Latest News

ചീഫ് സെക്രട്ടറി ജിജി തോംസണിനെ വിമര്‍ശിച്ച് വീക്ഷണം മുഖപ്രസംഗം

കൊച്ചി : [www.malabarflash.com] ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ രൂക്ഷവിമര്‍ശനവുമായി വീക്ഷണം മുഖ മുഖപ്രസംഗം. പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട ജിജി തോംസണിന്റെ പരാമര്‍ശം കാപട്യം. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചീഫ് സെക്രട്ടറിയുടെ ശ്രമം. പാമൊലിന്‍ കേസില്‍ സഹതാപം ആര്‍ജിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലൈറ്റ് മെട്രോ പദ്ധതിയില്‍ ഡിഎംആര്‍സിക്കെതിരായ ശുപാര്‍ശ തള്ളിയതാണ് കൊതിക്കെറിവിന് കാരണമെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള കരുണാകരന്‍ സര്‍ക്കാരിന്റെ തീരുമാനം തെറ്റായിരുന്നുവെന്നായിരുന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞിരുന്നത്. താന്‍ ഇക്കാര്യത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതിനാല്‍ തനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. അത് നടപ്പാക്കുക മാത്രമേ തനിക്ക് സാധിക്കൂ. ഈ കേസിലാണ് തന്നെ പ്രതിയാക്കി 25 വര്‍ഷമായി കേസ് നടത്തുന്നതെന്നും ജിജി തോംസണ്‍ പറഞ്ഞിരുന്നു.

വീക്ഷണം മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം: 
മൂര്‍ത്തിയേക്കാള്‍ ഊറ്റം വെളിച്ചപ്പാടിനോ?
പാമൊലിന്‍ ഇറക്കുമതി ചെയ്തത് സര്‍ക്കാര്‍ ഖജനാവിനെ നഷ്ടം വരുത്തിയിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിന് വിരുദ്ധമായിട്ടാണ് ജിജി തോംസണ്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

പാമോലിന്‍ കേസിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പരാമര്‍ശം അനുചിതവും അനവസരത്തിലുള്ളതുമാണ്. കെ കരുണാകരന്റെ ഭരണകാലത്ത് ടെന്‍ഡര്‍ ക്ഷണിക്കാതെ പാമോലിന്‍ ഇറക്കുമതി ചെയ്ത സര്‍ക്കാര്‍ തീരുമാനം തെറ്റായിരുന്നുവെന്ന ജിജി തോംസണിന്റ കുമ്പസാരത്തില്‍ സത്യസന്ധതയല്ല, മറിച്ചു കാപട്യമാണ് അനാവൃതമാകുന്നത്.

ടെന്‍ഡര്‍ വിളിക്കാതെയുള്ള ഇറക്കുമതിയെ അന്നു സിവില്‍ സപ്ലൈസ് എംഡിയായിരുന്ന താന്‍ എതിര്‍ത്തിരുന്നുവെന്ന പുതിയ വെളിപാടും വെളിപ്പെടുത്തലും വഴി സ്വയം വിശുദ്ധനും വാഴ്ത്തപ്പെട്ടവനുമാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പാമോലിന്‍ അല്ല ജിജി തോംസണ്‍ന്റെ നാവിലൂടെ പുളിച്ചു തികട്ടുന്നത്. നടക്കാതെ പോയ ലൈറ്റ് മെട്രോയെ സംബന്ധിച്ച മനക്കോട്ടകളായിരുന്നു.

ലൈറ്റ് മെട്രോ നിര്‍മാണത്തില്‍ നിന്നും ഡി എം ആര്‍ സിയെയും ഉപദേഷ്ടാവ് ഇ ശ്രീധരനെയും മാറ്റി നിര്‍ത്താന്‍ ആഗോള ടെന്‍ഡറിന് ശുപാര്‍ശ ചെയ്തത് മന്ത്രിസഭാ യോഗം അംഗീകരിക്കാത്തതാണ് പുതിയ കൊതിക്കെറുവിന് കാരണമെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. 36 മാസത്തെ റെക്കോഡ് സമയത്തിനുള്ളില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ഓടിക്കുമെന്ന ഇ ശ്രീധരന്റെ ഉറപ്പും ഡി എം ആര്‍ സിയുടെ വിശ്വാസ്യതയുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

ലൈറ്റ് മെട്രോ ഡി എം ആര്‍ സിയെ ഏല്‍പ്പിക്കുന്നതില്‍ കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എതിര്‍ത്തിട്ടില്ല. പക്ഷെ; ശ്രീധരനെന്താ കൊമ്പുണ്ടോ എന്ന തരത്തിലായിരുന്നു ചീഫ് സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍. ലൈറ്റ് മെട്രോ ഇ ശ്രീധരനെ ഏല്‍പ്പിക്കുന്നതിനെതിരെ വിഘ്‌നം വലിച്ചിടാനിറങ്ങിയവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത് ജിജി തോംസണിന്റെ ശുപാര്‍ശയായിരുന്നു.

ഡി എം ആര്‍ സിയുടെ കണ്‍സള്‍ട്ടന്‍സി ഫീസ് കൂടുതലാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇദ്ദേഹം തടസ്സവാദം ഉന്നയിച്ചത്. ഒടുവില്‍ ലൈറ്റ് മെട്രോ ശ്രീധരനെ തന്നെ ഏല്‍പ്പിച്ചപ്പോള്‍ ജിജിയുടെ മനസ്സില്‍ വൈരം മൂത്തു. അതാണ് തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ പൊട്ടിത്തെറിച്ചത്. കാല്‍നൂറ്റാണ്ടുകാലമായി താന്‍ കേസിന്റെ കുരിശ് ചുമക്കുകയായിരുന്നുവെന്ന ജിജി തോംസണിന്റെ വാക്കുകള്‍ സഹതാപം ആര്‍ജ്ജിക്കാനുള്ള വ്യാജ വിലാപം മാത്രമാണ്.

പാമോലിന്‍ കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി രണ്ടുതവണ മലേഷ്യയില്‍ പോവുകയും നിരവധി ഫയലുകളില്‍ ഒപ്പുചാര്‍ത്തുകയും ചെയ്ത ജിജി തോംസണ്‍ ഇപ്പോള്‍ സ്വന്തം കര്‍മങ്ങളുടെ ഘാതകനായാണ് പ്രത്യക്ഷപ്പെടുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങളുടെ നിര്‍വാഹകനായ ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് വേലി തന്നെ വിള തിന്നുന്നതിന് തുല്യമാണ്.

ദേശീയ ഗെയിംസില്‍ പരക്കെ അഴിമതിയും വീഴ്ചയുമാണെന്ന് ആരോപിച്ചുകൊണ്ട് കായിക മന്ത്രിയെയും ദേശീയ ഗെയിംസ് സംഘാടക സമിതിയെയും അപഹസിച്ച ജിജി തോംസണിന്റെ നടപടി അന്ന് സര്‍ക്കാരിന് ഏറെ നാണക്കേട് ഉണ്ടാക്കിയിരുന്നു. സര്‍ക്കാരിന്റെ ശാസനയെ തുടര്‍ന്ന് പത്തിമടക്കിയ ഇദ്ദേഹം തരംകിട്ടുമ്പോഴൊക്കെ സര്‍ക്കാര്‍ വിമര്‍ശകനായി മാറാറുണ്ട്.

ഐ എ എസ്, ഐ പി എസ് ഉള്‍പ്പോരുകളില്‍ വിഭാഗീയതയുടെ വക്താവായും ചീഫ് സെക്രട്ടറി പക്ഷം പിടിക്കാറുണ്ടെന്നും പരാതിയുണ്ട്. ഇതൊരു ജനകീയ മന്ത്രിസഭയാണ്; അതിന് കീഴിലാണ് ചീഫ് സെക്രട്ടറിയുടെ സ്ഥാനം. ഉമ്മന്‍ചാണ്ടിയെ വാഴിച്ചത് രാജാവല്ല; ജനങ്ങളാണ്. അതേപോലെ രാജാവ് വാഴിച്ച ദിവാനല്ല; മന്ത്രിസഭ നിയമിച്ച ചീഫ് സെക്രട്ടറിയാണ് താനെന്ന് ജിജി തോംസണ്‍ ഓര്‍ക്കണം. മൂര്‍ത്തിയേക്കാള്‍ ഊറ്റം വെളിച്ചപ്പാടിനാണെങ്കില്‍ വാളെടുത്തവനെല്ലാം വെളിച്ചപ്പാടാകും, തീര്‍ച്ച.

Keywords: Palmolin, G.G Thomason, Government, Karunakaran, case, Ummen Chandi, Chief Secretory.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.