Latest News

ഇന്ത്യയുടെ വീരപുത്രന്‍ ഹവീല്‍ദാര്‍ അബ്ദുള്‍ ഹമീദിന്റെ രക്തസാക്ഷിത്വത്തിന് 50 വയസ്

ദില്ലി[www.malabarflash.com]: 1965ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ സേനയുടെ പാറ്റണ്‍ ടാങ്കുകള്‍ ചെറുത്ത് നിന്ന ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദിന്റെ രക്തസാക്ഷിത്വത്തിന് അമ്പത് വയസ്. അബ്ദുല്‍ ഹമീദിന്റെ ജന്മഗ്രാമമായ ഉത്തര്‍പ്രദേശിലെ ദാമുപൂരിലെ സ്മരാകത്തില്‍ വ്യാഴാഴ്ച അനുസ്മരണ പരിപാടികള്‍ നടക്കും.അബ്ദുള്‍ ഹമീദിന്റെ സ്മരണ നിലനിര്‍ത്താന്‍ ദേശീയതലത്തില്‍ ഉചിതമായ സ്മാരകം വേണം എന്ന ആവശ്യം ശക്തമാണ്.

1965 സപ്റ്റംബര്‍ പത്തിന് രാവിലെ എട്ടരയ്ക്കാണ് പഞ്ചാബിലെ ഖേം കരണ്‍ മേഖലയില്‍ ചീമാ ഗ്രാമത്തിന് സമീപം അസല്‍ ഉത്തറില്‍ പൊരുതുകയായിരുന്ന ഇന്ത്യന്‍ സൈന്യം ആ കാഴ്ച കണ്ടത്. പാകിസ്ഥാന്റെ പാറ്റണ്‍ ടാങ്കുകള്‍ ഒന്നൊന്നായി ഇന്ത്യന്‍ മണ്ണിലേക്ക് ഇടിച്ചു കയറുന്നു. മുന്നിലുള്ള എല്ലാം തകര്‍ത്തുള്ള ആ മുന്നേറ്റം ഇന്ത്യയുടെ ഭൂപടം തന്നെ മാറ്റിമറിക്കുകയായിരുന്നു. പാറ്റണ്‍ ടാങ്കുകള്‍ കണ്ട് വിറയ്ക്കാത്ത ഒരു ധീര സൈനികന്‍ അന്ന് ഇന്ത്യയുടെ അഖണ്ഡതയും അന്തസ്സും കാത്തു. കമ്പനി ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദ്.

ടാങ്കുകളുടെ പ്രയാണം കണ്ട് അബ്ദുള്‍ ഹമീദ് തിരിഞ്ഞോടിയില്ല. ഒരു ജീപ്പിനു മുകളില്‍ ഘടിപ്പിച്ച തോക്കുമായി അബ്ദുല്‍ ഹമീദ് പാക്‌ നീക്കം ചെറുത്തു. പീരങ്കികളില്‍ നിന്നുതിര്‍ന്ന ഷെല്ലുകള്‍ പതിച്ച് ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഹമീദ് മരണം വരിക്കുന്നതിനു മുമ്പ് തകര്‍ത്തത് മൂന്ന് പാകിസ്ഥാന്‍ ടാങ്കുകള്‍. യുദ്ധവിജയത്തില്‍ ഈ ധീരത ഇന്ത്യന്‍ സൈന്യത്തെ ഏറെ സഹായിച്ചു എന്ന് 1965ലെ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ ലഫ്റ്റനന്റ് ജനറല്‍ സതീഷ് നമ്പ്യാര്‍ ഓര്‍ക്കുന്നു.

കമ്പനി ക്വാട്ടര്‍ മാസ്റ്റര്‍ ഹവില്‍ദാല്‍ അബ്ദുല്‍ ഹമീദിന്റെ രക്തസാക്ഷിത്വത്തിന് വ്യാഴാഴ്ച അമ്പത് വയസ് തികയുകയാണ്. രാജ്യം പരംവീര്‍ ചക്ര നല്‍കി അബ്ദുല്‍ ഹമീദിനെ ആദരിച്ചു. അബ്ദുല്‍ ഹമിദിന്റെ പേരില്‍ വാരാണസിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ജന്മഗ്രാമത്തിലാണ് ഒരു സ്മാരകമുള്ളത്.

തകര്‍ന്നു കിടന്ന ഈ സ്മാരകം പുനര്‍നിര്‍മ്മിച്ചത് രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ നേതൃത്വത്തിലുള്ള ഫ്ലാഗ് ഓഫ് ഓണര്‍ ഫൗണ്ടേഷനാണ്. അമൃത്‌സറിനടുത്ത് അസല്‍ ഉത്തറില്‍ ഈ ഫലകമാണ് ആ ചെറുത്തുനില്‍പ്പിന്റെ സ്മരണ നിലനിര്‍ത്തുന്നത്. 1965 യുദ്ധ വിജയത്തിന്റെ 50 വര്‍ഷം ആഘോഷിക്കുമ്പോള്‍ അബ്ദുള്‍ ഹമീദ് എന്ന ധീരനായകന് കുടൂതല്‍ ഉചിതമായ സ്മാരകം വേണം എന്ന ആവശ്യം ശക്തമാണ്.




Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.