Latest News

അത്ഭുതം, ആകാശത്തോളം; ചാന്ദ്രദിനത്തില്‍ അരയി സ്‌കൂളില്‍ കുടുംബസംഗമം

കാഞ്ഞങ്ങാട്: [www.malabarflash.com] നാടെങ്ങും കുടുംസംഗമം കെങ്കേമമായി കൊണ്ടാടുമ്പോള്‍ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി അരയി ഗവ.യുപി സ്‌കൂളില്‍ ഒരുക്കിയ കുടുംബസംഗമം വേറിട്ട അനുഭവമായി. സൗരയൂഥ കുടുംബത്തിലെ കാരണവരായ സൂര്യനോടൊപ്പം, കുടുംബത്തിലെ മറ്റ് അംഗങ്ങളും ഒന്നൊന്നായി അണി നിരന്നപ്പോള്‍ കുട്ടികളുടെ അത്ഭുതം ആകാശത്തോളം ഉയര്‍ന്നു. 

കാലഭേദമില്ലാതെ ശാസ്ത്രജ്ഞരേയും, കവികളേയും ഒരുപോലെ ആകര്‍ഷിച്ച ആകാശത്തിലെ അത്ഭുതഗോളങ്ങള്‍ക്ക് അരയി ഗവ.യുപി സ്‌കൂള്‍ ശാസ്ത്രവേദി ഒരുക്കിയ സ്വീകരണത്തിന്റെ ഭാഗമായിട്ടാണ് അപൂര്‍വ്വമായ ഈ കുടുംബസംഗമം നടന്നത്.
നഗ്നനേത്രം കൊണ്ട് നോക്കാന്‍ കഴിയാത്ത സൂര്യനെ അടുത്ത് കണ്ടപ്പോള്‍ കുരുന്നുകള്‍ക്ക് വിസ്മയം. സൗരയൂഥ കുടുംബത്തില്‍ നിന്ന് 2006ല്‍ പുറത്താക്കിയ പ്ലൂട്ടോ സംഗമത്തിന് എത്തിച്ചേര്‍ന്നെങ്കിലും വിവാദങ്ങള്‍ക്ക് വഴി വെക്കേണ്ടെന്ന് കരുതി ഉള്‍പ്പെടുത്തിയില്ല. സൂര്യന്റെ അടുത്ത ഗ്രഹമായ ബുധനാണ് സംഗമത്തിന് ആദ്യമായെത്തിയത്. 

വലയങ്ങള്‍ക്കൊണ്ട് സുന്ദരിയായ ശനിയെക്കാണാന്‍ കുടുംബക്കാരെല്ലാം തിരക്ക് കൂട്ടുന്നത് കാണാമായിരുന്നു. ചുവന്ന ഗ്രഹമായ ചൊവ്വയും, പ്രഭാത നക്ഷത്രമെന്നറിയപ്പെടുന്ന ശുക്രനും നേരത്തെ എത്തി. സൂര്യനെക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം പുറത്ത് വിടുന്ന ഗ്രഹമെന്ന അഹങ്കാരത്തോടെയായിരുന്നു നെപ്റ്റിയൂണിന്റെ വരവ്. ഭൂമിയുടെ അരുമയായ ഉപഗ്രഹം ചന്ദ്രനായിരുന്നു സംഗമത്തിലെ വിശിഷ്ടാതിഥി. ക്ഷുദ്ര ഗ്രഹങ്ങളും സംഗമത്തിനെത്തിയെങ്കിലും ആരും അത്ര ഗൗനിച്ചില്ല. 

മിഥുന്‍രാജ്, അനുശ്രീ, അഭിനന്ദ്, കൃപാകൃഷ്ണന്‍, പി.ആദര്‍ശ്, കെ.ആദിത്യന്‍, കെ.ആദര്‍ശ്, കെ.ദേവിക, സ്‌നേഹമോള്‍, അഫ്‌സല്‍, പി.ദേവിക എന്നിവരാണ് സൗരയൂഥത്തിലെ കുടുംബാംഗങ്ങളുടെ വേഷമണിഞ്ഞത്. 

പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എസ്.സി.റഹ്മത്ത് അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ വി.വിജയകുമാരി, എ.വി.ഹേമാവതി, പി.ബിന്ദു, കെ.വനജ, കെ.വി.സൈജു, ടി.വി.സവിത, ടി.വി.ഷീബ, പി.പി.രസ്‌ന, എ.സുധീഷ്ണ, വി.എ.മായ എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.