Latest News

കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്: സലീംരാജിനെ സിബിഐ അറസ്റ്റുചെയ്തു

തിരുവനന്തപുരം: [www.malabarflash.com] കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് അറസ്റ്റില്‍. സലീംരാജ് ഉള്‍പ്പെടെ ഏഴുപേരാണ് അറസ്റ്റിലായത്. ഇതില്‍ വിദ്യോദയ് കുമാര്‍, ജയറാം എന്നിവര്‍ റവന്യൂ ഉദ്യോഗസ്ഥരാണ്. നാസര്‍, എസ്.എം. സലീം, മുഹമ്മദ് അഷറഫ്, അബ്ദുല്‍ മജീദ് എന്നിവര്‍ സലീംരാജിന്റെ ബന്ധുക്കളാണ്. 

അതേസമയം കളമശേരി ഭൂമിതട്ടിപ്പില്‍ മൂന്ന് റവന്യൂ ഉദ്യോഗസ്ഥരും അറസ്റ്റിലായി. തൃക്കാക്കര വില്ലേജ് ഓഫിസര്‍ സാബു , വില്ലേജ് അസിസ്റ്റന്റ് മുറാദ്, കലക്ട്രേറ്റിലെ ക്ലര്‍ക്ക് ഗീവര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത് . തിരുവനന്തപുരം സിബിഐ യൂണിറ്റാണ് അറസ്റ്റുചെയ്തത്.

കടകംപള്ളിയില്‍ കോടിക്കണക്കിനു രൂപ വിലവരുന്ന സര്‍ക്കാര്‍ ഭൂമി മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന സ്ഥാനം ദുരുപയോഗം ചെയ്തു കൃത്യമരേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. രണ്ടാഴ്ച മുന്‍പ് ഈ കേസ് ഹൈക്കോടതിയില്‍ വന്നപ്പോള്‍ കേസിലെ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സലീം രാജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

രേഖകളില്‍ കൃത്രിമം കാണിച്ചു സ്ഥലത്തന്റെ ഉടമസ്ഥാവകാശം സലീം രാജിന് അനുകൂലമാക്കിയെന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ്. ഈ കേസില്‍ ആദ്യമായാണ് സലീം രാജിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തുന്നത്.
കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സലീം രാജിന്റെ ഭാര്യയും പ്രതിയാണ്. സലിംരാജിന്റെ ഉന്നത ബന്ധങ്ങള്‍ കേസിന് തടസ്സമായതായി സിബിഐ കോടതിയില്‍ അറിയിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും ആരും തയ്യാറായില്ലെന്നും സലിംരാജ് മുഖ്യമന്ത്രിയുടെ ഗണ്‍മാനെന്ന പദവി ദുരുപയോഗം ചെയ്തുവെന്നുമായിരുന്നു സിബിഐ എഫ്‌ഐആര്‍. 

സിബിഐ തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ നാല് വില്ലേജ് ഓഫീസര്‍മാര്‍ അടക്കം 27 പേരാണ് പ്രതികള്‍.

സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസത്തെ സമയം കൂടി വേണമെന്നു സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പു കേസുകളില്‍ പ്രതികളെ പോളിഗ്രാഫ് പരിശോധനയ്ക്കു വിധേയമാക്കണമെന്നും ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കോടതിയുടെ നിര്‍ദേശം തേടിയിട്ടുണ്ടെന്നും സിബിഐ അറിയിച്ചിരുന്നു. എന്നാല്‍ കളമശേരി ഭൂമി തട്ടിപ്പു കേസില്‍ നാര്‍ക്കോ അനാലിസിസിന് വിധേയമാകണമെന്ന സിബിഐയുടെ ആവശ്യം സലിംരാജ് നിരസിക്കുകയായിരുന്നു.



Keyword: Arrest, Saleem raj, high court, C,B.I, thrikkakkara, villege officer, Kadakampalli, Chief Minister, Misuse, Poligraph, Narcho Analysis,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.