Latest News

പ്രമേഹ രോഗികള്‍ക്ക് സന്തോഷ വാര്‍ത്ത; തേങ്ങാപ്പാല്‍ തൈര് പ്രമേഹം ചെറുക്കുമെന്നു കണ്ടെത്തല്‍

കണ്ണൂര്‍: [www.malabarflash.com] കാര്‍ഷിക, ഭക്ഷ്യ മേഖലകളില്‍ നിരവധി നൂതന കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ ചെമ്പേരി പുറഞ്ഞാണിലെ കര്‍ഷകപ്രതിഭ മാമ്പുഴയ്ക്കല്‍ തോമസ് ജോര്‍ജ് തേങ്ങാപ്പാലില്‍നിന്ന് ഉത്പാദിപ്പിച്ച തൈരിന് ഔഷധ ഫലപ്രാപ്തിയോടെ വീണ്ടും അംഗീകാരം.

തേങ്ങാപ്പാല്‍ തൈരിന്റെ കുറഞ്ഞകാലത്തെ ഉപയോഗംവഴി കടുത്ത പ്രമേഹരോഗത്തെയും നിയന്ത്രണത്തിലാക്കാമെന്നാണു പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്.

കണ്ണൂര്‍ പറശിനിക്കടവിലെ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ആദ്യം നടത്തിയ പരിശോധനയില്‍ പശുവിന്‍ പാലില്‍നിന്നുണ്ടാക്കുന്ന സാധാരണ തൈരിനേക്കാള്‍ ഏറെ പോഷകസമൃദ്ധമാണു തേങ്ങാപ്പാല്‍ തൈരെന്നു കണെ്ടത്തിയിരുന്നു. ഇതേത്തുടര്‍ന്നു മെഡിക്കല്‍ കോളജ് എംഡി പ്രഫ. ഇ. കുഞ്ഞിരാമന്‍ പ്രത്യേക താത്പര്യമെടുത്ത് ഒരു പ്രമേഹരോഗിയോടു ചികിത്സയുടെ ഭാഗമായി തേങ്ങാപ്പാല്‍ തൈരുപയോഗിക്കാന്‍ നിര്‍ദേശം നല്‍കി. 

ഒരു മാസത്തെ ഉപയോഗശേഷം നടത്തിയ പരിശോധനയില്‍ രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഗണ്യമായ കുറവു കണ്ടതോടെയാണു തേങ്ങാപ്പാല്‍ തൈരിന്റെ ഔഷധഗുണം ബോധ്യപ്പെടുന്നത്. തേങ്ങാപ്പാലില്‍ ബാക്ടീരിയ പ്രവര്‍ത്തിച്ചാല്‍ സാധാരണനിലയില്‍ ഉപയോഗശൂന്യമാകും. ഒരു മൂലകത്തിന്റെ അസാന്നിധ്യമാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ കണെ്ടത്തിയ ഈ മൂലകത്തെ കോക്ടോസ് എന്ന പേരില്‍ പേറ്റന്റ് ചെയ്തിട്ടുണ്ട്.

കോക്ടോസിനെ അമ്ലവത്കരിച്ചാണ് തേങ്ങാപ്പാല്‍ തൈരാക്കി മാറ്റുന്നത്. പ്രകൃതിദത്തമായ ലാറിക് ആസിഡിന്റെ കലവറയാണു തേങ്ങാപ്പാല്‍. തേങ്ങാപ്പാലില്‍നിന്നുതന്നെ വേര്‍തിരിച്ചെടുക്കുന്ന ലാറിക് ആസിഡും ലാക്ടോസ് അസിഡോഫസ് എന്ന ബാക്ടീരിയയും നിശ്ചിത അളവില്‍ ഉല്‍പ്രേരകമായി ചേര്‍ത്ത് 24 മണിക്കൂര്‍ സാധാരണ ഊഷ്മാവില്‍ സൂക്ഷിച്ചാണ് തേങ്ങാപ്പാല്‍ തൈരാക്കി മാറ്റുന്നത്. കട്ടിയായ തൈരിനു മുകളില്‍ രൂപംകൊള്ളുന്ന ശുദ്ധമായ വെളിച്ചെണ്ണ വേര്‍തിരിച്ചു മാറ്റിയാല്‍ തൈര് ഉപയോഗത്തിനു തയാറാകും. 

40 ദിവസം വരെ കേടുകൂടാതെയിരിക്കുമെന്നത് ഈ തൈരിന്റെ മാത്രം പ്രത്യേകതയാണ്. ഇതില്‍ പഞ്ചസാര ചേര്‍ത്ത് ലസിയും ആവശ്യത്തിന് ഉപ്പ്, മുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് സംഭാരവും പച്ചക്കറികളും മഞ്ഞളും ചേര്‍ത്ത് തിളപ്പിച്ചാല്‍ മോരുകറിയുമുണ്ടാക്കാം. ആയുര്‍വേദ ചേരുവകളോടെ രോഗനിവാരണ പോഷകാഹാരമായും ഇതുപ യോഗിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ അംഗീകരിച്ചിട്ടുണ്ട്. 

വ്യാവസായികാടിസ്ഥാനത്തില്‍ തേങ്ങാപ്പാല്‍ തൈര് ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ തോമസ്. ഇതിനുള്ള ആദ്യപടിയായി തേങ്ങാപ്പാല്‍ തൈരിനു ഗ്രീന്‍ കേര്‍ഡ് എന്ന വ്യാപാരനാമം രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. 

തേങ്ങയില്‍നിന്നു സംസ്‌കരിച്ച പാല്‍, തൈര്, നെയ്യ് എന്നിവയുടെ ഉത്പാദനം, വിതരണം, അനുബന്ധ ഉപയോഗം എന്നിവയ്ക്കാണ് ചെന്നൈയിലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ട്രേഡ് മാര്‍ക്ക് രജിസ്ട്രിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. തേങ്ങാപ്പാല്‍ ഉപയോഗിച്ചുള്ള നാടന്‍ ചികിത്സയിലൂടെ മൈഗ്രേയ്ന്‍ സുഖപ്പെടുത്താമെന്ന കണെ്ടത്തലിന് അന്തര്‍ദേശീയ അംഗീകാരം ലഭിച്ചതോടെയാണ് തേങ്ങയില്‍നിന്ന് പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ തുടങ്ങിയതെന്ന് തോമസ് പറഞ്ഞു.

2007 ല്‍ കൊച്ചിയില്‍ നടന്ന രാജ്യാന്തര നാളികേര ഉച്ചകോടിയിലാണ് തോമസിന്റെ തേങ്ങാപ്പാല്‍ ചികിത്സയ്ക്കു പുരസ്‌കാരം ലഭിച്ചത്.

ലോകത്തില്‍ ആദ്യമായാണ് തേങ്ങാപ്പാലില്‍നിന്ന് തൈരുണ്ടാക്കാനുള്ള സാങ്കേതികവിദ്യ രൂപപ്പെട്ടിട്ടുള്ളതെന്നു ഭക്ഷ്യ, കാര്‍ഷിക വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. 

ഇതിനിടെ മൈസൂരുവിലുള്ള സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് അനലിറ്റിക്കല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയില്‍ നിന്ന് തേങ്ങാപ്പാല്‍ തൈരിന്റെ ഘടക പരിശോധനാ റിപ്പോര്‍ട്ടും ലഭ്യമാക്കിയിട്ടുണ്ട്. 

കണ്ണൂര്‍ ജില്ല കേന്ദ്രമാക്കി തേങ്ങാപ്പാല്‍ തൈരുത്പാദനത്തിനും പരിശീലനത്തിനുമായി ഒരു സ്ഥാപനം തുടങ്ങി സംസ്ഥാനത്തുടനീളം നിര്‍മാണ വിപണന യൂണിറ്റുകള്‍ വിഭാവനം ചെയ്യുന്ന പ്രോജക്ട് തയാറാക്കി കണ്ണൂര്‍ ആത്മയില്‍ സമര്‍പ്പിച്ചു കാത്തിരിക്കുകയാണു തോമസ്. 

ചെമ്പേരിക്കടുത്ത് പുറഞ്ഞാണില്‍ തോമസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഉരുവന്‍പച്ച സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്രമേഹരോഗികള്‍ക്കു സൗജന്യ തൈരു ചികിത്സ ലഭ്യമാക്കിവരുന്നതായും തോമസ് അറിയിച്ചു. ഫോണ്‍: 9400913172.
Click here
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.