Latest News

കുവൈത്തില്‍ മലയാളികളെ വധിച്ച് കവര്‍ച്ച: ഒന്നാം പ്രതിക്ക് വധശിക്ഷ

കുവൈത്ത്: [www.malabarflash.com] കുവൈത്തില്‍ രണ്ടു മലയാളികളെ വെടിവച്ചുകൊന്ന് പണം കവര്‍ന്ന കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. രണ്ടാം പ്രതിക്ക് പത്തു വര്‍ഷം തടവും മറ്റു രണ്ടു പേര്‍ക്ക് 500 ദിനാര്‍ വീതം പിഴയുമാണ് ശിക്ഷ.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നാണ് അല്‍ മുല്ല സെക്യൂരിറ്റി കമ്പനി ജീവനക്കാരായിരുന്ന കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ശാങ്ധരന്‍, മലപ്പുറം കൊളത്തൂര്‍ സ്വദേശി റാഷിദ് തങ്ങള്‍ എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയത്. ഒന്നാം പ്രതിയും കുവൈത്തില്‍ പൗരത്വമില്ലാത്ത ബിദുനി വിഭാഗത്തില്‍ പെട്ട 21കാരനാണ് കോടതി വധശിക്ഷ വിധിച്ചത്. 17 വയസുള്ള സിറിയന്‍ പൗരനായ രണ്ടാം പ്രതിക്ക് പത്തു വര്‍ഷം തടവു ശിക്ഷ വിധിച്ചു. കൊലപാതകത്തില്‍ നേരിട്ടു പങ്കില്ലെന്ന് കണ്ടെത്തിയ മൂന്നും നാലും പ്രതികള്‍ 500 ദിനാര്‍ വീതം പിഴ ഒടുക്കണം. വിവിധ കമ്പനികളില്‍ നിന്ന് പണം ശേഖരിച്ച് ബാങ്കില്‍ എത്തിക്കുന്ന സെക്യൂരിറ്റി കമ്പനിയുടെ ജീവനക്കാരായിരുന്നു കൊല്ലപ്പെട്ട ശാങ്ധരനും റാഷിദ് തങ്ങളും.

സുലൈബിയ പച്ചക്കറി മാര്‍ക്കറ്റിലെ ഒരു സ്ഥാപനത്തില്‍നിന്ന് ശേഖരിച്ച പണവുമായി വാഹനത്തിലേക്ക് വരുന്നതിനിടെ ഇവര്‍ക്കുനേരെ അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന 13,000 ദിനാര്‍ പ്രതികള്‍ കവര്‍ന്നു. 

മോഷ്ടിച്ച വാഹനത്തിലെത്തിയാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. ശാങ്ധരന്‍ സംഭവസ്ഥലത്തും റാഷിദ് തങ്ങള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യെയും മരിച്ചു. സംഭവം നടന്നു രണ്ടു ദിവസത്തിനകം തന്നെ പ്രതികളെ അവരുടെ താമസസ്ഥലത്തുവച്ച് പൊലീസ് പിടികൂടിയിരുന്നു.
Advertisement

Keywords: Gulf News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.