന്ന് ഇവ നീക്കാന്‍ ചൊവ്വാഴ്ച ഉച്ചയോടെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നിലവിലുള്ള സ്റ്റോക്കുകള്‍ തിരിച്ച് നല്‍കാനും ഇനി അറിയിപ്പുണ്ടാകും വരെ ഇതിന് ഓര്‍ഡര്‍ നല്‍കേണ്ടെന്നും നിര്‍ദ്ദേശമുണ്ട്. രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തില്‍ തീരുമാനമായ ശേഷമേ മാഗി നൂഡില്‍സ് വീണ്ടും സപ്‌ളൈകോ വഴി വില്‍ക്കുന്ന കാര്യം പരിഗണിക്കൂ.

കേരളത്തിലെ ബേക്കറികളില്‍ ബുധനാഴ്ച മുതല്‍ നൂഡില്‍സ് വില്‍ക്കേണ്ടെന്നാണ് ബേക്കേഴ്‌സ് അസോസിയേഷന്റെ തീരുമാനം.എല്ലാ നൂഡില്‍സും പരിശോധന നടത്തി ആരോഗ്യത്തിന് ഹാനികരമായതൊന്നുമില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും വരെ ഒരു ബ്രാന്റില്‍ പെട്ട നൂഡില്‍സും വില്‍ക്കില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പി.എം. ശങ്കരന്‍ പറഞ്ഞു.

നൂഡില്‍സിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷം സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അനുസരിച്ചാകും ഇവയുടെ വില്പന പുനരാരംഭിക്കുന്ന കാര്യം തീരുമാനിക്കുകയെന്നും പി.എം. ശങ്കരന്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മാഗി നൂഡില്‍സ് സാമ്പിളുകളില്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റെയും ഈയത്തിന്റെയും അംശം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിപണിയില്‍ നിന്ന് ഉത്പന്നങ്ങള്‍ പിന്‍വലിക്കാന്‍ അധികൃതര്‍ നെസ്ലെയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ രാജ്യ വ്യാപകമായി മാഗി നൂഡില്‍സിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടി നടത്തുന്ന പരിശോധനയുടെ ഫലം വൈകാതെ എത്തും.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.