Latest News

ഗതാഗതക്കുരുക്കില്‍പ്പെട്ടു മന്ത്രി, വേദിയിലെത്തിയതു ബൈക്കില്‍

തലശേരി: [www.malbarflash.com] പൈലറ്റ് വാഹനവും പോലീസ് അകമ്പടിയുമില്ലാതെ മന്ത്രി കെ.സി. ജോസഫ് ഒരു മണിക്കൂര്‍ തലശേരി നഗരത്തില്‍ വട്ടംകറങ്ങി. ഒടുവില്‍ ഔദ്യോഗിക വാഹനത്തില്‍നിന്ന് ഇറങ്ങിയ മന്ത്രി പരിപാടി നടക്കുന്നിടത്തേക്കു കാല്‍നടയായി പോയി. 

ആള്‍ക്കൂട്ടത്തില്‍ ഒരാളായി മന്ത്രി നടന്നുനീങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ മന്ത്രിക്കു ലിഫ്റ്റ് നല്‍കിയാണു സമ്മേളനവേദിക്കടുത്ത് എത്തിച്ചത്. ജവഹര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തലശേരി പഴയ ബസ്സ്റ്റാന്‍ഡിലെ കായ്യത്ത് റോഡിലുള്ള കനക് റസിഡന്‍സിയില്‍ സംഘടിപ്പിച്ച സികെജി അനുസ്മരണപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണു മന്ത്രി ഗതാഗതക്കുരുക്കില്‍പ്പെട്ടത്.

വെളളിയാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം. 3.15ന് തലശേരിയിലെത്തിയ മന്ത്രി ചടങ്ങു നടന്ന വേദിയിലെത്തുമ്പോള്‍ 4.15 ആയി. ബൈക്കിന്റെ പുറകിലിരുന്നു മന്ത്രി സമ്മേളനസ്ഥലത്തേക്കു വരുന്നതു കണ്ട പോലീസും സംഘാടകരും അമ്പരന്നു. മന്ത്രിയെ കാത്തു വേദിക്കു മുന്നിലുണ്ടായിരുന്ന തലശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ എം.അനിലിന്റെയും സംഘത്തിന്റെയും അമ്പരപ്പ് അല്പസമയത്തിനകം ആശങ്കയിലേക്കു വഴുതിമാറുകയും ചെയ്തു.

പാലക്കാട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷമാണു മന്ത്രി തലശേരിയില്‍ എത്തിയത്. എസ്‌കോര്‍ട്ടായി എ.ആര്‍ ക്യാമ്പിലെ പോലീസ് ജീപ്പുമുണ്ടായിരുന്നു. എസ്‌കോര്‍ട്ട് ജീപ്പിനു മന്ത്രിയുടെ കാറിനൊപ്പം എത്താനായില്ല. ന്യൂമാഹിയില്‍നിന്നു തലശേരി പോലീസാണു പൈലറ്റായി വരേണ്ടിയിരുന്നത്. എന്നാല്‍, എസ്‌കോര്‍ട്ട് വാഹനം മന്ത്രിയുടെ കാറിന്റെ പിന്നിലാകുകയും പൈലറ്റ് വാഹനം എത്താതാകുകയും ചെയ്തതോടെ മന്ത്രിയുടെ വാഹനം വഴിയറിയാതെ നഗരത്തിരക്കില്‍ കുടുങ്ങി. 

ഏറെ സമയം കഴിഞ്ഞിട്ടും കുരുക്കഴിയാത്തതിനെത്തുടര്‍ന്നാണ് മന്ത്രി കാറില്‍നിന്നിറങ്ങി നടക്കാന്‍ തീരുമാനിച്ചത്. സുരക്ഷാവീഴ്ചയുടെ പേരില്‍ നടപടി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ പോലീസ്.
Click here
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.