Latest News

ബിജെപിയെ ‘തടയാന്‍’ സിപിഎമ്മും ലീഗും പരസ്പര സഹകരണത്തിന്‌

മലപ്പുറം:[www.malabarflash.com] തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുസ്ലീംലീഗ് നിലപാട് തിരിച്ചടിയാകും.

സംസ്ഥാനത്ത് എസ്.എന്‍.ഡി.പി യോഗവുമായി കൂട്ടുചേര്‍ന്ന് രാഷ്ട്രീയ ശക്തിയായി മാറാനുള്ള ബി.ജെ.പി നീക്കത്തെ പരാജയപ്പെടുത്താന്‍ വേണ്ടി വന്നാല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ വരെ പിന്‍തുണക്കാമെന്ന നിലപാടിലാണ് മുസ്ലീംലീഗ് നേതൃത്വം.

ഹിന്ദു വര്‍ഗ്ഗീയത അപകടകരമായി വളരുന്ന സാഹചര്യം മറികടക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ച സീറ്റുകള്‍ പോലും ലഭിക്കാതിരിക്കാന്‍ പ്രാദേശികമായ നീക്കുപോക്കുകള്‍ക്ക് ബന്ധപ്പെട്ട പാര്‍ട്ടി ഘടകങ്ങള്‍ക്ക് യുക്തമായ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സി.പി.എം.

ഇരുവിഭാഗത്തിനും പരസ്യമായി യോജിപ്പിലെത്താന്‍ പ്രായോഗികമായി കഴിയില്ലെങ്കിലും ബി.ജെ.പിയുടെ മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസിനേക്കാള്‍ ലീഗ് നേതൃത്വം വിശ്വാസമര്‍പ്പിക്കുന്നത് സി.പി.എമ്മിനെയാണെന്നതാണ് യാഥാര്‍ത്ഥ്യം.

ഓരോ പ്രദേശത്തെയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ ആപ്രദേശത്തിന്റെ സാമൂഹികവും, മതപരവും രാഷ്ട്രീയപരവുമായ സാഹചര്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന കര്‍ക്കശ നിര്‍ദ്ദേശമാണ് സി.പി.എം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

സി.പി.എം അടുത്ത കാലത്ത് വീടുകള്‍ തോറും കയറി ഇറങ്ങി നടത്തിയ സര്‍വ്വേയില്‍ വ്യക്തമായ ‘യാഥാര്‍ത്ഥ്യം’ കൂടി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരിഗണിക്കുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ സി.പി.എമ്മിനെ പോലെ തന്നെ കോണ്‍ഗ്രസും ബി.ജെ.പിയും പഴുതുകള്‍ ഇടാത്ത ജാഗ്രതയോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി യോഗത്തില്‍ അധികാരം നഷ്ടമാകുമ്പോഴുണ്ടാകുന്ന വിഷമം നേതാക്കളെ ഓര്‍മ്മിപ്പിച്ച കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഗ്രൂപ്പ് യോഗങ്ങള്‍ക്ക് കടുത്ത വിലക്ക് ഏര്‍പ്പെടുത്തിയത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് തിരിച്ചറിഞ്ഞത് കൊണ്ടുകൂടിയാണ്.

ശ്രീനാരായണ ഗുരുദേവന്റെ വിവാദ നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിച്ചതില്‍ പെട്ടെന്ന് തന്നെ സി.പി.എം സംസ്ഥാന നേതൃത്വത്തിന് പുറമെ കേന്ദ്ര നേതൃത്വവും ഖേദം പ്രകടിപ്പിച്ചതും ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടത് കൊണ്ടാണ്.

യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിന് മലബാറിലും കേരള കോണ്‍ഗ്രസ് (എം)ന് മധ്യമേഖലയിലുമുള്ള സ്വാധീനം എല്‍.ഡി.എഫിലെ ഒരു ഘടകകക്ഷിക്കും ഇപ്പോഴില്ലെന്നതാണ് സി.പി.എം നേരിടുന്ന പ്രധാന വെല്ലുവിളി. അല്‍പ്പമെങ്കിലും സ്വാധീനമുള്ള ഏക ഘടകകക്ഷി സി.പി.ഐ മാത്രമാണ്.

കൊല്ലം ജില്ലയില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന ആര്‍.എസ്.പിയും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ സ്വാധീനമുള്ള ജനതാദളിനെയും മുന്നണിക്ക് ‘പുറത്താക്കിയത്’ ഇടത് മുന്നണിക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയാവുക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ്.

ഒഞ്ചിയം, വടകര മേഖലകളില്‍ ടി.പി ചന്ദ്രശേഖരന്റെ ആര്‍.എം.പിയും ഇടതുമുന്നണിക്ക് വെല്ലുവിളിയാണ്.

പാര്‍ട്ടിയല്‍ നിന്ന് വിട്ടുപോയവരും മുന്നണിയില്‍ നിന്ന് പോയവരുമായ ഈ വിഭാഗത്തിന്റെ വെല്ലുവിളികള്‍ക്ക് പുറമെയാണ് എസ്.എന്‍.ഡി.പി യോഗം ബി.ജെ.പി കൂട്ടുകെട്ടിന്റെ വെല്ലുവിളി.

നിശ്ചല ദൃശ്യ വിവാദത്തിലെ ക്ഷീണം മറികടക്കാന്‍ ഗുരുദേവന്റെ പ്രതിമ ആര്‍.എസ്.എസുകാര്‍ തച്ചുടച്ചതായ പ്രചരണംവഴി മറികടക്കാന്‍ സി.പി.എം ശ്രമിക്കുന്നുണ്ടെങ്കിലും അത് എത്രമാത്രം ഫലപ്രദമായെന്നകാര്യം തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ വ്യക്തമാകു.

വി.എസ് പിണറായി ഭിന്നത ഇപ്പോള്‍ പരസ്യമായി പ്രകടമാകുന്നില്ല എന്നതും യോജിച്ച് മുന്നോട്ട് പോകാന്‍ കഴിയുന്നുവെന്നതുമാണ് സി.പി.എമ്മിനെ സംബന്ധിച്ച് ഇപ്പോള്‍ ശുഭ സൂചകമായിട്ടുള്ളത്.

ബി.ജെ.പിയാകട്ടെ സംസ്ഥാനത്ത് പരമാവധി സീറ്റുകള്‍ നേടുക, പറ്റാവുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം പിടിച്ചെടുക്കുക, മറ്റിടങ്ങളില്‍ നിര്‍ണ്ണായക ശക്തിയായി മാറുക എന്ന നിലപാടോടുകൂടിയാണ് കരുക്കള്‍ നീക്കുന്നത്.

ഗുരുദേവനെ കുരിശില്‍ തറച്ച നിശ്ചല ദൃശ്യ വിവാദം പരമാവധി മുതലെടുക്കാനും എസ്.എന്‍.ഡി.പിയെ ഉപയോഗിച്ച് ഈഴവ വോട്ടുബാങ്കില്‍ നുഴഞ്ഞുകയറി സി.പി.എമ്മിനെ പരമാവധി പ്രഹരമേല്‍പ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം.

ഇതിനായി എസ്.എന്‍.ഡി.പി യോഗത്തിന് തല്‍പരരായ വ്യക്തികളെ സ്വതന്ത്രരായും പാര്‍ട്ടി ചിഹ്നത്തിലും മത്സരിപ്പിക്കാനാണ് പദ്ധതി.

സി.പി.എം വോട്ട് ബാങ്കിലെ ‘ഈ വിള്ളല്‍’ ലക്ഷ്യമിട്ട് അതുവഴി നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മാസ്റ്റര്‍ പ്ലാന്‍.

ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുക എന്നതിലുപരി സി.പി.എം പരാജയം ഉറപ്പ് വരുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ മുഖ്യ അജണ്ട എന്ന് തിരിച്ചറിഞ്ഞാണ് ഒരുമുഴം മുന്‍പേയുള്ള ലീഗിന്റെ പുതിയ തന്ത്രം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടാലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കരുതെന്ന് ഉറപ്പ് വരുത്താനാണ് കീഴ്ഘടകങ്ങള്‍ക്കുള്ള ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

മറ്റേത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ നേട്ടമുണ്ടാക്കുന്നത് തടയാന്‍ സി.പി.എം നേതൃത്വവും അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിക്കും ബി.ജെ.പിക്കും തിരിച്ചടി നല്‍കിയ കേരളത്തില്‍ നേട്ടമുണ്ടാക്കുന്നതിന് ബി.ജെ.പി കേന്ദ്ര നേതൃത്വം സാമ്പത്തിക സഹായമടക്കം വലിയ രൂപത്തിലുള്ള ഇടപെടലുകള്‍ സംസ്ഥാനത്ത് നടത്തുമെന്നാണ് സി.പി.എം നേതൃത്വം കണക്കുകൂട്ടുന്നത്.

ബംഗാളിന് പുറമെ തൃപുരയില്‍ പോലും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ പിന്‍തള്ളി ബി.ജെ.പി രണ്ടാമതായി വരുന്ന സാഹചര്യത്തില്‍ കേരളത്തിലെ തെരഞ്ഞെടുപ്പുകള്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിനും ഏറെ നിര്‍ണ്ണായകമാണ്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.