Latest News

മുഹമ്മദ് നബിയുടെ ജീവിതം പകര്‍ത്തുന്ന ഇറാന്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി

തെഹ്റാന്‍: [www.malabarflash.com] പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം പകര്‍ത്തുന്ന മുഹമ്മദ്: ദൈവദൂതന്‍ എന്ന ഇറാനിയന്‍ സിനിമയുടെ സംഗീതം നിര്‍വഹിച്ചത് എ.ആര്‍. റഹ്മാന്‍. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ജനുവരിയില്‍ നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അതു വൈകുകയായിരുന്നു.

എന്നാല്‍, ഇറാനിലെ ചില തിയറ്ററുകളില്‍ ചിത്രത്തിന്റെ സ്വകാര്യ പ്രദര്‍ശനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 30 ലക്ഷം ഡോളര്‍ ചെലവഴിച്ച് അഞ്ചു വര്‍ഷത്തിലേറെ സമയമെടുത്താണ് ചിത്രം യാഥാര്‍ത്ഥ്യമായത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്.


ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന തെഹ്റാനിലെ ഫജ്ര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റിവലിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുവാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇതിന് എതിരെ ഈജിപ്തിലെ അല്‍ അസഹര്‍ സര്‍വകാലാശാലയിലെ പണ്ഡിതര്‍ അടക്കം രംഗത്തു വരികയും വിവിധ രാജ്യങ്ങളിലെ മുസ്ലിം സംഘടനകള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രദര്‍ശനം വൈകുകയായിരുന്നു.

പ്രവാചകന്റെ മുഖം ചിത്രീകരിക്കുന്നത് ഇസ്ലാം നിഷിദ്ധമായി കരുതുന്ന ഒന്നാണ്. അതിനാലാണ് പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍, ചിത്രത്തില്‍ പ്രവാചകന്റെ മുഖം കാണിക്കുന്നില്ല.

മുഹമ്മദ് നബിയുടെ ജീവിതത്തിലെ ആദ്യ കാലഘട്ടമാണ് പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഉള്ളടക്കം.

ഇറാന്‍ ഭരണകൂടവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മജീദ് മജീദി സുന്നി, ശിയാ പണ്ഡിതരുമായി ഏറെ കൂടിയാലോചനകള്‍ നടത്തിയശേഷം അഞ്ചു വര്‍ഷം എടുത്താണ് ചിത്രം തയ്യാറാക്കിയത്. ഇറാന്‍ സര്‍ക്കാറാണ് ചിത്രത്തിനു വേണ്ടി പണം മുടക്കുന്നത്. മുഹമ്മദ് നബിയുടെ ജീവിതം പകര്‍ത്തുന്ന ചിത്ര ത്രയത്തിലെ ആദ്യ സിനിമയാണിത്. ജനനം മുതല്‍ 12 വയസ്സുവരെയുള്ള പ്രവാചകന്റെ ജീവിതമാണ് ഈ സിനിമയിലുള്ളത്.

മുസ്തഫ അക്കാദ് സംവിധാനം ചെയ്ത 1976ലെ സിനിമ 'ദി മെസേജ്' ആണ് നേരത്തെ മുഹമ്മദ് നബിയുടെ ജീവിതം പകര്‍ത്തിയ ശ്രദ്ധേയമായ സിനിമ. പ്രവാചകന്റെ രൂപം കാണിച്ചില്ലെങ്കിലും ഈ ചിത്രം ഏറെ വിവാദങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഈ സിനിമയ്ക്ക് എതിരെ നേരത്തെ തന്നെ നിലപാട് എടുത്ത ആളാണ് മജീദ് മജീദി. ഈ സിനിമ പടിഞ്ഞാറന്‍ വീക്ഷണമാണ് വെച്ചുപുലര്‍ത്തുന്നതെന്നും ജിഹാദിനും യുദ്ധങ്ങള്‍ക്കുമാണ് ഇതില്‍ മുന്‍ഗണന നല്‍കുന്നതെന്നുമാണ് മജീദ് മജീദിയുടെ വിമര്‍ശനം.

ഈ സിനിമയില്‍നിന്ന് വ്യത്യസ്തമായി, ഇസ്ലാമിന്റെ യഥാര്‍ത്ഥ മുഖം ലോകത്തിന് വെളിവാക്കുന്നതാവും തന്റെ ചിത്രമെന്ന് മജീദ് മജീദി പറയുന്നു. ഇസ്ലാം മുന്നോട്ടു വെക്കുന്ന സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ദര്‍ശനമാണ് സിനിമയുടെ അകക്കാമ്പെന്നും അദ്ദേഹം പറയുന്നു.

മൂന്ന് തവണ ഓസ്കര്‍ അവാര്‍ഡ് നേടിയ വിഖ്യാത ഇറ്റാലിയന്‍ ഛായാഗ്രാഹകന്‍ വിറ്റോറിയോ സ്റോറാറോ ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ഇരുട്ടും വെളിച്ചവും ചേര്‍ന്ന നിരവധി കോംബിനേഷനുകളിലൂടെയാണ് ഇദ്ദേഹം ഇസ്ലാമിക മാനങ്ങളില്‍ നബിയുടെ സാന്നിധ്യം സൃഷ്ടിച്ചത്.

ബര്‍ണാഡോ ബര്‍തലൂച്ചിയുടെ ലാസ്റ് ടാംഗോ, ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ വിഖ്യാത ചിത്രം അപോകാലിപ്സ് നൌെ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു ഇദ്ദേഹം. ഓസ്കാര്‍ ജേതാവായ സ്കോട്ട് ഇ ആന്‍ഡേഴ്സണ്‍ ആണ് വിഷ്വല്‍ ഇഫക്റ്റ്സ് ചെയ്യുന്നത്. ഇറാനിയന്‍ വംശജനായ ബ്രിട്ടീഷ് ഗായകന്‍ സാമി യൂസുഫ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

ഷിയാ വിഭാഗത്തിന് മുന്‍തൂക്കമുള്ള ഇറാന്‍ ഭരണകൂടത്തിന്റെ ഈ ശ്രമത്തോട് സുന്നി വിഭാഗത്തിന് മുന്‍തൂക്കമുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ പലതും അനുകൂലമായല്ല പ്രതികരിച്ചത്. ചിത്രത്തിന്റെ പ്രഖ്യാപനം വന്ന ഉടന്‍ തന്നെ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാല ഇതിനെതിരെ രംഗത്തു വന്നിരുന്നു. ഖത്തറും സിനിമയോട് അനുകൂലമായല്ല പ്രതികരിച്ചത്.

മുഹമ്മദ് നബിയുടെ ചിത്രീകരണത്തോട് കുറച്ചു കൂടി അയവുള്ള സമീപനമുള്ള ഷിയാ വിഭാഗങ്ങളുടെ നിലപാടല്ല സുന്നി വിഭാഗങ്ങള്‍ക്ക്. ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്ക സംവിധായകനുണ്ട്. എങ്കിലും ഇറാനില്‍ ചിത്രം സ്വീകരിക്കപ്പെടുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പ്രത്യാശ. ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ചിത്രത്തിന്റെ നിര്‍മാണത്തിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.