Latest News

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നാഷണല്‍ ലീഗ് പുറത്ത് തന്നെ

കോഴിക്കോട്:[www.malabarflash.com] ഇടത് മുന്നണിയില്‍ ചേക്കേറാന്‍ സി പി എം മുമ്പോട്ടുവെക്കുന്ന എല്ലാ ഡിമാന്റുകളും അംഗീകരിച്ച ഐ എന്‍ എല്ലിന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മുന്നണി പ്രവേശനം അടഞ്ഞു തന്നെ.
1994 ലാണ് രാജ്യത്ത് ഇന്ത്യ ന്‍ നാഷണല്‍ ലീഗ് നിലവില്‍ വന്നത്. അന്ന് മുതല്‍ കേരളത്തില്‍ ഐ എന്‍ എല്‍ ഇടത് മുന്നണിക്കാണ് തെരഞ്ഞെടുപ്പുകളില്‍ വോട്ട് നല്‍കുന്നത്. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായി നിങ്ങളെ മുന്നണിയിലെടുക്കുമെന്ന് സി പി എമ്മിലെ വല്ലേ്യട്ടന്മാര്‍ നാഷണല്‍ ലീഗ് നേതാക്കളെ ആശ്വസിപ്പിക്കും. 21 കൊല്ലമായി ഈ പല്ലവി തുടരുകയാണ്. 

എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് യു ഡി എഫില്‍ കയറിപ്പറ്റാനും ഐ എന്‍ എല്ലിന് ആവുന്നില്ല. മുസ്ലിം ലീഗിനോടുള്ള അഭിപ്രായ ഭിന്നത മൂലമാണ് സേട്ട് സാഹിബിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ലീഗുകാര്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചത്.

രൂപീകരണ വേളയി ല്‍ കേരളത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ശക്തിയായിരുന്നു നാഷണല്‍ ലീഗ്. പക്ഷേ സ്ഥിരമായി നടുക്കടലി ല്‍ ഒഴുകുന്നതല്ലാതെ കരക്ക് അടുക്കാന്‍ കഴിയുന്നില്ലെന്ന് മനസിലാക്കിയ അണികള്‍ ക്രമേണ മറ്റ് പാര്‍ട്ടികളില്‍ ചേക്കേറുകയാണുണ്ടായത്.

കേരളത്തില്‍ ഒരു വിഭാഗം നാഷണല്‍ ലീഗുകാര്‍ മുസ്ലിം ലീഗിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. നാഷണല്‍ ലീഗിന്റെ വടക്കന്‍ കേരളത്തിലെ ശക്തനായ വക്താവ് എന്‍ എ നെല്ലിക്കുന്ന് ലീഗിലേക്ക് മടങ്ങുക മാത്രമല്ല യു ഡി എഫിന്റെ ബാനറില്‍ മത്സരിക്കാന്‍ മുസ്ലിം ലീഗ് കാസര്‍കോട് സീറ്റ് നല്‍കുകയും ചെയ്തു.

നാഷണല്‍ ലീഗ് ക്ഷയിച്ച് ഏതാണ്ട് തല പോയ തെങ്ങുപോലെയായിട്ടുണ്ട്. എന്നിട്ടും ആത്മവിശ്വാസം കൈവിടാതെ എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും എല്‍ ഡി എഫിന്റെ വോട്ടുപെട്ടിയില്‍ വോട്ടുകള്‍ നിക്ഷേപിക്കുകയാണ്. പടിവാതില്‍ക്കലെത്തിയ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും നാഷണല്‍ ലീഗിന് പഴയഗതി തന്നെയായിരിക്കുമെന്നാണ് കരുതുന്നത്.

പുറത്ത് നിര്‍ത്തി വോട്ടുവാങ്ങുന്ന നയമായിരിക്കും സമീപ ഭാവിയിലും എല്‍ ഡി എഫ് സ്വീകരിക്കുക. അതേ സമയം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിലും നാമമാത്രമായ സീറ്റുകള്‍ കൊടുത്ത് ഇത്തവണയും നാഷണല്‍ ലീഗിനെ തലോടും.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.