Latest News

തെരുവുനായ ശല്യത്തിനെതിരേ ഒറ്റയാള്‍ പ്രകടനവുമായി റഫീഖ്‌

കോഴിക്കോട്: [www.malabarflash.com] തെരുവുനായ ശല്യമെന്ന സാമൂഹിക വിപത്തിനെതിരേ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചു യുവാവിന്റെ ഒറ്റയാള്‍ പ്രകടനം. കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശി കരുമ്പാരുകുഴിയില്‍ കെ.കെ. അബ്ദുള്‍ റഫീഖാണ് അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ബുധനാഴ്ച കോഴിക്കോട്ടു തെരുവിലിറങ്ങിയത്.

അധികാരികളെ കണ്ണുതുറക്കൂ...തെരുവുപട്ടികളില്‍നിന്നു ഞങ്ങളെ രക്ഷിക്കൂ എന്നെഴുതിയ പ്ലക്കാര്‍ഡുമായി റഫീഖ് നഗരം ചുറ്റി. അടുത്തിടെ മുക്കത്തുവച്ചു ബൈക്കില്‍ വരുന്നതിനിടെ തെരുവുനായ കുറുകെ ചാടി ഇദ്ദേഹത്തിന് അപകടം സംഭവിച്ചിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണു നിസാര പരിക്കുകളോടെ താന്‍ രക്ഷപ്പെട്ടതെന്നു റഫീഖ് പറഞ്ഞു. തെരുവുനായശല്യം മൂലം തന്റെ നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനം വരെ മുടങ്ങുന്ന അവസ്ഥയാണുള്ളത്. അയല്‍വാസികളുടെയും ബന്ധുക്കളുടെയും വളര്‍ത്തുമൃഗങ്ങള്‍ക്കു നായയുടെ കടിയേറ്റതും പ്രതിഷേധം ശക്തമാക്കാന്‍ പ്രേരകമായി. ഒറ്റയാന്‍ പ്രകടനത്തിന് അഭിനന്ദനവുമായി നിരവധി പേര്‍ എത്തി.

പെയിന്റിംഗ് തൊഴിലാളിയായ റഫീഖ് സാമൂഹിക വിഷയങ്ങളില്‍ പ്രതികരണവുമായി നേരത്തേയും ഒറ്റയാള്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. സാമൂഹിക വിഷയങ്ങള്‍ പ്രമേയമാക്കി പത്തു ഹ്രസ്വചിത്രങ്ങളും റഫീഖ് ഒരുക്കിയിട്ടുണ്ട്. പെയിന്റിംഗ് ജോലിയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ചാണു ചിത്രങ്ങള്‍ നിര്‍മിച്ചത്. എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനങ്ങളില്‍ പ്രതിഷേധിച്ചു പുറത്തിറക്കിയ പീഡനകോലങ്ങള്‍ എന്ന പുസ്തകത്തിനു മികച്ച പ്രതികരണം ലഭിച്ചെന്ന് ഇദ്ദേഹം പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.