Latest News

ദുരന്തക്കാഴ്ചക്ക് പിന്നിലെ ക്യാമറ കണ്ണുകള്‍

അങ്കാറ:[www.malabarflash.com] ദുരന്തങ്ങള്‍ ലോകത്തോട് വിളിച്ച് പറഞ്ഞ നിരവധി ചിത്രങ്ങള്‍ ഉണ്ട്; പിന്നിപ്പോയ ഹൃദയത്തോടെയല്ലാതെ കാണാന്‍ കഴിയാത്തത്. പലായനത്തിന്‍െറ ഭീകരത പടര്‍ത്തി, തുര്‍ക്കി തീരത്തടിഞ്ഞ ഐലന്‍ കുര്‍ദി എന്ന കുഞ്ഞുടല്‍ ലോകത്തെയാകെ നീറിപ്പുകക്കുകയാണ്.

യൂറോപ്പില്‍ അഭയം ആഗ്രഹിച്ച് പാതി തകര്‍ന്ന ബോട്ടുകളില്‍ യാത്രയാരംഭിക്കുകയും കടലില്‍ വീണടിയുകയും ശ്വാസംമുട്ടി മരിക്കുകയും ചെയ്ത് ഒരു ചിത്രത്തിലും ചരിത്രത്തിലും ചേര്‍ക്കാതെ പോയ പതിനായിരങ്ങള്‍. അതിനിടയില്‍ നിന്ന് ഐലാന്‍ കുര്‍ദി എന്ന പേര് കണ്ണീരൊഴുക്കുന്നത് ആ നിമിഷത്തിന്‍െറ പകര്‍ത്തി വെയ്ക്കല്‍ കൊണ്ടാണ്. 

തുര്‍ക്കിയുടെ ഡോഗന്‍ ന്യൂസ് ഏജന്‍സിയുടെ വനിത ഫോട്ടോഗ്രാഫര്‍ നിലൂഫെര്‍ ഡെമിറാണ് ഐലന്‍ കുര്‍ദിയുടെയും ഒപ്പം കുടിയേറ്റഭീകരതയുടെയും ചിത്രം ലോകത്തിന് കാട്ടിക്കൊടുത്തത്. സെപ്റ്റംബര്‍ രണ്ട് രാവിലെ ആറ് മണിക്ക് തുര്‍ക്കിയിലെ മുഗ് ല പ്രവിശ്യയിലെ അക്യര്‍ലറില്‍ നിന്നാണ് നിലൂഫെര്‍ ഐലാനെ പകര്‍ത്തിയത്.

ചുവന്ന ബനിയനും നീല നിക്കറും ധരിച്ച് മണലില്‍ മുഖം പൂണ്ട് കിടക്കുകയായിരുന്ന ഐലാനെ കണ്ടപ്പോള്‍ ഹൃദയം മരവിച്ച് പോയെന്ന് നിലുഫര്‍ പറയുന്നു. 'മരണമെടുക്കും മുമ്പ് അവനില്‍ നിന്നുയര്‍ന്ന നിലവിളിയൊച്ചകള്‍ ലോകത്തെ കേള്‍പ്പിക്കുക മാത്രമായിരുന്നു പിന്നീട് ചെയ്യാനുണ്ടായിരുന്നത്. 

ഐലാന്‍ ഉറങ്ങുന്നതിന് നൂറ് മീറ്റര്‍ അകലെ സഹോദരന്‍ ഗാലിബിന്‍െറ മൃതദേഹവുമുണ്ടായിരുന്നു. തീരത്ത് അടിയുന്ന ജീവനറ്റ അഭയാര്‍ഥി ശരീരങ്ങളില്‍ ഒരു ലൈഫ് ജാക്കറ്റ് പോലുമുണ്ടാകില്ല. രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാതെയാണ് അറ്റമില്ലാത്ത കടലിലേക്ക് ജീവിതത്തിന്‍െറ മറുകര തേടി പലരും വരുന്നത്.' നിലൂഫര്‍ പറഞ്ഞു. 

15 വര്‍ഷത്തിലധികമായി അഭയാര്‍ഥി യാത്രകള്‍ ആരംഭിച്ചിട്ട്. 2003 മുതല്‍ ആ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്. പക്ഷെ ഈ ഒറ്റ ചിത്രം കൊണ്ട് അഭയാര്‍ഥികളുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ മുളച്ചെങ്കിലെന്ന് അവര്‍ പ്രത്യാശിച്ചു.

മാതാവ് റെഹാന്‍, പിതാവ് അബ്ദുല്ല കുര്‍ദി, അഞ്ചുവയസ്സുകാരന്‍ സഹോദരന്‍ ഗാലിബ് എന്നിവര്‍ക്കൊപ്പം സിറിയയിലെ കൊബാനില്‍ നിന്ന് ഗ്രീസിലേക്കുള്ള യാത്രക്കിടയിലാണ് ഐലാന്‍ കടലില്‍ താണത്. അമ്മയും സഹോദരനും അടക്കം പത്ത് പേരെക്കൂടി കടലെടുത്തു.

അഭയാര്‍ഥികളുടെ ജീവതത്തില്‍ ചെറുചലനം സൃഷ്ടിക്കാന്‍, ജീവനും കൊണ്ടോടുന്നവരുടെ വേദന ഉള്‍ക്കൊള്ളാന്‍ ലോകം തയ്യാറായെങ്കില്‍; ഐലാന്‍െറ കുഞ്ഞുമരണം കൊണ്ട് അത് മാത്രമേ ഇനി ചെയ്യാനുള്ളു.




Keywords:World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.