ഉദുമ: [www.malabarflash.com] പളളിക്കര മുക്കൂട് സ്വദേശിയും പാലക്കുന്ന് കണ്ണംകുളം പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ ഷാഹുല്‍ ഹമീദിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ലുക്കൗട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ന്യൂദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയ പാക്യാര സ്വദേശി ഷാഹിദിനെ തിഹാര്‍ ജയിലിലടച്ചു.
എമിഗ്രേഷന്‍ വിഭാഗം ഷാഹിദിനെ ദല്‍ഹി എയര്‍പോര്‍ട്ട് പോലീസിന് കൈമാറിയിരുന്നു. എയര്‍പോര്‍ട്ട് പോലീസ് യുവാവിനെ അവിടെ കോടതിയില്‍ ഹാജരാക്കുകയും കോടതി യുവാവിനെ റിമാന്റ് ചെയ്ത് തിഹാര്‍ ജയിലിലേക്ക് അയക്കുകയുമായിരുന്നു. ഷാഹിദ്, ഷാഹുല്‍ ഹമീദ് വധക്കേസിലെ പ്രതിയാണെന്ന് തെളിയിക്കാന്‍ എമിഗ്രേഷന്‍ വിഭാഗത്തിന് നേരത്തെ ലഭിച്ച ലുക്കൗട്ട് സര്‍ക്കുലറാണ് ദല്‍ഹി എയര്‍പോര്‍ട്ട് പോലീസ് കോടതിയില്‍ ഹാജരാക്കിയത്.
ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ, പി.നാരായണനും സംഘവും ദല്‍ഹിയിലുണ്ട്. ഷാഹിദിനെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ബേക്കല്‍ എസ്.ഐ ഇതിനുവേണ്ടി ട്രാന്‍സിസ്റ്റ് വാറണ്ട് ലഭിക്കാന്‍ ദല്‍ഹി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.
ഹമീദ് വധത്തെത്തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന ഷാഹിദ് ഗള്‍ഫിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പില്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്. ഈ കേസില്‍ ഇനി മൂന്ന് പേരെ കൂടി പിടികിട്ടാനുണ്ട്.
ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്‍, ബേക്കല്‍ പ്രിന്‍സിപ്പള്‍ എസ് ഐ പി നാരായണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാക്യാരയിലും പരിസരത്തും വ്യാപകമായ തിരച്ചിലും അന്വേഷണവും നടത്തി വരുന്നതിനിടയിലാണ് ഒരു പ്രതി ദല്‍ഹിയില്‍ പിടിയിലാകുന്നത്.
മെയ് 11 ന് തിങ്കളാഴ്ച രാത്രി ബന്ധുവിന്റെ മരണ വീട്ടിലേക്ക് സഹോദരന്‍ ബാദുഷയോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഷാഹുല്‍ ഹമീദിനെ ഗ്രീന്‍വുഡ് പബ്ലിക് സ്‌കൂള്‍ പരിസരത്ത് റോഡില്‍ തടഞ്ഞ് നിര്‍ത്തി എട്ടംഗ സംഘം തടക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബാദുഷയും അക്രമത്തിനിരയായി.
No comments:
Post a Comment