Latest News

കുറ്റിക്കോലിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി തന്നെ മുന്നോട്ട്

2011 നവമ്പര്‍ 11. കൂറ്റിക്കോല്‍ പഞ്ചായത്ത് ഭരണം ഗോപാലന്‍ മാസ്റ്റരുടെ കൈകളിലെത്തി ഒരു വര്‍ഷം തികയുന്നു. വിഭാഗീയതയുടെ പേരില്‍ ബേഡകം ഏറിയാ കമ്മറ്റി പിരിച്ചു വിട്ടത് അപ്പോഴാണ്. സി.ബാലന്‍ എറിയാ സെക്രട്ടറിയായി. പാര്‍ട്ടിക്കകത്തെ പ്രധാന പ്രതിപക്ഷമായി ഗോപാലന്‍ മാസ്റ്റര്‍ മാറി. [www.malabarflash.com]

ഡീ.വൈ.എഫ്‌ഐയിലൂടെ വന്ന ദിവകാരനും മറ്റും കൂട്ടു പ്രതികള്‍. പിണറായി പക്ഷത്തിന്റെ ഏതിര്‍പക്ഷക്കാരായി അവര്‍ വിലയിരുത്തപ്പെട്ടു . ജന പ്രതിഷേധം നാടുണര്‍ത്തി. ബേഡകമടക്കം ലയിടങ്ങളിലും ചെങ്കൊടി താഴ്ത്തിക്കെട്ടി. കരിങ്കൊടിയ്ക്ക് അവര്‍ സെലൂട്ട് ചെയ്തു. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ പിണറായി വിഭാഗം പുകച്ചു പുറത്തു ചാടിക്കുകയാണെന്ന ആരോപണം സംസ്ഥാനമാകമാനം ഏറ്റുപാടി. വ്യവസായ വല്‍ക്കരിക്കുകയാണ് പ്രത്യയശാസ്ത്രങ്ങളെയെന്ന് ചാനല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നു. പാര്‍ട്ടി തരിമ്പും കോടിയില്ല. ഔദ്യോഗികമെന്നും വിമതമെന്നും പാര്‍ട്ടിക്ക് ഇരട്ടപ്പേരു കിട്ടി.

ഗോപാലന്‍ മാസ്റ്റര്‍ ഈ കുറിപ്പുകാരനോട് പറഞ്ഞു. ഞാന്‍ ഇന്ന് വിമതനാണത്രെ. പാതിരാത്രികളില്‍ പോലും ചൂട്ടുകറ്റ വീശി ഒഴുക്കിനെതിരെ നീന്തി, എതിരാളികളുടെ കണ്ണില്‍ പെടാതെ ജീവനും കൊ് കിതച്ചോടി നടന്ന് ഒടുവില്‍ ഇവിടെ വരെയെത്തി. ഏതിരാളികളുടെ തോക്കിന്‍ മുനയിലൂടെ അടുത്തു വന്ന മരണം പലതവണ അകന്നു പോയി. പാര്‍ട്ടിക്കു വേി രക്തസാക്ഷിത്വം വരിക്കണമെന്ന പഴയ ആഗ്രഹം ഇപ്പോഴും ബാക്കി നില്‍ക്കുന്നു. 

അവര്‍ പുറത്താക്കിയാല്‍ എനിക്കെങ്ങനെ പുറത്തു പോകാന്‍ കഴിയും? ഇന്ന് പാര്‍ട്ടിക്കുള്ളിലുള്ള ഇസത്തില്‍ കറുപ്പ് ബാധിച്ചിരിക്കുന്നു. പഞ്ചായത്ത് സ്ഥാനം വേെന്ന് ശഢിച്ചതായിരുന്നു. പാര്‍ട്ടിയെ ഏറെ സ്‌നേഹിക്കുന്ന, കമ്യൂണിസ്റ്റുകാരന്റെ ഗുണമുള്ള പി. കരുണാകനും, കെ. കുഞ്ഞിരാമനും മറ്റും നിര്‍ബന്ധിച്ചപ്പോള്‍ അനുസരിച്ചു. സഹികെട്ടപ്പോള്‍ നേതൃത്വത്തിനു മുമ്പില്‍ എഴുതിക്കൊടുത്ത രാജി പിന്‍വലിക്കാന്‍ അവര്‍ തന്നെയാണ് വീണ്ടും ഇടപെട്ടത്. സ്‌നേഹത്തിനു മുന്നില്‍ കീഴടങ്ങുന്നത് കമ്മ്യൂണിസ്റ്റുകാരന്റെ ദുര്‍ബലതയാണ്.

2011 പിന്നിട്ട് കാലം 2014ലെ കൃഷ്ണ പിള്ള ദിനത്തിലെത്തി നിന്നു. ആഗസ്റ്റ് 19ന് കുറ്റിക്കോലില്‍ നടന്നത് ഉള്ളില്‍ പുകഞ്ഞ് ഉരുകി കത്തിക്കൊണ്ടിരുന്ന അഗ്നി പര്‍വ്വതങ്ങളുടെ വിസ്‌ഫോടനമായിരുന്നു. പലയിടത്തും സമാന്തര പ്രകടനങ്ങള്‍,സമ്മേളനങ്ങള്‍. ഇന്‍ക്വലാബ് വിളികളോടെ പ്രഭാതത്തെ വിളിച്ചുണര്‍ത്തിയതില്‍ മുന്നിട്ടു നിന്നത് വിമതര്‍. ചെമ്പരത്തി പോലെ നിര്‍മ്മലമായ ചെങ്കൊടികള്‍ പല വീടുകളിലും പാറി നടന്നു. ഔദ്യോഗിക പക്ഷം സംഘടിപ്പിച്ച റാലിയില്‍ കേവലം 400ല്‍പ്പരം പേര്‍ മാത്രമേ പങ്കെടുത്തുള്ളുവെന്ന റിപ്പോര്‍ട്ടുകള്‍ വായിച്ച വിഷമിച്ച, പാര്‍ട്ടിയേ സ്‌നേഹിക്കുന്നവര്‍ സ്വയം പറഞ്ഞു. അവിടെ അവര്‍ പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്നു തിന്നുകയാണ്. പുറത്താക്കിയവരും അകത്തുള്ളവരും അതിനായി മല്‍സരിക്കുകയാണ്. ചെംചുവപ്പാര്‍ന്ന ബേഡകത്ത് കുങ്കുമ ശോഭ പരത്തുകയാണ്.

അടുത്ത മാസം സെപ്തമ്പര്‍ 14. 13ാം വാര്‍ഡില്‍ വീണ്ടും തെരെഞ്ഞെടുപ്പ്. പാര്‍ട്ടിയുടെ കരുത്തനായിരുന്ന സജി അഗസ്ത്യന്‍ പഞ്ചായത്ത് അംഗ്വത്വം രാജിവെച്ചിരുന്നു. കാരണം വിഭാഗീയത തന്നെ. പകരം മെമ്പറെ തെരെഞ്ഞെടുക്കാനുള്ള പ്രഖ്യാപനം വന്നു. പാര്‍ട്ടിയുടെ അഭിമാന മല്‍സരത്തില്‍ യു.ഡി.എഫിലെ ബലരാമന്‍ നമ്പ്യാര്‍ ജയിച്ചു. പാര്‍ട്ടിയെ നയിക്കുന്ന ഒരു കുഞ്ഞി പോലും എന്നോട് നാമനിര്‍ദ്ദേശ പട്ടിക പിന്‍വലിക്കാന്‍ പറഞ്ഞില്ല. പറയുമെന്ന് കാത്തിരിക്കുകയായിരുന്നു ഞാന്‍ അവസാന നിമിഷം വരെയെന്നായിരുന്നു അഗസ്ത്യന്റെ മറുപടി. പ്രസ്ഥാനങ്ങള്‍ക്ക് ഈഗോ ആവാം. പക്ഷെ ഇത്രത്തോളമാകരുത്. ഒരു ജനതയെ ആകെ തോല്‍പ്പിക്കുകയായിരുന്നു അവിടെ പാര്‍ട്ടി. 

പാര്‍ട്ടി അംഗത്വം രാജി വെച്ച് ഗോപാലന്‍ മാസ്റ്റരോടൊപ്പം പുറത്തു പോയ നൂറുകണക്കിനു പ്രവര്‍ത്തകരുണ്ട്‌ ബേഡടുക്കയില്‍. മാസ്റ്റര്‍ ഭക്തിയോടെ കാണുന്ന പി. കരുണാകരന്റെ തെരെഞ്ഞെടുപ്പില്‍ ഇങ്ങനെ വോട്ടു ചോര്‍ച്ചയുണ്ടാകുമെന്ന് മാസ്റ്റര്‍ പോലും കരുതിയിരുന്നില്ല. മാസ്റ്റരേ പോലും ഞെട്ടിച്ച് തന്റെ അനുയായികള്‍ പോലും അരുവിക്കരക്കാരേപ്പോലെ ചിന്തിച്ചു. സുരേന്ദ്രന്റെ വോട്ട് 75000 കടന്നതിനു ഒരു കാരണമതാണ്. ഉറച്ച പ്രത്യയശാത്രങ്ങള്‍ അവിടെ മത നേതൃത്വത്തെ അന്യേഷിച്ചു നടക്കുകയാണ്. എന്‍.എസ്,എസ്സിന്റെയും, എസ്.എന്‍.ഡി.പിയുടേയും, ആര്‍.എസ്.എസ്സിന്റെയും ശിബിരത്തില്‍ സഖാക്കള്‍ പരസ്യമായി എത്തിത്തുടങ്ങി. നെരൂദ എന്ന മാര്‍ക്‌സിയന്‍ സാംസ്‌കാരിക സംഘടന സ്വന്തമായി ഫണ്ട്‌ സ്വരൂപിക്കുന്നു. പാര്‍ട്ടി വിലക്കിയ കെട്ടിട നിര്‍മ്മാണത്തിന്റെ ഉല്‍ഘാടനം വിപ്ലവ കവിയായ കുരീപ്പുഴ നിര്‍വഹിക്കുന്നു. ഗോപാലന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനാകുന്നു. ഇതെവിടെയാണ് അവസാനിക്കുക?

ഇതാ വീണ്ടും തെരെഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്നു. ഒരു ഏരിയാ സെക്രട്ടറിയുടെ തസ്തികയില്‍ തുടങ്ങിയ പോര് , ഇരുവിഭാഗവും വെച്ചു പുലര്‍ത്തുന്ന ഈഗോ, ധാര്‍ഷ്ട്യം ഇവ പാര്‍ട്ടിയുടെ അമിതാനുരാഗികളെ ഏറെ നിരാശപ്പെടുത്തുന്നു. കാരണമെന്തുമാകട്ടെ. രോഗം മാറാന്‍ ചികില്‍സിക്കാന്‍ കൂട്ടാക്കാതെ ഇരുവരും ചൊറി മാന്തി കളിച്ചു രസിക്കുകയാണിവിടെ. അവര്‍ ഇരുവരും ചേര്‍ന്ന് ഒരു മഹാ പ്രസ്ഥാനത്തെ ഇല്ലാതാക്കി കളയുമോ എന്നാണ് ജനത്തിന്റെ ഭയം.

ഗോപാന്‍ മാസ്റ്റരുടെ ഭരണ മികവിനേക്കുറിച്ച് ഇനിയൊരിക്കല്‍. എങ്കിലും ഒന്നു പറയാതെ വയ്യ. ലോകബാങ്ക് ഇത്തവണ കടം തരാന്‍ കോടികളുമായി കാസര്‍കോട് വന്നു. എല്ലാ പഞ്ചായത്തുകളും അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും കിട്ടിയ അഞ്ചില്‍ ഒരെണ്ണം ഗോപാലന്‍ മാസ്റ്റരുടെ കുറ്റിക്കോലായിരുന്നു. മുല്യ വര്‍ദ്ധിത പദ്ധതികളുമായി മുന്നോട്ടു പോയി എന്ന അവരുടെ വിലയിരുത്തലുകളാണ് അതിനു നിദാനം. ( പള്ളിക്കരയും അര്‍ഹത നേടിയിരുന്നു) അവര്‍ നമ്മുടെ ജില്ലയ്ക്ക് അനുവദിച്ചത്. 1152.15 ലക്ഷം രൂപയാണ്. ഇതര പഞ്ചായത്തുകളും പ്രസിഡണ്ടുമാരുടെ സംഘടനയും ഇതിനെതിരെ അപ്പീല്‍ പോയത് അവിടെയിരിക്കട്ടെ. പുറത്താക്കിയാലും ജനമനസ്സില്‍ നിന്നും പുറത്തു പോകില്ല ചങ്ങനാശ്ശേരിക്കാരനായ ഗോപാലന്‍ മാസ്റ്റര്‍.

ഇവിടെ മറ്റൊരു പ്രതിപക്ഷമില്ലാത്തതിനാല്‍ പാര്‍ട്ടി തന്നെ പരസ്പരം ചേരി തിരിഞ്ഞ് പോരടിക്കുകയാണ്. അതൊരു മനശാസ്ത്രം കൂടിയാണല്ലോ. നാടിനെ ആകെ ബാധിക്കുന്ന വിഷയങ്ങളിലെത്തുമ്പോള്‍ ഏല്ലാവരും ഒന്നാണെന്ന് കാണിക്കുന്ന ഒരു സംഭവം ഇതിനിടെ അവിടെ ഉണ്ടായി. ചുവപ്പ് പൂക്കുന്ന മെയ്ഫ്‌ളവറുമായി ചുടിനെ തടഞ്ഞു നിര്‍ത്തുന്ന തണല്‍മരം ഇത്തവണ കുറ്റിക്കോലില്‍ പൂത്തില്ല. അവിടുങ്ങളിലെ തൊഴിലാളി വര്‍ഗം തറകെട്ടി ആചരിച്ചു വന്നിരുന്ന മെയ്ട്രീ ആരോ വിഷം കുത്തി വെച്ച് ഉണക്കിയിരിക്കുന്നു. പൂക്കള്‍ തരുന്നതിനു പകരം അതിന്റെ കൊച്ചു കൊച്ചു ഇലകള്‍ കണ്ണീരു പോലെ പൊഴിഞ്ഞു വീഴുന്നതു കാണുമ്പോള്‍ ജനം ഇളകി. ഏതോ കച്ചവടക്കാരന്റെ കറുത്ത കൈകളാണ് ഇതിനകമെന്ന് മനസ്സിലായി. വിഭാഗീയത മറന്നുള്ള കൂട്ടായ്മ കണ്ണീര്‍ വീഴ്ത്തുന്നതായിരുന്നു. അവര്‍ ഒത്തു കൂടി. ആദരാജ്ഞലികള്‍ നേര്‍ന്നു. കവിതകള്‍ ചൊല്ലി. വിദ്യാര്‍ഥികള്‍ മൗന ജാഥയായി വന്ന് വലം വെച്ചു തൊഴുതു. പ്രകടനവും പ്രക്ഷോഭവും ഉണ്ടായി

കാസര്‍കോടിന്റെ മോസ്‌ക്കോയാണ് കുറ്റിക്കോല്‍. അവിടെ ഒരു സീറ്റു പോലും അധികം യു.ഡി.എഫിനു കിട്ടരുതെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടി അനുഭാവികളെ തോല്‍പ്പിച്ചു കളയുമോ അവിടുത്തെ പാര്‍ട്ടി? ഗോപാലന്‍ മാസ്റ്റര്‍ മനസ്സു തുറക്കുന്നത് നമുക്ക് പിന്നീട് വായിക്കാം.




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.