Latest News

വോട്ടര്‍പട്ടികയില്‍ ഓണ്‍ലൈന്‍ ആയി പേരു ചേര്‍ക്കാന്‍ വീണ്ടും അവസരം

തിരുവനന്തപുരം:[www.malabarflash.com] തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓണ്‍ലൈന്‍ സംവിധാനം ബുധനാഴ്ച വൈകുന്നേരം വീണ്ടും പ്രവര്‍ത്തനസജ്ജമാകും. മുമ്പ് ഓണ്‍ലൈനിലൂടെയും അല്ലാതെയും ലഭിച്ച അപേക്ഷകളിന്മേല്‍ തുടര്‍നടപടികള്‍ക്കായി താത്കാലികമായി നിര്‍ത്തിവച്ചിരുന്ന സംവിധാനമാണ് ഇപ്പോള്‍ പുനഃസ്ഥാപിക്കുന്നത്.

അതേസമയം, പുതുതായി പേര് ഉള്‍പ്പെടുത്തിയ വോട്ടര്‍മാര്‍ക്കു ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. വോട്ടര്‍പട്ടികയില്‍ പുതുതായി പേര്‍ ഉള്‍പ്പെടുത്തിയ വോട്ടര്‍മാര്‍ക്കു മാത്രമായിരിക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക. പുതിയ വോട്ടര്‍മാര്‍ക്കു മറ്റു കാര്‍ഡുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണു കമ്മീഷന്‍ തീരുമാനം. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള എല്ലാതദ്ദേശ സ്ഥാപനങ്ങളിലെയും പുതിയ വോട്ടര്‍മാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.

ബന്ധപ്പെട്ട വോട്ടര്‍ക്കു നേരിട്ടോ രജിസ്റ്റേഡ് തപാല്‍ മാര്‍ഗമോ ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ എല്ലാ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള ഫോം നാല്, വിശദാംശങ്ങളിലെ ആക്ഷേപത്തിനുള്ള ഫോം ആറ്, ഉള്‍ക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിനുള്ള ഫോം ഏഴ് എന്നീ ഓണ്‍ലൈന്‍ സൗകര്യങ്ങളാണ് പുനഃസ്ഥാപിക്കുന്നത്. വോട്ടര്‍പട്ടികയില്‍ നിന്നു പേരു നീക്കം ചെയ്യുന്നതിനുള്ള എട്ടാം നമ്പര്‍ ഫോമിലെ അപേക്ഷകള്‍ നേരിട്ടോ, തപാലിലൂടെയോ ആകണം ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടത്. ഇത്തരം അപേക്ഷകള്‍ ഒക്‌ടോബര്‍ അഞ്ച് വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന ഉത്തരവിന്മേലുള്ള അപ്പീലുകള്‍ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകം ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് (ജില്ലാ കളക്ടര്‍) നല്‍കേണ്ടത്. അപ്പീല്‍ അപേക്ഷകളിന്മേല്‍ 10 രൂപയുടെ ഫീസ് നേരിട്ട് അയയ്ക്കുയോ, കോര്‍ട്ട് ഫീ സ്റ്റാമ്പ് മുഖേനയോ ഒടുക്കണം.

പ്രവാസി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അപേക്ഷകളിലും സമയബന്ധിതമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുതായി രൂപീകരിച്ചതോ പുനഃസംഘടിപ്പിച്ചതോ ആയ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുന്ന മുറയ്ക്കു മാത്രമേ മേല്‍ സൂചിപ്പിച്ചിട്ടുള്ള സൗകര്യങ്ങള്‍ ലഭ്യമാകു.

അത്തരം സ്ഥാപനങ്ങളില്‍ അന്തിമ വോട്ടര്‍പട്ടിക പുനഃക്രമീകരണം നടത്തി പ്രസിദ്ധീകരിക്കുന്നതിനുള്ള നിര്‍ദേശം പിന്നാലെ പുറപ്പെടുവിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളില്‍ പറയുന്നു. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ട വിലാസം: www.lsgd election.kerala.gov.in

പുതുതായി രൂപീകരിച്ചതോ പുനഃസംഘടിപ്പിക്കപ്പെട്ടതോ ആയ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വോട്ടര്‍പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്കു മാത്രമേ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുക. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍നിന്നും ഇതിനാവശ്യമായ തുക വിനിയോഗിക്കാവുന്നതാണെന്നും കമ്മീഷന്‍ അറിയിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.