Latest News

ഉദുമ ഗ്രാമ പഞ്ചായത്ത്: വിവാദങ്ങള്‍ വിട്ടൊഴിയാതെ വീണ്ടും

ഉദുമ[www.malabarflash.com] നിലവിലുള്ള ഭരണസമിതിയുടെ കാലാവധി തീരാന്‍ ഏതാനും തിയ്യതികള്‍ മാത്രം ബാക്കിയിരിക്കെ ഉദുമ ഗ്രാമ പഞ്ചായത്ത് തല തൊഴിലുറപ്പു മാറ്റുമാരുടേയും ജനപ്രതിനിധികളുടേയും പദ്ധതി വിശകലന യോഗത്തില്‍ പങ്കെടുത്ത ഡ്യൂട്ടിയിലുള്ള ഗ്രാമസേവകനെ വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍ വൈകുന്നേരം 6 മണിവരെ പഞ്ചായത്തിനകത്ത് ബന്ദിയാക്കി വെച്ചതില്‍ യു.ഡി.എഫ് ഉദുമാ ലൈസണ്‍ കമ്മറ്റി പ്രതിഷേധം അറിയിച്ചു.

പഞ്ചായത്തിനകത്ത് നടക്കുന്ന കെടുകാര്യസ്ഥതകള്‍ തുറന്നു പറയാന്‍ ശ്രമിച്ചപ്പോഴാണ് ഗ്രാമസേവകന് ഇങ്ങനെ ഒരു അനുഭവമുണ്ടായതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വാസു മാങ്ങാട് പറഞ്ഞു. ന്യായമായും ജോലി ചെയ്യാന്‍ അവസരം നല്‍കാതെയും അഴിമതി ചൂണ്ടിക്കാണിക്കുന്ന വി.ഇ.ഒയെ പീഡിപ്പിക്കുകയായിരുന്നു വൈസ് പ്രസിഡണ്ട്. ഇത് അന്വേഷിക്കണമെന്ന്‌ വാസു മാങ്ങാട് ആവശ്യപ്പെട്ടു.

ചില മാറ്റുകള്‍ 60,000 രൂപാ വരെ വെട്ടിക്കുന്നതായും അതിനു ബോര്‍ഡിന്റെ ഒത്താശയുണ്ടെന്നും ബന്ധപ്പെട്ടിടത്ത് അത് ചൂണ്ടിക്കാണിക്കാന്‍ അസാദ്ധ്യമാകും വിധം മാറ്റുകളോട് അനുഭാവപൂര്‍വ്വമായ നിലപാടാണ് ഭരണ സാരഥികള്‍ കാണിക്കുന്നത്. ഇത് സൂചിപ്പിക്കപ്പെട്ടപ്പോഴാണ് യോഗം അലങ്കോലപ്പെട്ടതെന്ന് മാങ്ങാട് വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന യു.ഡി.എഫ് എംഎല്‍എ ഹമീദ് മാങ്ങാട് അറിയിച്ചു.

തൊഴിലുറപ്പു ജോലിയില്‍ നടക്കുന്ന തിരിമറികള്‍ ആരും ശ്രദ്ധിക്കാറില്ലെന്നും, മസ്റ്റ് റോളില്‍ ഒപ്പിട്ട് പണം തട്ടുന്നത് നിത്യ സംഭവമാണെന്നും അത് സൂചിപ്പിക്കപ്പെട്ടപ്പോഴാണ് ഗ്രാമസേവകനെ തടഞ്ഞു വെച്ചതെന്നും ഇതിനെതിരെ വൈസ് പ്രസിഡണ്ടിനോട് വാക്കേറ്റം നടത്തേണ്ടതായി വന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിശോധനക്ക് ചെല്ലുമ്പോള്‍ അവിഹിതമായി ഇങ്ങനെ പലതും കണ്ണില്‍ പെടാറുണ്ടെന്ന് സൂചിപ്പിക്കുകയായിരുന്നു വി.ഇ.ഒ. 

ആരൊക്കെ, ഏപ്പോഴൊക്കെ ഇങ്ങനെ ചെയ്തുവെന്നതിന്റെ വ്യക്തമായ റിപ്പോര്‍ട്ട് തരാതെ മുറിവിട്ടു പുറത്തു പോകാന്‍ കഴിയില്ലെന്നു പറഞ്ഞായിരുന്നു തടഞ്ഞുവെക്കലെന്നും അതിലിടപെട്ടപ്പോഴാണ് വാക്ക് തര്‍ക്കമുണ്ടായതെന്നും ഹമീദ് മാങ്ങാട് പറഞ്ഞു.

പഞ്ചായത്ത് വിഭജനവും തുടര്‍ന്നുള്ള വാര്‍ഡ് വിഭജന സമയത്ത് ഇവിടുത്തെ മറ്റൊരു ഓഫീസ് ജീവനക്കാരനും, തെരെഞ്ഞെടുപ്പു പരിശോധകനായ ഉന്നത ഉദ്യോഗസ്ഥനും തമ്മിലുള്ള അവിഹിത കൂട്ടുകെട്ട് വാക്കേറ്റത്തിലെത്തിയിരുന്നു. ഇത് കേസായിരുന്നുവെങ്കിലും പ്രസിഡണ്ട് കൊടുത്ത പരാതി പിന്‍വലിച്ച് ഒടുവില്‍ ജീവനക്കാരന്‍ തടി തപ്പുകയായിരുന്നു. 

ക്രമരഹിതമായി വാര്‍ഡു വിഭജനം നടക്കുന്നുവെന്ന് കാണിച്ച് യു.ഡി.എഫ് നടത്തിയ ധര്‍ണ അക്രമത്തിന്റെ വക്കിലോളം എത്തുകയും പോലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു. പ്രസിഡണ്ട് കസ്തുരി ടീച്ചര്‍ അതില്‍ അപലപിച്ചതു റിപ്പോര്‍ട്ടു ചെയ്തിരുന്നു. 

ക്രമരഹിത പഞ്ചായത്ത് വിഭജനത്തിനെതിരെ ഹൈക്കോടതിയില്‍ കൊടുത്ത മുന്ന് കേസുകള്‍ പരിഗണിക്കവേയാണ് സംസ്ഥാന തലത്തിലുള്ള മുഴുവന്‍ വിഭജനവും നിര്‍ത്തി വെക്കാന്‍ കോടതി ഉത്തരവ് വന്നത്. സര്‍ക്കാരിന്റെ വികലമായ വിഭജന നയത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് എം.പി. പി. കരുണാകരന്‍, കെ. കുഞ്ഞിരാമന്‍ എം.എല്‍എ ഉദുമ തുടങ്ങിയ ജന പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് സി.പി.എം നേതൃത്വം ധര്‍ണാ സമരം സംഘടിപ്പിച്ചിരുന്നു.

വരാനിരിക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനു മുന്നോടിയായി വിളിച്ചു ചേര്‍ത്ത മാറ്റുകളുടെ യോഗം ബഹളത്തില്‍ കലാശിക്കാന്‍ പ്രധാന കാരണം കണിശവും വ്യക്തതയില്ലാത്ത ആരോപണം ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടായതിന്റെ ഫലമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാടടച്ചു വെടി വെക്കാനായിരുന്നു ഉദ്യോഗസ്ഥന്റെ ശ്രമം. അഴിമതി ശ്രദ്ധയില്‍ പെട്ടാല്‍ അത് തടയുന്നതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ കേവലം ആരോപണം മാത്രമായി മുന്നോട്ടു വരികയും യു.ഡി.എഫ് അംഗങ്ങള്‍ അത് ഏറ്റുപിടിക്കുകയും പിന്നീട് അത് രാഷ്ട്രീയ പ്രേരിതമാവുകയായിരുന്നു. 

കുണ്ടോളം പാറയിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് അനുവദിച്ച കുടിവെള്ള ടാപ്പ് സ്ഥാപിച്ചത് ക്രമരഹിതമാണെന്ന് കാണിച്ച് അത് പിന്‍വലിക്കാന്‍ പ്രസിഡണ്ട് നേരിട്ടിടപെട്ടതും എസ്.ടി. വിഭാഗത്തിലെ പഞ്ചായത്ത് അംഗത്തിന്റെ കൂടി ഒത്താശയോടെ ഉപഭോക്താക്കള്‍ കളക്റ്റര്‍ക്ക് നല്‍കിയ പരാതിയില്‍ ഉര്‍ന്നുവന്ന രാഷ്ട്രീയ പുക ഇവിടെ മാറ്റ് യോഗത്തിലും പടരുകയായിരുന്നു. 

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉദുമ വയര്‍ക്കരയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ബസ്സ്റ്റാന്‍ഡ് സമുച്ചയം കൊണ്ടു വരുമെന്ന യു.ഡി.എഫ് ചെയര്‍മാന്‍ മുഹമ്മദ് അലിയുടെ പ്രസ്ഥാവനയോട് കഴിഞ്ഞ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃത്വയോഗം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഉദുമയുടെ മുഖഛായ തന്നെ മാറ്റാന്‍ ഉദകുന്ന ഈ വാഗ്ദ്ധാനത്തെ കുറിച്ച് സി.പി.എം നേതൃത്വം തികഞ്ഞ മൗനത്തിലാണ്.

-പ്രതിഭാരാജന്‍






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.