Latest News

ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ നോമ്പ് തുറക്ക് ആയിരങ്ങള്‍

അബുദാബി:[www.malabarflash.com] ലോകത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്‌ . റംസാന്‍ നാളുകളില്‍ ആയിരങ്ങള്‍ നിത്യേന വൈകിട്ട് നോമ്പുതുറക്കാനായി ഇവിടെ എത്തുന്നു. വിശ്വാസവും ആശ്ചര്യവും നിറഞ്ഞ കണ്ണുമായി എത്തുന്നവര്‍ നിറഞ്ഞ മനസ്സോടെ ഇവിടെനിന്ന് മടങ്ങുന്നു. അതില്‍ ദേശമോ മതമോ വര്‍ണമോ തടസ്സമാവുന്നില്ല. ലോകത്ത് ഏറ്റവും അധികം പേര്‍ നോമ്പ് തുറക്കാനായി ഒത്തുകൂടുന്നതും ഇവിടെ ത്തന്നെ.

പ്രാര്‍ഥനാനിര്‍ഭരരായ ആയിരക്കണക്കിന് വിശ്വാസികള്‍, ഭൂമിയിലെ ഏറ്റവും വലിയ ആരാധനാലയങ്ങളിലൊന്ന് ആശ്ചര്യത്തോടെ കണ്ടുതീര്‍ക്കുന്ന സഞ്ചാരികള്‍, വര്‍ണവിളക്കുകള്‍ നിരന്ന് നില്‍ക്കുന്ന ഇടനാഴികള്‍, എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി മനോഹരമായി സജ്ജീകരിച്ച ഇഫ്താര്‍ തമ്പുകള്‍, പൂര്‍ണസജ്ജരായ സന്നദ്ധ പ്രവര്‍ത്തകര്‍....

യു.എ.ഇ.യിലെ ഏറ്റവും മനോഹരമായ പള്ളിയായ അബുദാബിയിലെ ഗ്രാന്‍ഡ് മസ്ജിദിലെ നിത്യേനയുള്ള നോമ്പ് തുറ ദൃശ്യമാണിത്. ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള തൊഴിലാളികളും കോര്‍പ്പറേറ്റ് മേധാവികളും ഒരേ പന്തിയിലിരുന്ന് നോമ്പ് തുറക്കുന്നു. ഖുര്‍ ആന്‍ സൂക്തങ്ങളും പ്രാര്‍ഥനാ മന്ത്രങ്ങളും ഒരേ മനസ്സോടെ ഉരുവിട്ട് അവര്‍ റംസാന്‍ വ്രതദിനങ്ങള്‍ പൂര്‍ണമാക്കുന്നു. മനസ്സിനെ അസ്വസ്ഥമാക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരമാര്‍ഗമായ തീവ്ര വ്രതവും പ്രാര്‍ഥനകളും എല്ലാ നാടുകളില്‍ നിന്നുള്ളവരെയും ഒരേനിരയില്‍ ഒന്നിച്ചിരിക്കാനിവിടെ പഠിപ്പിക്കുന്നു.

ഭീമാകാരങ്ങളായ 11 ഇഫ്താര്‍ തമ്പുകളാണ് ഗ്രാന്‍ഡ് മസ്ജിദിന്റെ പരിധിക്കുള്ളില്‍ ഇക്കുറി സജ്ജീകരിച്ചിരിക്കുന്നത്. ഓരോന്നിനുള്ളിലും ആയിരത്തിഅഞ്ഞൂറിലേറെ വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. വിമലീകരണത്തിന്റെ രാവും പകലും കഴിഞ്ഞെത്തുന്നവര്‍ക്ക് നോമ്പ് തുറയ്ക്കായി ഏറ്റവും നിഷ്‌കര്‍ഷതയോടെ പാകം ചെയ്യുന്ന ഭക്ഷണപദാര്‍ഥങ്ങളാണ് വിളമ്പുന്നത്. ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ഒരാളെങ്കിലും കാണും ഇവിടെ നോമ്പ് തുറക്കാന്‍. 

അയല്‍രാജ്യങ്ങളില്‍ നിന്നും യു.എ.ഇ.യിലെ എല്ലാ എമിറേറ്റുകളില്‍ നിന്നും കുടുംബസമേതമെത്തുന്ന വിശ്വാസികളും ധാരാളം. കൂട്ടുകാരോടൊപ്പം മുടങ്ങാതെ വ്രതമെടുക്കുന്ന അമുസ്‌ലിങ്ങളും നോമ്പ്തുറയ്‌ക്കെത്തുന്നവരില്‍ ഉള്‍പ്പെടും

വിവിധ സംസ്‌കാരങ്ങളുടെ സമ്മേളനമായതിനാല്‍ തന്നെ എല്ലാ നാടുകളില്‍ നിന്നുള്ളവര്‍ക്കും അപരിചിതത്വം തോന്നാത്ത തരത്തിലുള്ള മസാലക്കൂട്ടുകളാണ് നോമ്പുതുറ വിഭവങ്ങളില്‍ ഉപയോഗിക്കുന്നത്. മസാലകളുടെ മിതമായ ഉപയോഗമാണ് വ്രതദിനങ്ങള്‍ക്ക് കൂടുതല്‍ ഉചിതമെന്നതും പാചകക്കാരെ ഇതിന് പ്രേരിപ്പിക്കുന്നുണ്ടാവാം. പ്രത്യേക തരത്തില്‍ ആവിയില്‍ വേവിച്ചെടുത്ത മസാലക്കൂട്ട് തീരെയില്ലാത്ത കോഴിയും ആടും ഒട്ടകവും ഒപ്പം ചോറും ആണ് പ്രധാന നോമ്പ് തുറ വിഭവം. അതോടൊപ്പം പച്ചക്കറികള്‍കൊണ്ട് സമ്പുഷ്ടമായ മറ്റൊരു കറിയും. സാലഡ്, പഴം, ഈന്തപ്പഴം, ജ്യൂസ്, മോര് തുടങ്ങിയവയെല്ലാം നിത്യേന പതിനായിരങ്ങള്‍ക്ക് വെച്ച് വിളമ്പുന്നു.

അബുദാബി നഗരത്തില്‍ നിന്ന് ഇരുപത് മിനിറ്റ് കാറില്‍ സഞ്ചരിച്ചാല്‍ പള്ളിയില്‍ എത്തിച്ചേരാം. തിരക്ക് കാരണം നോമ്പ് തുറ സമയങ്ങളില്‍ ഗ്രാന്‍ഡ് മസ്ജിദിന്‌ പുറത്തുള്ള റോഡരികില്‍ പോലും വാഹനങ്ങള്‍ നിരനിരയായി നിര്‍ത്തിയിട്ടത് കാണാം. പ്രധാന ബസ് ടെര്‍മിനലുകളില്‍ നിന്നെല്ലാം പള്ളിയിലേക്ക് ബസ് സര്‍വീസുമുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ നിന്ന് കമ്പനിബസ്സുകളില്‍ യൂണിഫോമില്‍ത്തന്നെ നോമ്പുതുറയ്ക്കായി എത്തുന്നവരും റംസാനിലെ കാഴ്ചയാണ്.

നോമ്പ് തുറന്ന് കഴിഞ്ഞാല്‍ വിശ്വാസികള്‍ വരിവരിയായി പള്ളിയിലേക്ക് നീങ്ങുകയായി. മാര്‍ബിള്‍ പതിച്ച അതിവിശാലമായ അകത്തളത്തിലേക്ക്. ഒരേ ശ്വാസത്തിലുള്ള പ്രാര്‍ഥനാ നിമിഷങ്ങളാണ് അടുത്തത്. തറാവീഹ് നമസ്‌കാരത്തിനൊടുവില്‍ പള്ളിയുടെ ഇടനാഴികളില്‍ അല്പസമയം ചെലവഴിച്ച് സത്കര്‍മങ്ങളുടെ പ്രതിഫലവും എറ്റുവാങ്ങി മടങ്ങുന്നു. മനസ്സിലും ശരീരത്തിലും നിറയുന്ന സ്വസ്ഥതയുമായി അടുത്ത ദിവസത്തെ കാര്യങ്ങളിലേക്ക്.
(കടപ്പാട്: മാതൃഭൂമി)




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.