Latest News

റെയില്‍പ്പാളത്തില്‍ മൂന്നിടത്തു തടസങ്ങളുണ്ടാക്കിയ പ്രതി പിടിയില്‍

ചിങ്ങവനം:[www.malabarflash.com] വ്യാഴാഴ്ച രാത്രി കോട്ടയം ചിങ്ങവനത്തിനു സമീപം റെയില്‍പ്പാളത്തില്‍ മൂന്നിടത്തു തടസങ്ങള്‍ വച്ചു പോലീസിനേയും നാട്ടുകാരേയും റെയില്‍വേ അധികൃതരെയും ഭീതിയിലാഴ്ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പൂവന്‍തുരുത്ത് സ്വദേശി ദീപു കെ. തങ്കപ്പനാണു (35) പിടിയിലായത്. മാനസികരോഗിയെന്നു ബന്ധുക്കള്‍ വെളിപ്പെടുത്തുന്ന ഇയാളെ വെളളിയാഴ്ച വൈകുന്നേരം എറണാകുളത്തുനിന്നാണ് പോലീസ് പിടികൂടിയത്. ദീപുവിന്റെ വീട്ടില്‍ പരിശോധന നടത്തിയ ചിങ്ങവനം പോലീസിനു കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല.

പൂവന്‍തുരുത്ത് ഓവര്‍ബ്രിഡ്ജിനുസമീപം താമസിക്കുന്ന ദീപു ഇലക്‌ട്രോണിക്‌സ് ബിരുദധാരിയാണ്. വെളളിയാഴ്ച പുലര്‍ച്ചയോടെ ഒളിവില്‍പ്പോയ പ്രതിയുടെ ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കി സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തുനിന്നും പിടിയിലായത്. പിതാവും അമ്മയും മുത്തശ്ശിയും സഹോദരിയും അടങ്ങിയ കുടുംബമാണു ദീപുവിന്റേത്. വെളളിയാഴ്ച പുലര്‍ച്ചെ പോലീസ് സംഘത്തിനോടൊപ്പം എത്തിയ ചിങ്ങവനം റെയില്‍വേ സ്റ്റേഷനിലെ ഗ്യാംഗ് മേസ്തിരി സത്യനോട് ദീപുവിന്റെ അമ്മ ‘എന്റെ മകന്റെ ബൈക്ക് ട്രെയിനിടിച്ചു നശിപ്പിച്ചു’ എന്നു പറഞ്ഞതാണു പ്രതിയെ പറ്റി പോലീസിനു ലഭിച്ച ഏകസൂചന.

വ്യാഴാഴ്ച രാത്രി മൂലേടം ഓവര്‍ ബ്രിഡ്ജിനടിയില്‍നിന്ന് ഇയാള്‍ ബൈക്കില്‍ കയറി ട്രാക്കിലെ മെറ്റല്‍ക്കൂനയിലും പാളത്തിലുംകൂടി സാഹസികമായി ഒന്നര കിലോമീറ്റര്‍ ബൈക്ക് ഓടിച്ചു പൂവന്‍തുരുത്ത് ഓവര്‍ബ്രിഡ്ജിനടിയില്‍ ട്രാക്കിനു കുറുകെവയ്ക്കുകയായിരുന്നു. രാത്രി 10.28ന് തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്കു പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ് ബൈക്കിടിച്ചു തെറിപ്പിച്ചു ഛിന്നഭിന്നമാക്കി. മൂലേടം ഭാഗത്തുനിന്ന് ആരോ റെയില്‍ പാളം വഴി ബൈക്ക് ഓടിച്ചുപോകുന്നതായി റെയില്‍വേ അധികൃതര്‍ക്കു വിവരം ലഭിച്ചതിനു പിന്നാലെയാണ് ബൈക്കില്‍ ട്രെയിന്‍ ഇടിച്ചത്. ട്രെയിനിടിച്ചു നിരങ്ങിനീങ്ങിയ ബൈക്കില്‍ ഒരും ടയറും അല്പം ഇരുമ്പുകഷണങ്ങളും മാത്രമാണ് അവശേഷിച്ചത്. സംഭവമറിഞ്ഞ് ചിങ്ങവനം എസ്‌ഐ കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള പോലീസും റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ കെ.ജി. ബാബുവും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്നു മലബാര്‍ എക്‌സ്പ്രസ് അരമണിക്കൂറോളം അവിടെ പിടിച്ചിട്ടു.

റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ കെ.ജി. ബാബു പരിശോധന നടത്തി മടങ്ങിയെത്തുമ്പോള്‍ ഇദ്ദേഹം എത്തിയ മാരുതി ഓള്‍ട്ടോ കെ10 കാര്‍ പൂവന്‍തുരുത്ത് ഓവര്‍ബ്രിഡ്ജിനു മുകളില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. മുന്‍വശത്തെ ഗ്ലാസ് തകര്‍ക്കുകയും മൂന്നു ടയറുകള്‍ പഞ്ചറാക്കുകയും ചെയ്തിരുന്നു. വൈപ്പറുകളും കേടുവരുത്തിയിരുന്നു. അജ്ഞാതനായ ഒരാള്‍ മേല്‍പ്പാലത്തില്‍ നില്‍ക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇതിനുശേഷം 2.30ന് അമൃത എക്‌സ്പ്രസ് കടന്നുപോകുമ്പോള്‍ പാളത്തില്‍നിന്നു എന്തോ തട്ടിയ ശബ്ദം കേട്ടുവെന്ന് ലോക്കോ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതോടെ റെയില്‍വേ സംഘം വീണ്ടും എത്തി. പരിശോധനയില്‍ ചാന്നാനിക്കാട് മേല്‍പാലത്തിനുസമീപം ട്രാക്കില്‍ സോണിയുടെ പഴയ വീഡിയോ കാമറ, ഏതാനും ഇലക്ട്രിക് ബോര്‍ഡുകള്‍, വയറുകള്‍ എന്നിവയും കാണപ്പെട്ടു. ട്രെയിന്‍ കടന്നുപോയശേഷം വയറും മറ്റു ബോംബെന്ന തോന്നിക്കുന്ന രീതിയില്‍ സ്ഥാപിച്ചതായും കണ്ടെത്തി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ റെയില്‍വേയുടെ ഇലക്ട്രിക് ലൈനിലേക്കു ചേമ്പും മറ്റും പറിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു പോലീസും റെയില്‍വേ ഇലക്ട്രിക് അധികൃതരും എത്തി തടസങ്ങള്‍ മാറ്റിയപ്പോഴേയ്ക്കും സമയം പുലര്‍ച്ചെ 4.25 ആയി.

ഈസമയം ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് ചിങ്ങവനം സ്‌റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെനിന്നു റെയില്‍വേ അധികൃതര്‍ കോടിമതയില്‍ മടങ്ങിയെത്തിയപ്പോള്‍ വീണ്ടും ഫോണ്‍ സന്ദേശം എത്തി, ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് കടന്നുപോയപ്പോള്‍ എന്തോ പ്രശ്‌നമുണ്ടായെന്നായിരുന്നു റിപ്പോര്‍ട്ട്. പരിശോധനയില്‍ റെയില്‍വേ ട്രാക്കില്‍ പാറക്കല്ലുകളും സര്‍വേക്കല്ലും കണെ്ടത്തി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.