Latest News

ഫേസ്ബുക്കില്‍ താരമായി മുനവ്വറലി തങ്ങള്‍; ലൈക്ക് അഞ്ച് ലക്ഷം കവിഞ്ഞു

മലപ്പുറം:[www.malabarflash.com] മുഴുവന്‍ രാഷ്ട്രീയക്കാരേയും പിന്നിലാക്കി ഫേസ്ബുക്കില്‍ പാണക്കാട് മുനവ്വറലി തങ്ങളുടെ മുന്നേറ്റം. അഞ്ചുലക്ഷം ലൈക്കുകള്‍ പിന്നിട്ട മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക്‌പേജിനു മുന്നിലുളളത് ഇനി സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിമാത്രം. ഏഴരലക്ഷത്തോളം ലൈക്കുകളാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌പേജിനുള്ളത്.

മുസ്ലിംലീഗിന്റേയോ, സമസ്തയുടേയോ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നുംതന്നെ വഹിക്കാത്ത മുനവ്വറലിതങ്ങളുടെ സോഷ്യല്‍മീഡിയാമുന്നേറ്റം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. തന്റെ നിലപാടുകളും വിശദീകരണങ്ങളും ഫേസ്ബുക്കില്‍ വ്യക്തമാക്കിയ മുനവ്വറലി തങ്ങള്‍ ചില സമയങ്ങളില്‍ പുലിവാലു പിടിച്ചിട്ടുണ്ടെങ്കിലും സോഷ്യല്‍മീഡിയയുടെ അകമഴിഞ്ഞ പിന്തുണ മുനവ്വറലിക്കുണ്ട്.
മണ്‍മറഞ്ഞ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനാണ്. സാമൂഹ്യ പ്രവര്‍ത്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ തങ്ങള്‍ ഇതിനകം പുതു തലമുറയുടെ ആവേശമായി മാറി കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (742,772), മന്ത്രിമാരായ എം.കെ. മുനീര്‍ (363108), രമേശ് ചെന്നിത്തല (347370), പി.കെ കുഞ്ഞാലിക്കുട്ടി (307211), മഞ്ഞളാം കുഴി അലി (243810), പി.കെ. അബ്ദുറബ്ബ് (181065),തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (17 142), എ.പി അനില്‍ കുമാര്‍ (11409) കെ.എം. മാണി (10252), എന്നിങ്ങനെ ലൈക്കുള്ളപ്പോഴാണ് മുഖ്യമന്ത്രി കഴിഞ്ഞാല്‍ രണ്ടാമനായി ഇദ്ദേഹം എത്തിയത്.

പൊതു ചടങ്ങുകള്‍, കൂടിക്കാഴ്ചകള്‍, വിദ്യാഭ്യാസ പരിപാടികള്‍, പ്രകാശനങ്ങള്‍, യാത്രകള്‍, അറിയിപ്പുകള്‍, ആഹ്വാനങ്ങള്‍, അഭിനന്ദനങ്ങള്‍, ആദരാഞ്ജലികള്‍, നിരാലംബര്‍ക്കായുള്ള സഹായ അഭ്യര്‍ത്ഥനകള്‍, ശ്രദ്ധേയമായ വീഡിയോ ക്ലിപ്പുകള്‍, ലേഖനങ്ങള്‍, വാര്‍ത്തകള്‍ മുതലായവ യെല്ലാം ഉള്‍കൊള്ളുന്നതാണ് ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍. 

വിവിധ പോസ്റ്റുകള്‍ ഇടാറുണ്ടെങ്കിലും പിതാവ് ശിഹാബ് തങ്ങളുടെ ഫോട്ടോകള്‍ക്കും അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പുകള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടാറുള്ളത്. 2015ല്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയത് ജനുവരി 22 ന് പോസ്റ്റ് ചെയ്ത ശിഹാബ് തങ്ങളുടെ ചിത്രത്തെ ഒരു കൊച്ചു ബാലന്‍ ചുംബിക്കുന്ന ചിത്രത്തിനാണ്, 70821 ലൈക്കാണ് അതിന് ലഭിച്ചത്. മാത്രവുമല്ല, സന്തോഷ ങ്ങള്‍ നിറഞ്ഞ പോസ്റ്റുകളേക്കാള്‍ ലൈക്ക് ലഭിക്കുന്നത് ദുഃഖവും വേദനയും തളം കെട്ടി നില്‍ക്കുന്ന പോസ്റ്റുകള്‍ക്കാണ്.

1977 മെയ് 18ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ രണ്ടാമത്തെ മകനായി ജനിച്ച മുനവ്വറലി കേരളത്തില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയിലും പിന്നീട് മലേഷ്യയിലുമായാണ് ഉപരിപഠനം പൂര്‍ത്തീകരിച്ചത്. വിശ്വപ്രസിദ്ധ ഇസ്‌ലാമിക സര്‍വകലാശാലയായ മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക് റിവീല്‍ഡ് നോളജ് ആന്റ് ഹ്യൂമന്‍ സയന്‍സസില്‍ പഠനം പൂര്‍ത്തിയാക്കി.

മലേഷ്യയിലെ പഠനകാലത്തു തന്നെ ഉമ്മാറ്റിക് നെറ്റ്‌വര്‍ക്ക് ഫോര്‍ സ്ട്രാറ്റജിക് ഡെവലപ്‌മെന്റ് എന്ന അന്തര്‍ദേശീയ മുസ്‌ലിം കൂട്ടായ്മയുടെ അധ്യക്ഷനായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി സംരംഭങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കിവരുന്നു. 

ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യ അധ്യക്ഷന്‍, സൈന്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്റ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍, അന്നഹ്ദ അറബിക് മാഗസിന്‍ മാനേജിങ് ഡയറക്ടര്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി നാഷനല്‍ പ്രൊജക്ട് ചെയര്‍മാന്‍, എം.ഇ.എ എഞ്ചിനീയറിങ് കോളജ് ട്രഷറര്‍, വളാഞ്ചേരി മര്‍കസുത്തര്‍ബിയത്തില്‍ ഇസ്‌ലാമിയ്യ വൈസ് പ്രസിഡന്റ്, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അക്കാദമിക് സെനറ്റ് അംഗം തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്നുണ്ട്.ജാതി മത രാഷ്ര്ടീയ ഭേദമന്യേ എല്ലാവരുമായും അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന തങ്ങള്‍ക്ക് ഇന്ത്യക്കകത്തും പുറത്തുമായി അതി ബ്യഹത്തായ സൗഹൃദയ വലയംതന്നെ മുനവ്വറലിക്കുണ്ട്.



Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.