Latest News

കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ക്ക് ദേശീയ അധ്യാപക അവാര്‍ഡ്

കാഞ്ഞങ്ങാട്: [www.malabarflash.com] മുപ്പത് വര്‍ഷത്തെ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനതലത്തില്‍ ശ്രദ്ധേയനായ അരയി ഗവ.യുപി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ക്ക് ഒടുവില്‍ ദേശീയ അംഗീകാരവുമെത്തി.

20 വര്‍ഷത്തോളം പുരസ്‌ക്കാരങ്ങളുടെ ലോകത്ത് നിന്ന് മാറി നിന്ന ഇദ്ദേഹം ഉദ്യോഗസ്ഥ മേധാവികളുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ആദ്യമായി നോമിനേഷന്‍ സമര്‍പ്പിച്ചത്. 

പ്രാദേശിക വിഭവങ്ങളുടെ സാര്‍ത്ഥകമായ വിനിയോഗത്തിലൂടെ ഗ്രാമീണ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമാക്കി മാറ്റുകയും സാധാരക്കാരായ കുട്ടികളുടെ പഠനമികവിന് വേണ്ടി ആത്മാര്‍ത്ഥമായ ഇടപെടലും പരിഗണിച്ചാണ് ഈ വര്‍ഷത്തെ ദേശീയ അധ്യാപക അവാര്‍ഡിന് കൊടക്കാട് നാരായണന്‍ മാസ്റ്ററെ തെരഞ്ഞെടുത്തത്.
ക്ലാസ്സ് മുറിയിലെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്തേതല്ല വിദ്യാഭ്യാസമെന്നും ക്ലാസ്സ്മുറി വിട്ട് പുറത്തേക്ക് വരികയും പ്രാദേശിക വിഭവങ്ങളിലൂടെ പഠനം മുന്നോട്ട് കൊണ്ട് പോകണമെന്നും തന്റെ അധ്യാപകവൃത്തിയിലൂടെ ഏവരെയും പഠിപ്പിക്കുന്ന കൊടക്കാട് മാഷ് വേറിട്ട വിദ്യാഭ്യാസ പ്രക്രിയയുടെ ജീവിക്കുന്ന പാഠപുസ്തകമാണ്. 

അധ്യാപകനായിരുന്ന കാലത്ത് കൊടക്കാട് ഗവ.വെല്‍ഫെയര്‍ യുപി സ്‌കൂളില്‍ തുടങ്ങിയ ഈ വ്യത്യസ്തതയാര്‍ന്ന വിദ്യാഭ്യാസചര്യ പ്രധാനാധ്യാപകനായി വളര്‍ന്നപ്പോഴും തുടര്‍ന്നു. തന്റെ പ്രവര്‍ത്തനവഴിയില്‍ പുതിയ അത്ഭുതങ്ങള്‍ ചമച്ച് കൊണ്ട് ഓരോ വിദ്യാലയവും വിദ്യാഭ്യാസ വിചക്ഷണരുടെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റുവാന്‍ അദ്ദേഹത്തിന് സാധിച്ചു. 

ഓരോ ഗ്രാമീണ വിദ്യാലയവും അതാത് ഗ്രാമീണര്‍ക്ക് ആശ്രയിക്കാന്‍ പറ്റുന്ന ഒരു കാരുണ്യകേന്ദ്രം കൂടിയാകണമെന്ന ആശയത്തിന്റെ വ്യത്യസ്തതയാര്‍ന്ന പൂര്‍ത്തീകരണമാണ് അരയി ഗവ.യുപി സ്‌കൂളിലെ ഒരുപിടി സാന്ത്വനം പദ്ധതി. സാമ്പത്തികം കുറവായതിന്റെ പേരില്‍ ഗുണനിലവാരമുള്ള നിഷേധിക്കപ്പെട്ട ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ജോലി ചെയ്യാനാണ് ഈ അധ്യാപകന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. 

പ്രധാനാധ്യപകനായി ആദ്യം നിയമിതനായ ഗവ.എല്‍പി സ്‌കൂള്‍ ചാത്തങ്കൈയില്‍ തുടക്കമിട്ട പുതുവര്‍ഷം പുതുവസന്തം പദ്ധതി വലിയ വിജയം കണ്ടു. കൂട്ടക്കനി കൂട്ടായ്മയും (ഗവ.യുപി സ്‌കൂള്‍ കൂട്ടക്കനി), ബാരയിലൊരായിരംമേനിയും (ഗവ.യുപി സ്‌കൂള്‍ ബാര), മുഴക്കോം: മികവിന്റെ മുഴക്കവും (ഗവ.യുപി സ്‌കൂള്‍ മുഴക്കോത്ത്), മൗക്കോട് മികവാണ് മുഖ്യവും (ഗവ.എല്‍പി സ്‌കൂള്‍ മൗക്കോട്) ഒടുവില്‍ അരയി ഗവ.യുപി തുടക്കമിട്ട വേറിട്ട വികസനപദ്ധതി അരയി ഒരുമയുടെ തിരുമധുരവും ജനപ്രതിനിധികളുടെയും വിദ്യഭ്യാസ ഉദ്യോഗസ്ഥരുടെയും പ്രശംസയ്ക്ക് പാത്രമായി.
ജനപ്രതിനിധികളെയും വിദ്യാഭ്യാസ സംസ്‌കാരിക പ്രവര്‍ത്തരെയും വിദ്യാലയത്തിലേക്ക് ആകര്‍ഷിച്ച് ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ വിട്ട് വീഴ്ചയില്ലാത്ത സമീപനമാണ് ഇദ്ദേഹം സ്വീകരിക്കുന്നത്. 

കൊടക്കാട് മാഷിന്റെ ഈ ഇടപെടല്‍ പരിഗണിച്ച് ജനപ്രതിനിധികളുടെ വിദ്യാലയ വികസനത്തിനുള്ള പ്രാദേശിക ഗ്രാന്റിന്റെ തുക വര്‍ദ്ധിപ്പിക്കുന്നതിനായി ഡല്‍ഹിയില്‍ വെച്ച് ചേര്‍ന്ന അവലോകന യോഗത്തില്‍ എം.പി ഫണ്ടിനോടൊപ്പം അത്ര തന്നെ തുക നാട്ടുകാരില്‍ നിന്ന് കത്തെി അരയി ഗവ.യുപി സ്‌കൂളില്‍ കാട്ടിയ മാതൃക പി.കരുണാകരന്‍ എംപി പേരെടുത്ത് പരാമര്‍ശിക്കുകയുായി. അതുവഴി രാജ്യത്തിന്റെ മുഴുവന്‍ എംപിമാര്‍ക്കും കൊടക്കാട് നാരായണന്‍ മാസ്റ്ററേയും അദ്ദേഹത്തിന്റെ വ്യത്യസ്തയാര്‍ന്ന പ്രവര്‍ത്തനങ്ങളെയും മനസ്സിലാക്കാന്‍ കഴിഞ്ഞു.
അണ്‍ എയ്ഡഡ് വിദ്യാലയങ്ങളോടുള്ള കര്‍ശന നിലപാട് മൂലം അദ്ദേഹം തന്റെ സ്വാധീന പ്രദേശങ്ങളിലെ മുഴുവന്‍ കുട്ടികളെയും പൊതുവിദ്യാലയങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ഊര്‍ജ്ജിത പരിശ്രമങ്ങള്‍ എല്ലാ സ്ഥലത്തും വിജയം കണ്ടു.
വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ദേശീയ വിദ്യാഭ്യാസ മേഖലയില്‍ ആശാവഹമായ പരിഷ്‌ക്കാരങ്ങള്‍ വരുത്താന്‍ നിയോഗിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം (എന്‍.സി.ഇ.ആര്‍.ടി), ഉന്നതതല സംഘം, പ്രശസ്ത മലയാള പണ്ഡിതന്‍ പ്രൊഫ.. കെ.പി.ശങ്കരന്റെ നേതൃത്വത്തില്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊടക്കാട് ഗവ.വെല്‍ഫെയര്‍ യുപി സ്‌കൂളില്‍ മൂന്ന് ദിവസം ക്യാമ്പ് ചെയ്ത് കൊടക്കാട് നാരായണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടക്കുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും അവ ഡിപിഇപി, എസ്എസ്എ പദ്ധതി ഉള്‍പ്പെടുത്തുമെന്നും അറിയിച്ച് കത്തയക്കുകയുണ്ടായി..

കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാസെക്രട്ടറി, കേന്ദ്ര നിര്‍വ്വാഹക സമിതിയംഗം, സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മിറ്റി, പാഠപുസ്തക പരിഷ്‌ക്കരണ കമ്മിറ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പാലക്കുന്ന് പാഠശാലയുടെ സെക്രട്ടറിയാണ്. 

കുടുംബം: ഭാര്യ: കെ.വിജയശ്രീ (വീട്ടമ്മ), മക്കള്‍: അരുണ്‍ വിജയ് നാരായണന്‍ (ഫാംഡി രാംവര്‍ഷ വിദ്യാര്‍ത്ഥി), വരുണ്‍ നാരായണന്‍ (ബഡ്‌സ് സ്‌കൂള്‍), 

പിതാവ്: പരേതനായ കൊട്ടുക്കര ശേഖരന്‍ നമ്പി. അമ്മ: പരേതയായ മുറക്കാട്ട് ദേവിയമ്മ.
വിദ്യാഭ്യാസം: ഓലാട്ട് എയുപി സ്‌കൂള്‍ കൊടക്കാട്, കേളപ്പജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ കൊടക്കാട്, എസ്എന്‍ടിടിഐ നീലേശ്വരം,




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.