Latest News

ഒന്നര വയസ്സുകാരിയുടെ തിരോധാനം; സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണൂര്‍:[www.malabarflash.com] കണ്ണൂര്‍ ജില്ലയിലെ ആറളം കീഴ്പ്പള്ളിയില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് കാണാതായ ഒന്നര വയസ്സുകാരിയെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് അങ്കമാലിയിലേക്ക് വ്യാപിപ്പിച്ചു. കീഴ്പ്പള്ളിയിലെ സുഹൈല്‍-ഫാത്തിമ ദമ്പതികളുടെ മകള്‍ ദിയയെക്കുറിച്ചുള്ള അന്വേഷണമാണ് പുതിയ ദിശയിലേക്ക് നീങ്ങിയത്. അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ സ്ത്രീയും പുരുഷനും കുട്ടികളുമടങ്ങിയ സംഘത്തെ കേന്ദ്രീകരിച്ചാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.

ഇതിന്‍െറ ഭാഗമായി സി.സി.ടി.വി ദൃശ്യത്തിന്‍െറ ഫോട്ടോകള്‍ ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. കാക്കി ഷര്‍ട്ടും കാവി മുണ്ടും ധരിച്ച പുരുഷനും ഒന്നര വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെയെടുത്ത് നില്‍ക്കുന്ന സ്ത്രീയും 15 വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയും അഞ്ച് വയസ്സോളമുള്ള ആണ്‍കുട്ടിയുമാണ് ഫോട്ടോയിലുള്ളത്. സ്ത്രീയുടെ കൈയിലുള്ള ചെറിയ കുട്ടി കാണാതായ മകളാണെന്ന് രക്ഷിതാക്കള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സംഘത്തെ കണ്ടത്തൊനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സി.സി.ടി.വിയില്‍ പതിഞ്ഞ പുരുഷന്‍െറ മുഖത്ത് വലതു ഭാഗത്ത് വലിയ മുഴയുണ്ട്.

2014 ആഗസ്റ്റ് ഒന്നിനാണ് ദിയയെ കാണാതായത്. വീട്ടുപരിസരത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായെന്നാണ് പരാതി. കനത്ത മഴയെ തുടര്‍ന്ന് വീട്ടിന് സമീപത്തെ കൈത്തോട്ടില്‍ ഒഴുക്കില്‍പെട്ടതാണെന്ന് സംശയിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. ഇതേ തുടര്‍ന്ന് മാതാവ് ഫാത്തിമ ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. മുഖ്യമന്ത്രിക്കും പരാതി നല്‍കി.

തോട്ടില്‍ ഒഴുക്കില്‍പെട്ടതായി സംശയിക്കുന്നുവെന്ന് കാണിച്ചാണ് പൊലീസ് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിയുന്നവര്‍ 9497990136 (ഡിവൈ.എസ്.പി), 9497987206 (സി.ഐ ഇരിട്ടി) എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രേമരാജന്‍ അറിയിച്ചു.
Advertisement

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.