Latest News

മക്ക ദുരന്തം:കണ്ണൂരിലെ ലീഗ് നേതാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്‌

തളിപ്പറമ്പ:[www.malabarflash.com] മക്കയിലെ ഹറംപള്ളിയില്‍ വെളളിയാഴ്ച നടന്ന ക്രെയിന്‍ അപകടത്തില്‍ നിന്നും ചപ്പാരപ്പടവ് സ്വദേശി രക്ഷപ്പെട്ടത് തലനാരിഴക്ക്. മുസ്ലിംലീഗ് ചപ്പാരപ്പടവ് പഞ്ചായത്ത് ഭാരവാഹി ഒ.കെ. ഇബ്രാഹിംകുട്ടിയാണ് ദുരന്തത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്.

ഉമ്മക്കും ഭാര്യക്കും ഒപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇബ്രാഹിംകുട്ടി സൗദിയിലെത്തിയത്. ജുമുഅ നമസ്‌ക്കാരത്തിന് വെളളിയാഴ്ച അഭൂതപൂര്‍വമായ തിരക്കായിരുന്നു ഇവിടെ. വൈകുന്നേരത്തെ അസര്‍ നമസ്‌ക്കാരത്തിനും സന്ധ്യാസമയത്തെ മഗ്‌രിബ് നമസ്‌ക്കാരത്തിനും ഇടയിലായിരുന്നു ക്രെയിന്‍ തകര്‍ന്ന് വീണത്. ജുമുഅ നമസ്‌ക്കാര സമയത്താണ് അപകടം നടന്നിരുന്നതെങ്കില്‍ മരണസംഖ്യ വന്‍തോതിലാകുമായിരുന്നു. 

മഗ്‌രിബ് നമസ്‌കരിക്കാനാണ് ഇബ്രാഹിംകുട്ടി ഹറം പള്ളിയില്‍ എത്തിയത്. വികസന പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ക്രെയിന്‍ ഇബ്രാഹിംകുട്ടിയുടെ തൊട്ട് മുന്നിലാണ് പൊട്ടിവീണത്. എന്നാല്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷെപ്പടുകയായിരുന്നു. 

മഴയും പൊടിക്കാറ്റ് ആഞ്ഞ് വീശിയതിനാല്‍ ഇബ്രാഹിംകുട്ടിയുടെ ഉമ്മയും ഭാര്യയും മുറിക്ക് പുറത്തിറങ്ങിയിരുന്നില്ല. തിരുവട്ടൂര്‍ സ്വദേശിയും കുപ്പം മുക്കുന്നില്‍ താമസക്കാരനുമായ മുസ്ലിംലീഗ് നേതാവ് ടി.സി. അബ്ദുള്‍ഖാദര്‍ മൗലവിയും തിരുവട്ടൂരിലെ ഉമ്മര്‍ മാസ്റ്ററും ഈ സമയം ഹറമിലുണ്ടായിരുന്നു. എന്നാല്‍ ശക്തമായ പൊടിക്കാറ്റുണ്ടായിരുന്നതിനാല്‍ ഇവര്‍ മുറിയില്‍ തന്നെ കഴിച്ചുകൂട്ടി. അതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. 

കണ്ണൂര്‍ ജില്ലയില്‍ നിന്നും ഹജ് കര്‍മ്മത്തിന് എത്തിയ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് ഹജ് വളണ്ടിയര്‍ കോര്‍ ക്യാപ്റ്റന്‍ ഉമ്മര്‍കുട്ടി അരിപ്പാമ്പ്ര അറിയിച്ചു. നെറ്റ്‌വര്‍ക്ക് തകരാര്‍ കാരണം ഹാജിമാരെ മൊബൈലില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല. നാട്ടിലുള്ള ബന്ധുക്കള്‍ക്ക് 00966552989508 നമ്പറില്‍ ബന്ധപ്പെട്ടാല്‍ വിവരങ്ങള്‍ ലഭിക്കും.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.