Latest News

കോടതി അഭയകേന്ദ്രത്തിലേക്കു വിട്ട യുവതിയെ തട്ടിക്കൊണ്ടു പോയ ഒന്‍പതുപേര്‍ അറസ്റ്റില്‍

കൊച്ചി: [www.malabarflash.com] ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതി താത്കാലികമായി അഭയകേന്ദ്രത്തിലേക്ക് അയച്ച യുവതിയെ തട്ടിക്കൊണ്ടുപോയതിനു മാതാപിതാക്കള്‍ ഉള്‍പ്പെടെ ഒന്‍പതു പേരെ പോലീസ് പിടികൂടി.

യുവാവിനൊപ്പം വീടുവിട്ട മകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു കോഴിക്കോട് ബാലുശേരി കൈരളി റോഡ് നെല്ലുങ്കല്‍ മനോഹരന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരായ യുവതിയെ താത്കാലികമായി വടുതല ശാന്തിനികേതനില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ട കോടതി കേസ് സെപ്റ്റംബര്‍ ഒമ്പതിലേക്കു മാറ്റി. ഇതിനിടെ ശനിയാഴ്ചയാണു ശാന്തിനികേതനില്‍നിന്നു യുവതിയെ തട്ടിക്കൊണ്ടുപോയത്.

വടുതല ശാന്തിനികേതന്‍ അധികൃതരുടെ പരാതിയിലാണ് മനോഹരന്‍ (59), ഭാര്യ ഷീല (48), മനോഹരന്റെ ബന്ധു ബാലുശേരി നന്മണ്ട തൊട്ടുകടവത്ത് അംശുതന്‍ (24), നന്മണ്ട കിളിയാനക്കൊണ്ടി വീട്ടില്‍ വിഷ്ണു (22), മൂത്തകുന്നം കൈമഠത്തില്‍ സ്വരാജ് (29), ബാലുശേരി പൊതിയോത്ത് മീത്തല്‍ സുജിത്ത് (37), സുല്‍ത്താന്‍ ബത്തേരി അനിത ക്വാര്‍ട്ടേഴ്‌സില്‍ പി.പി. റിലേഷ് (32), ബാലുശേരി പൊടിക്കോത്ത് ധനേഷ്‌കുമാര്‍ (24), തലശേരി മീത്തല്‍ മഞ്ജുള്‍ (30) എന്നിവരെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിയെ തട്ടിക്കൊണ്ടുപോകുന്നതു തടയാന്‍ ശ്രമിച്ച ശാന്തിനികേതന്‍ സെക്രട്ടറി ഷേര്‍ളി, ഇവരുടെ ഭര്‍ത്താവും അസിസ്റ്റന്റ് വാര്‍ഡനുമായ സന്തോഷ്‌കുമാര്‍ എന്നിവരെ സംഘം മര്‍ദിച്ചതായും പരാതിയുണ്ട്.

സുജിത്തിന്റെ ടവേര വാനിലെത്തിയ സംഘം വാഹനം പുറത്തുനിര്‍ത്തി അകത്തുകടന്നു യുവതിയെ ബലംപ്രയോഗിച്ചു പുറത്തെത്തിക്കുകയായിരുന്നു. ഷേര്‍ളി വിവരമറിയിച്ചതനുസരിച്ചു നോര്‍ത്ത് പോലീസ് കണ്‍ട്രോള്‍ റൂം വഴി മറ്റു സ്റ്റേഷനുകളിലേക്കു സന്ദേശം കൈമാറി. വരാപ്പുഴ ഭാഗത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന ചേരാനല്ലൂര്‍ പോലീസ് വാഹനം തിരിച്ചറിയുകയും സംഘത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മൂന്നുപേര്‍ വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിയെങ്കിലും ഇവരെ പോലീസ് പിന്തുടര്‍ന്നു പിടികൂടി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.