Latest News

ചത്ത കാളയുടെ വയറ്റില്‍ 10 ലക്ഷം രൂപ വിലമതിപ്പുള്ള ഗോരോചനക്കല്ല്

തൃശൂര്‍:[www.malabarflash.com] സിനിമാപ്പാട്ടില്‍ മാത്രം കേട്ടുപരിചയമുള്ള അമൂല്യമായ ഗോരോചനക്കല്ല് നഗരത്തില്‍ അലഞ്ഞുനടന്ന കാളയുടെ വയറ്റില്‍നിന്നു കണെ്ടത്തിയതിന്റെ അമ്പരപ്പിലാണ് മണ്ണുത്തി വെറ്ററിനറി കോളജിലെ ഡോക്ടര്‍മാരും മൃഗസ്‌നേഹികളും.

വടക്കേചിറയ്ക്കുസമീപം അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥലത്തു കോര്‍പറേഷന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാള വെളളിയാഴ്ചയാണ്‌ ചത്തത്. തുടര്‍ന്നു മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പിത്തസഞ്ചിയില്‍നിന്നു ഗോരോചനക്കല്ല് കണെ്ടടുക്കുകയായിരുന്നു. അരക്കിലോ തൂക്കം വരുന്ന കല്ലിനു പത്തു ലക്ഷം രൂപ വിലമതിക്കുമെന്നാണു വിദഗ്ധരുടെ അഭിപ്രായം. പശുക്കളില്‍ അത്യപൂര്‍വമായി മാത്രം കാണുന്ന പ്രതിഭാസമാണ് ഗോരോചനക്കല്ലെന്നും സമീപകാലത്തൊന്നും ഇത്തരമൊരു അനുഭവമില്ലെന്നും വെറ്ററിനറി ഡോക്ടര്‍ പി.ബി.ഗിരിദാസ് പറഞ്ഞു.

ഏറെ ആയുര്‍വേദ ഔഷധമൂല്യമുള്ളതാണ് ഗോരോചനം. രക്തസമ്മര്‍ദത്തിനും അത്യുത്തമമാണ്. ഇതിന്റെ ഉപോത്പന്നം കണ്ണെഴുതാനും ഉപയോഗിക്കാറുണ്ട്. 2014ലെ തൃശൂര്‍ പൂരത്തോടനുബന്ധിച്ച് അലഞ്ഞുനടക്കുന്ന കന്നുകാലികളെ തളയ്ക്കുന്നതിന്റെ ഭാഗമായി കോര്‍പറേഷന്‍ ഈ കാളയെയും പിടികൂടിയിരുന്നു. തുടര്‍ന്നു കമ്പികൊണ്ടു കുടുക്കിട്ടതിനാല്‍ കാളയുടെ മുന്‍കാലിലെ കുളമ്പ് അറ്റുപോവുകയും പഴുപ്പ് ബാധിക്കുകയും ചെയ്തു. ഇതു വാര്‍ത്തയായതോടെ തൃശൂരിലെ മൃഗസ്‌നേഹികളുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍(പോസ്)പ്രവര്‍ത്തകര്‍ കാളയെ ഏറ്റെടുത്തു സംരക്ഷിച്ചു.

വെറ്ററിനറി ആശുപത്രിയിലെ ഡോ.തങ്കച്ചന്‍, ഡോ.ലത, ഡോ.തിലകന്‍ എന്നിവരുടെ നേതൃത്വത്തില്‍ തേക്കിന്‍കാട് മൈതാനിയിലായിരുന്നു ചികിത്സ. രോഗം മാറി കുളമ്പ് വീണ്ടും വന്നതിനെതുടര്‍ന്ന് എട്ടുമാസത്തിനുശേഷം പോസ് അധികൃതര്‍ കാളയെ വിട്ടയച്ചു. തുടര്‍ന്ന് കോര്‍പറേഷന്‍ അധികൃതര്‍ വീണ്ടും കാളയെ പിടികൂടി അറ്റ്‌ലസ് രാമചന്ദ്രന്റെ പറമ്പില്‍ കെട്ടിയിട്ടു തീറ്റനല്‍കി സംരക്ഷിച്ചുവരികയായിരുന്നു.

അത്യപൂര്‍വവും അമൂല്യവുമായ കല്ല് വെറ്ററിനറി മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വയ്ക്കാമെന്നു വെറ്ററിനറി ഡോക്ടര്‍മാര്‍ നിര്‍ദേശം വച്ചെങ്കിലും കാളയെ തീറ്റനല്‍കി സംരക്ഷിച്ചിരുന്ന മൃഗക്ഷേമ പ്രവര്‍ത്തകര്‍ അതിനു തയാറായില്ല.

സംരക്ഷകരായ തങ്ങള്‍ക്കവകാശപ്പെട്ടതാണിതെന്നായിരുന്നു ഇവരുടെ വാദം. ഇതിനിടെ, പോസ് സെക്രട്ടറി കണ്ണന്‍ ഉള്‍പ്പടെ പ്രവര്‍ത്തകര്‍ ഇടപെട്ട് ഗോരോചനക്കല്ല് കോര്‍പറേഷന് അവകാശപ്പെട്ടതാണെന്ന തര്‍ക്കം ഉന്നയിച്ചു. തര്‍ക്കത്തെതുടര്‍ന്നു കോര്‍പറേഷന്റെ വെറ്ററിനറി സര്‍ജന്‍ ഡോ.മിഥുന്‍ ഗോരോചനക്കല്ല് ഏറ്റെടുത്തു. പോസ് പ്രവര്‍ത്തകരുടെ അഭ്യര്‍ഥനയനുസരിച്ചു കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കല്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. അമൂല്യമായ ഗോരോചനക്കല്ല് ഏറ്റെടുത്തു കോര്‍പറേഷന്റെ സ്വത്താക്കണമെന്നാവശ്യപ്പെട്ടു ജോണ്‍ കാഞ്ഞിരത്തിങ്കല്‍ കോര്‍പറേഷന്‍ സെക്രട്ടറി കെ.എം.ബഷീറിനു കത്തു നല്‍കി. പിന്നീടു മേയറുടെ നിര്‍ദേശപ്രകാരം കല്ല് കോര്‍പറേഷന്‍ സെക്രട്ടറിക്കു കൈമാറി.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.