Latest News

നിറപറയുടെ മൂന്ന് ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് വില്‍പ്പനയ്ക്ക് നിരോധനം

തിരുവനന്തപുരം:[www.malabarflash.com] കേരളീയരെ വിഷം തീറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണര്‍ ടിവി അനുപമ ഇപ്പോള്‍ തന്നെ പല പ്രമുഖരുടെയും കണ്ണിലെ കരടാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വില്‍പ്പനക്കെത്തിക്കുന്ന പച്ചക്കറികളിലെ വിഷാംശങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ പരിശോധനയും മറ്റുമായി കര്‍ശന നിലപാട് സ്വീകരിച്ച ടി വി അനുപമ ഐഎഎസ് ഇപ്പോള്‍ കൈവച്ചിരിക്കുന്നത് കേരളത്തിലെ ഒരു വമ്പന്‍ ബ്രാന്‍ഡിന് എതിരെയാണ്.

പാക്ക് ചെയ്ത ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാണ രംഗത്തെ പ്രമുഖരായ നിറപറയുടെ തട്ടിപ്പാണ് ടി വി അനുപമയുടെ വെളിപ്പെടുത്തലിലൂടെ ഇപ്പോള്‍ പുറംലോകം അറിഞ്ഞിരിക്കുന്നത്.
നിറപറയുടെ കറിപ്പൊടികളിലെ മൂന്ന് ബ്രാന്‍ഡില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിരോധനവും ഏര്‍പ്പെടുത്തി. നിറപറയുടെ മഞ്ഞള്‍ പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചിരിക്കുന്നതെന്ന് കമ്മീഷ്ണര്‍ ടി.വി. അനുപമ ഐഎഎസ് അറിയിച്ചു.
നിറപറയുടെ ഉത്പന്നങ്ങളില്‍ സ്റ്റാര്‍ച്ച് (അന്നജം) സാന്നിദ്ധ്യം കണ്ടെത്തിയയതാണ് കറിപ്പൊടികളില്‍ കമ്പനിയുടെ കള്ളത്തരത്തെ പൊളിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയമ പ്രകാരം കറി പൗഡറുകളില്‍ സ്റ്റാര്‍ച്ച് സാന്നിദ്ധ്യം ഉണ്ടാകാന്‍ പാടില്ല. എന്നാല്‍, നിറപറയുടെ മൂന്ന് ഉത്പന്നങ്ങള്‍ നിരവധി തവണ പരിശോധിച്ചപ്പോഴും അതില്‍ 15 മുതല്‍ 70 ശതമാനം വരെ സ്റ്റാര്‍ച്ച് സാന്നിദ്ധ്യം കണ്ടെത്താന്‍ സാധിച്ചു. അതായാത് വലിയ തോതില്‍ തന്നെ കറിപ്പൊടികളില്‍ മായം നിറപറ പ്രയോഗിക്കുന്നുണ്ടെന്നാണ് ടി വി അനുപമയുടെ വെളിപ്പെടുത്തലിലൂടെ പുറത്തായിരിക്കുന്നത്.
കേരളത്തിലെ മൂന്നു ലാബുകളിലും സ്‌പൈസസ് ബോര്‍ഡിന്റെ പരിശോധനയിലുമാണ് നിറപറ ഉത്പന്നങ്ങളില്‍ മായമുണ്ടെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഉത്പന്നങ്ങള്‍ വിപണിയില്‍നിന്ന് തിരികെ വിളിക്കാനുള്ള നോട്ടീസ് കമ്പനിക്ക് നല്‍കിയതെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വ്യക്തമാക്കി.
മുന്‍പും നിരവധി തവണ നിറപറ ഉത്പന്നങ്ങളില്‍ സ്റ്റാര്‍ച്ച് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 34 കേസുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറയ്‌ക്കെതിരെ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ആറ് തവണ കോടതി നിറപറയെ ശിക്ഷിച്ചു. എന്നാല്‍, അന്നൊക്കെ പിഴ ഒടുക്കി തടിയൂരുകയാണ് നിറപറ ചെയ്തതെന്നും അനുപമ അറിയിച്ചു. 
ഉത്പന്നത്തിലെ മായം നീക്കാനുള്ള നടപടി അവര്‍ കൈക്കൊണ്ടില്ലെന്നം ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

മൂന്നു തവണ അഞ്ച് ലക്ഷം രൂപ വീതവും, മൂന്ന് തവണ 25,000 രൂപ വീതവും പിഴയാണ് നിറപറ അടച്ചിട്ടുള്ളതെന്നും അനുപമ വ്യക്തമാക്കി. കേരളത്തിലെ ഭക്ഷ്യബ്രാന്‍ഡുകളിലെ വലിയ ബ്രാന്‍ഡാണ് നിറപറ. കോടികളുടെ വിറ്റുവരവുള്ള സ്ഥാപത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കാവ്യ മാധവനാണ്. നിറപറയ്‌ക്കെതിരെ 34 തവണ നടപടി സ്വീകരിച്ചിട്ടും പരസ്യങ്ങളുടെ ബലത്തില്‍ ഇത് മാദ്ധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരുന്നില്ലെന്ന കാര്യവും ഇതോടെ വെളിയില്‍ വരികയാണ്.

വിഷ പച്ചക്കറികളുടെ കാര്യത്തിലെന്ന പോലെ മായം കലര്‍ന്ന ഭക്ഷ്യോല്‍പ്പന്നങ്ങളുടെ കാര്യത്തിലും കര്‍ശന നിലപാട് സ്വീകരിക്കാനാണ് അനുപമ ഐഎഎസിന്റെ തീരുമാനം. മായം കണ്ടെത്തിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും തിരിച്ചുവിളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വകുപ്പിന്റെ ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ കമ്പനിക്കെതിരെ ക്രിമിനല്‍ നടപടി കൈക്കൊള്ളാനാണ് തീരുമാനമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.