Latest News

എന്‍ഡോസള്‍ഫാനെ തോല്പിച്ച ശ്രുതിക്ക് ഇനി ഡോക്ടറാവാം

കാസര്‍കോട്: [www.malabarflash.com] ജനിക്കുംമുമ്പുതന്നെ ജീവിതത്തിനുമേല്‍ കരിനിഴല്‍വീഴ്ത്തിയ എന്‍ഡോസള്‍ഫാനെ അസാമാന്യമായ ഇച്ഛാശക്തികൊണ്ട് പരാജയപ്പെടുത്തിയ ടി.ശ്രുതിക്ക് ആഗ്രഹിച്ചതുപോലെ ഡോക്ടറാവാം.

തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഡോ. വൈ.എസ്.മോഹന്‍കുമാറിനെപ്പോലെ സാധാരണക്കാരുടെ കണ്ണീരൊപ്പാന്‍. കര്‍ണാടക ഗവണ്‍മെന്റിന്റെ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ വിജയിച്ച്‌ ബെംഗളൂരു ഗവ. ഹോമിയോ മെഡിക്കല്‍ കോളേജില്‍ പ്രവേശനംനേടിയിരിക്കുകയാണ് ശ്രുതി.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍തോട്ടങ്ങളില്‍ വര്‍ഷിച്ച എന്‍ഡോസള്‍ഫാന്റെ ഇരയെന്നനിലയില്‍ ലോകമെങ്ങും നടുക്കത്തോടെകണ്ട ചിത്രങ്ങളിലൊന്ന് ശ്രുതിയുടേതായിരുന്നു. വലതുഭാഗത്ത് ചലനശേഷിയില്ലാത്ത കൊച്ചു കാലും വലതു കൈപ്പടം നെടുകെപ്പിളര്‍ന്ന രൂപത്തില്‍ രണ്ടുവിരലും. ഇടതുൈകയില്‍ നാലുവിരലുമായി എന്‍ഡോസള്‍ഫാന്‍ ഭീകരതയുടെ നേര്‍ചിത്രമായി ഇന്റര്‍നെറ്റിലൂടെ ലോകമെങ്ങും കണ്ട ചിത്രം. മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജ് പകര്‍ത്തിയ ആ ചിത്രം കൂടി ഉള്‍പ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബ്രസീല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്.

ശ്രുതിക്ക് മൂന്നുവയസ്സുള്ളപ്പോഴാണ് എന്‍ഡോസള്‍ഫാന്റെ ഇരയായി ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് അമ്മ മീനാക്ഷി മരിച്ചത്. വാണിനഗറിലെ കുടിലില്‍ അച്ഛന്‍ കൂലിപ്പണിക്കാരനായ താരാനാഥറാവുവും രണ്ടാനമ്മ രേവതിയും ശ്രുതിയെ ചികിത്സിക്കാന്‍തന്നെ വഴികാണാതെ പ്രയാസപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ഭീകരതയെക്കുറിച്ച് ലോകത്തെ അറിയിച്ചവരിലൊരാളായ ഡോ. വൈ.എസ്.മോഹന്‍കുമാര്‍ ഒരു ദേവദൂതനെപ്പോലെ ആ വീട്ടിലേക്ക് കടന്നുവന്നു. സ്വന്തം മകളെപ്പോലെ ഡോക്ടര്‍ ശ്രുതിക്ക് വാത്സല്യം നല്കുകയും നാലുവിരലുള്ള ഇടതുൈകയില്‍ പേനപിടിപ്പിച്ച് കന്നടയിലെ അക്ഷരമാല എഴുതിച്ച് പഠിപ്പിക്കുകയുംചെയ്തു. കുട്ടിക്ക് പഠനത്തില്‍ നല്ല താത്പര്യമുണ്ടെന്നും സാധാരണയില്‍ കവിഞ്ഞ ബുദ്ധിശക്തിയുണ്ടെന്നും തിരിച്ചറിഞ്ഞ ഡോക്ടര്‍ അവളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചു.



Keywords: Kasaragod News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.