Latest News

മക്ക ദുരന്തം: മരണം 87 ആയി, മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും

മക്ക: മക്കയില്‍ മസ്ജിദുല്‍ ഹറാമിനുള്ളില്‍ ക്രെയിന്‍ പൊട്ടി വീണ് മരിച്ചവരില്‍ പാലക്കാട് സ്വദേശിയും. സ്വകാര്യ ടൂര്‍ ഏജന്‍സി വഴി മക്കയിലെത്തിയ മുഅ്മിന (22) എന്ന സ്ത്രീയാണ് മരിച്ചത്. അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 87 ആയി. 183 പേര്‍ക്ക് പരുക്കേറ്റതായും സിവില്‍ ഡിഫന്‍സ് അതോറിറ്റി സ്ഥിരീകരിച്ചു. അപകടത്തില്‍ 10 ഇന്ത്യക്കാര്‍ക്കും പരുക്കേറ്റതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

ഹറം വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ച ക്രെയ്ന്‍ പൊട്ടിവീണാണ് അപകടം. ശക്തമായ മഴയെ തുടര്‍ന്നാണ് ക്രെയിന്‍ പൊട്ടിവീണത്. മഗ്‌രിബ് നിസ്‌കാരത്തിനു തൊട്ടുമുമ്പ് കഅ്ബയ്ക്കു സമീപമാണ് സംഭവം. മരിച്ചവര്‍ ഏതു രാജ്യത്തു നിന്നുള്ളവരാണെന്ന് വ്യക്തമല്ല.

ക്രെയ്ന്‍ താഴുന്നതിനു തൊട്ടുമുമ്പാണ് സംഭവം. ദുരന്ത സമയത്ത് റെഡ്ക്രസന്റ് സംഘവും സഊദി ആരോഗ്യവകുപ്പിന്റെയും സുരക്ഷാ സേനയുടെയും ഉദ്യോഗസ്ഥരടക്കം 15 ഗ്രൂപ്പുകള്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വകുപ്പ് വ്യക്തമാക്കി. അപകടത്തില്‍പെട്ടവര്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത മക്ക അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ അപകടകാരണം കണ്ടെത്താന്‍ ഉത്തരവിട്ടു.

മക്കയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ക്രെയിനാണ് കനത്ത കാറ്റിലും മഴയിലും പൊട്ടിവീണത്. ക്രെയിനിന്റെ ഭാഗങ്ങള്‍ കഅ്ബക്ക് സമീപത്തുള്ള വിശ്വാസികള്‍ പ്രദക്ഷിണം വെക്കുന്ന മത്വാഫിനു ഉള്ളിലേക്കാണ് പൊട്ടിവീണത്. നിരവധി പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തെത്തുടര്‍ന്ന് ഹറമിലും പരിസരത്തും വൈദ്യുതി ബന്ധം നിലച്ചു.

അപകടത്തെ തുടര്‍ന്ന് മക്കയിലെ ആശുപത്രികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
UPDATE




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.