Latest News

കാസര്‍കോട് ബൈക്കില്‍ ബസിടിച്ച് യുവതി മരിച്ചു

കാസര്‍കോട്: [www.malabarflash.com] ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതി സ്വകാര്യ ബസിടിച്ച് മരിച്ചു. അണങ്കൂര്‍ ബെദിരയിലെ ഹനീഫയുടെ ഭാര്യ റസിയ(27)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം.

അണങ്കൂര്‍ ഭാഗത്ത് നിന്ന് കാസര്‍കോട് ടൗണിലേക്ക് ബൈക്കില്‍ വരുമ്പോള്‍ അമിത വേഗതയില്‍ വന്ന കാസര്‍കോട്-നീര്‍ച്ചാല്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡില്‍ വീണ യുവതിയുടെ ദേഹത്ത് ഇതേ ബസ് കയറിയിറങ്ങി. അപകടത്തില്‍ ഭര്‍ത്താവ് ഹനീഫക്കും മകന്‍ അമീനും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അപകടംവരുത്തിയ ബസ് നിര്‍ത്താതെ മുന്നോട്ട് പോയതില്‍ രോഷാകുലരായ നാട്ടുകാര്‍ ബസിന്റെ മുന്‍വശത്തെ ഗ്ലാസ് അടിച്ചുതകര്‍ത്തു. ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസുകാര്‍ എത്തി ആള്‍ക്കൂട്ടത്തെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു.
രണ്ട് മാസം മുമ്പാണ് ഹനീഫ ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയത്. അണങ്കൂരിലെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് നടന്നത്.

വിദ്യാനഗര്‍ പഴയ കോപ്പയിലെ പരേതനായ ഇബ്രാഹിം-ദൈനബി ദമ്പതികളുടെ മകളാണ്. മകള്‍: ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി (മസ്‌ക്കത്ത്), ഹാരിസ്, ഖദീജ, അനീസ. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
UPDATE



Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.