Latest News

ട്രെയിനില്‍ നിന്ന് റയില്‍വേ പൊലീസ് തള്ളിയിട്ട ഫെന്‍സിങ് താരം മരിച്ചു

ന്യൂഡല്‍ഹി: [www.malabarflash.com] ട്രെയിനില്‍ നിന്ന് റയില്‍വേ പൊലീസ് തള്ളിയിട്ട ദേശീയ ഫെന്‍സിങ് താരം ഹോഷിയാര്‍ സിങ് മരിച്ചു. മഥുരയില്‍ നിന്ന് സ്വന്തം നാടായ കസ്ഗഞ്ചിലേക്കുള്ള മടക്കയാത്രയിലാണ് അപകടം നടന്നത്. ഭാര്യയെയും അമ്മയെയും വനിതാ കംപാര്‍ട്ട്‌മെന്റില്‍ കയറ്റി ജനറല്‍ കോച്ചിലാണ് സിങ് യാത്രചെയ്തത്. ഭാര്യയെ കാണാനായി വനിതാ കംപാര്‍ട്ട്‌മെന്റില്‍ എത്തിയ സിങ്ങിനെ വാഗ്വാദത്തെ തുടര്‍ന്ന് റയില്‍വേ പൊലീസ് പുറത്തേക്കു തള്ളുകയായിരുന്നു.

ഭാര്യയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ വിളിച്ചിട്ടാണ് ഹോഷിയാര്‍ സിങ് വനിതാ കംപാര്‍ട്ട്‌മെന്റിലെത്തിയത്. വനിതാ കംപാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കണമെങ്കില്‍ സിങ് 200 രൂപ പിഴയടയ്ക്കണമെന്ന് റയില്‍വേ പൊലീസ് ആവശ്യപ്പെട്ടു. ഇതിനു വിസ്സമ്മതിച്ചപ്പോള്‍ പൊലീസുകാരുമായി വാഗ്വാദം ഉണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ പൊലീസുകാര്‍ സിങ്ങിനെ ട്രെയിനിനു പുറത്തേക്കു വലിച്ചെറിയുകയായിരുന്നു.

ഭര്‍ത്താവിനെ അവര്‍ തള്ളിയിടുകയായിരുന്നുവെന്ന് സിങ്ങിന്റെ ഭാര്യ പറഞ്ഞു. കൊലപാതകക്കുറ്റത്തിനു റയില്‍വേ പൊലീസിനെതിരെ കേസെടുക്കണമെന്ന് സിങ്ങിന്റെ കുടുംബം ആവശ്യപ്പെട്ടു. അതേസമയം, താരം കാല്‍വഴുതി വീഴുകയായിരുന്നുവെന്ന് റയില്‍വേ പൊലീസ് അറിയിച്ചു. വെള്ളം കുടിച്ച ശേഷം തിരികെ വന്നപ്പോള്‍ കാല്‍വഴുതുകയായിരുന്നെന്നും എന്നാല്‍ ആരോ തള്ളിയിട്ടതാണെന്നാണ് കുടുംബം ആരോപിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, 2011ല്‍ ദേശീയ വോളിബോള്‍ താരം അരുണിമ സിങ്ങിനെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് റയില്‍വേ പൊലീസ് തള്ളിയിട്ട സംഭവമുണ്ടായിരുന്നു. അപകടത്തില്‍ അരുണിമയ്ക്ക് വലതുകാല്‍ നഷ്ടപ്പെട്ടിരുന്നു.
Advertisement

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.