Latest News

ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് പരിശോധന: കഞ്ചിക്കോട്ട് സംഘര്‍ഷാവസ്ഥ

പാലക്കാട്: [www.malabarflash.com] കഞ്ചിക്കോട് ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ടു പ്രദേശത്തു സംഘര്‍ഷാവസ്ഥ. പൊലീസ് പരിശോധന ആസൂത്രിതമെന്നും നടപടിയില്‍ കാര്യാലയത്തിനു കേടുപാടുകള്‍ സംഭവിച്ചെന്നും ആരോപിച്ച് മരുതറോഡ്, എലപ്പുള്ളി, പുതുശ്ശേരി പഞ്ചായത്തുകളില്‍ തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
പാലക്കാട്–വാളയാര്‍ ദേശീയപാത കടന്നുപോകുന്ന പഞ്ചായത്തുകളാണ് മരുതറോഡും പുതുശ്ശേരിയും. പാല്‍, പത്രം, ആശുപത്രി, വിവാഹം തുടങ്ങി അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ തടയുമെന്ന് നേതാക്കള്‍ അറിയിച്ചു.

ആര്‍എസ്എസ് കാര്യാലയത്തില്‍ അതിക്രമിച്ചു കയറിയ കസബ പൊലീസ്, നിരപരാധികളെ അറസ്റ്റ് ചെയ്തതായി ആര്‍എസ്എസ് ആരോപിച്ചു. എന്നാല്‍, വധശ്രമം അടക്കമുള്ള കേസുകളിലെ പ്രതികള്‍ കാര്യാലയത്തിലേക്ക് ഓടിക്കയറിയെന്നും അവരെ പുറത്തെത്തിച്ചാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. സ്ഥലത്തു സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാളയാര്‍ എടുപ്പുകുളം സ്വദേശി പ്രദീപിനെ മാരകായുധങ്ങളുമായി അക്രമിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന എടുപ്പുകുളം സ്വദേശികളായ മനു (20), കൃഷ്ണപ്രസാദ് (25), രഞ്ജിത്ത് (20), വിശാഖ് (22) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. മരണ വീട്ടില്‍ കയറി സ്ത്രീകളെ മര്‍ദിച്ചു, ആയുധങ്ങള്‍ സൂക്ഷിച്ചു എന്നീ കേസുകളും ഇവര്‍ക്കെതിരെയുണ്ട്. പ്രതികളെ പിന്നീടു റിമാന്‍ഡ് ചെയ്തു. ഇവരില്‍നിന്നു മാരകായുധങ്ങളും കണ്ടെടുത്തെന്നു പൊലീസ് പറഞ്ഞു.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ കസബ സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. കഞ്ചിക്കോട് മേഖലയില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്കു പൊലീസ് കൂട്ടു നില്‍ക്കുകയാണെന്ന് ആര്‍എസ്എസ് കാര്യവാഹ് രാജേന്ദ്രന്‍ ആരോപിച്ചു. സ്ഥാപനം നേതാക്കള്‍ സന്ദര്‍ശിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.