Latest News

ചാക്കില്‍ കെട്ടി സ്ത്രീയെ നഗരമധ്യത്തില്‍ ഉപേക്ഷിച്ചു

കൊച്ചി:[www.malabarflash.com] നാല്‍പത്തിയഞ്ചുകാരിയെ ചാക്കില്‍ കെട്ടിയ നിലയില്‍ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കണ്ടെത്തി. കലൂര്‍ സെന്റ് ആന്റണീസ് പള്ളിക്കു സമീപമാണു സ്ത്രീയെ ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വെളളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണു സംഭവം.

ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീക്കു സാരമായ പരുക്കുകളില്ല. ഒപ്പമുണ്ടായിരുന്നുവെന്നു സംശയിക്കുന്ന നാല്‍പത്തിയഞ്ചു വയസു തോന്നിക്കുന്ന പുരുഷനെ മദ്യലഹരിയില്‍ പരിസരത്തുനിന്നു നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇരുവരില്‍ നിന്നു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

തേനി സ്വദേശിനി ഈശ്വരന്റെ ഭാര്യ ലക്ഷ്മിയാണിതെന്നു പൊലീസ് പറയുന്നു. ലക്ഷ്മിയും മദ്യലഹരിയിലായിരുന്നു. ഉപേക്ഷിച്ച നിലയില്‍ കണ്ട ചാക്ക് അനങ്ങുന്നതു കണ്ട വഴിയാത്രക്കാരാണ് ഉള്ളില്‍ ആളുണ്ടെന്നു കണ്ടെത്തിയത്. നെറ്റിയിലെ മുറിവില്‍ നിന്നു രക്തം വരുന്നതുകണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. അബോധാവസ്ഥയിലായിരുന്ന ലക്ഷ്മിയെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇവരെ സ്‌കാനിങ്ങിനു വിധേയയാക്കി. മുഖത്തു ചെറിയ മുറിവുണ്ടെങ്കിലും സാരമുള്ളതല്ല. മറ്റു പരുക്കുകളില്ലെന്നു വ്യക്തമായതോടെ വാര്‍ഡിലേക്കു മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ ശനിയാഴ്ച രാവിലെയേ മൊഴിയെടുക്കൂവെന്നു നോര്‍ത്ത് എസ്‌ഐ എസ്. സനല്‍ പറഞ്ഞു. പുരുഷനും തമിഴാണു സംസാരിക്കുന്നത്. ഇയാളെയും ആശുപത്രിയിലെത്തിച്ചു പരിശോധനയ്ക്കു വിധേയനാക്കി. പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന ഇയാളെയും ശനിയാഴ്ച ചോദ്യം ചെയ്യാനാണു തീരുമാനം. കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.