Latest News

സി.പി.എം. പ്രകടനത്തിനിടെ ക്ഷേത്രവളപ്പിലേക്ക് കല്ലേറ്; സംഘര്‍ഷം, വെടിവയ്പ്പ്

കൊടുങ്ങല്ലൂര്‍: [www.malabarflash.com] സി.പി.എം. പ്രകടനത്തിനിടെ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രവളപ്പിലേക്കുണ്ടായ കല്ലേറ് സംഘര്‍ഷത്തിനും പോലീസ് ആകാശത്തേക്കു വെടിവെക്കുന്നതിനും വഴിവെച്ചു. രണ്ട് ഭക്തര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.

സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ വിവിധ ഹൈന്ദവ സംഘടനകളും ബി.ജെ.പി.യും ഹര്‍ത്താലിന് ആഹ്വാനം നല്‍കി.
ഡി.വൈ.എഫ്.ഐ. ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന കെ.യു. ബിജുവിന്റെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം. ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിനിടെ വൈകീട്ട് ആറ് മണിയോടെ വടക്കേനടയില്‍ വെച്ചാണ് അക്രമം അരങ്ങേറിയത്. 

ക്ഷേത്രദര്‍ശനം നടത്തുകയായിരുന്ന അഞ്ചാംപരത്തി പല്ലശ്ശേരി ബേബിയുടെ ഭാര്യ സുജിത (40), കൂളിമുട്ടം ചാത്തന്‍കുളം സുനില്‍കുമാര്‍ (49) എന്നിവരെയാണ് നിസ്സാര പരിക്കുകളോടെ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ക്ഷേത്രത്തിന്റെ വടക്കേ നടപ്പന്തലില്‍ വെച്ചാണ് ഇവര്‍ക്ക് കല്ലേറുകൊണ്ടത്.
വടക്കേനടയില്‍ പടിഞ്ഞാറ് ഭാഗത്ത് പ്രകടനം വീക്ഷിക്കുവാന്‍ നിന്നിരുന്ന ബി.ജെ.പി. പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്നാണ് പ്രകടനത്തിന്റെ പിന്‍നിരയില്‍നിന്ന് കല്ലേറുണ്ടായത്. ക്ഷേത്രത്തിന്റെ വടക്കേ നടപ്പന്തലിലും കല്ലുകള്‍ വന്നുവീണു.
ക്ഷേത്രവളപ്പിലേക്ക് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തള്ളിക്കയറുവാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് ആകാശത്തേക്ക് വെടിവെച്ചത്. സി.ഐ. സലീഷ് എന്‍. ശങ്കരന്‍, എസ്‌ഐ പി.കെ. പത്മരാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളം പോലീസ് സംഘം ഏറെ പണിപ്പെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്.
ആസൂത്രിതമായി എത്തിയ ഒരുസംഘം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിന് നേരെ കല്ലെറിയുകയായിരുന്നെന്ന് ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റി പറഞ്ഞു. 

എന്നാല്‍, ക്ഷേത്രവളപ്പില്‍നിന്നും ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രകടനത്തിനു നേരെ കല്ലേറ് നടത്തുകയായിരുന്നുവെന്ന് സി.പി.എം. ഏരിയാ സെക്രട്ടറി പി.കെ. ചന്ദ്രശേഖരന്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ശനിയാഴ്ച പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തും.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.