Latest News

വിജയ ബാങ്ക് കവര്‍ച്ച; നാല് മാസത്തെആസൂത്രണത്തിനൊടുവില്‍; 4 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്:[www.malabarflash.com] ചെറുവത്തൂര്‍ വിജയ ബാങ്കിന്റെ കോണ്‍ക്രീറ്റ് തറ തുരന്നു കൊളളയടിച്ച നാല് പേര്‍ അറസ്റ്റിലായി. മുഖ്യപ്രതി കുടക് സ്വദേശി സുലൈമാന്‍(50), ബളാല്‍ കല്ലന്‍ചിറ സ്വദേശി അബ്ദുല്‍ ലത്തീഫ്(32) എന്നിവരുള്‍പ്പെടെയാണിത്.
മഞ്ചേശ്വരം സ്വദേശി ഇസ്മായില്‍ എന്നു പരിചയപ്പെടുത്തി, വിജയ ബാങ്കിനു തൊട്ടുതാഴത്തെ മുറി വാടകയ്‌ക്കെടുത്തതു സുലൈമാനാണെന്നും പൊലീസ് തിരിച്ചറിഞ്ഞു.

അതേസമയം, കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വര്‍ണവും കിട്ടിയില്ലെന്നാണു വിവരം. ബേര്‍ക്കയിലെ മൂസ ഹാജിയുടെ വീടിനു പിന്നിലുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ വീട്ടുകാര്‍ അറിയാതെയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പാതി മൂടിയ പൊട്ടക്കിണര്‍ കുഴിച്ച് അതിലാണ് സ്വര്‍ണം അടങ്ങുന്ന ചാക്ക് ഒളിപ്പിച്ചത്. ഈ സ്വര്‍ണ്ണം ശനിയാഴ്ച വൈകുന്നേരം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇത് തൂക്കി തിട്ടപ്പെടുത്തിയിട്ടില്ല. ബാങ്കില്‍ നിന്നും എടുത്ത അതേ രീതിയില്‍ ചാക്കില്‍ക്കെട്ടി കിണറ്റില്‍ ഇടുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. തൂക്കവും പണയം വെച്ചയാളുടെ നമ്പരും രേഖപ്പെടുത്തിയ കാര്‍ഡ് അടക്കം ചെയ്ത പ്ലാസ്റ്റിക് കവറിനകത്താണ് സ്വര്‍ണ്ണാഭരണങ്ങള്‍ ഉള്ളത്. അതിനാല്‍ തന്നെ ഇതിന്റെ തൂക്കം കൃത്യമായി കണക്കാക്കിയിട്ടില്ല. 10 കിലോയോളം ഉണ്ടാകുമെന്നാണ് പൊലീസ് നിഗമനം.

ബേര്‍ക്കയിലെ ഒരു പറമ്പില്‍ സ്വര്‍ണ്ണം കുഴിച്ചിട്ടിട്ടുണ്ടെന്നാണ് ആദ്യം സൈനുദ്ദീന്‍ മൊഴി നല്‍കിയത്. അതിനാല്‍ പൊലീസ് സംഘം ആറ് സ്ഥലങ്ങളില്‍ കുഴിച്ചുനോക്കി. എന്നാല്‍ കണ്ടെത്താനായില്ല. വീ്ണ്ടും ചോദ്യം ചെയ്തപ്പോഴാണ് പൊട്ടക്കിണറ്റില്‍ സ്വര്‍ണ്ണം ഉണ്ടെന്ന വിവരം നല്‍കിയത്.
കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറിയില്‍ നിന്നു രണ്ടരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതിയായിരുന്നു അറസ്റ്റിലായ അബ്ദുല്‍ ലത്തീഫ്. ഇയാളാണ് വിജയ ബാങ്ക് കവര്‍ച്ചയുടെ സൂത്രധാരനെന്നു തെളിഞ്ഞിട്ടുണ്ട്.

നാലു മാസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു കവര്‍ച്ച. ജൂണില്‍ ചെറുവത്തൂരിലെത്തിയ സുലൈമാന്‍ ലക്ഷ്യം പൂര്‍ത്തിയാക്കിയത്, സെപ്റ്റംബര്‍ 26ന് ആയിരുന്നു. വിജയ ബാങ്കിനു തൊട്ടുതാഴത്തെ കടമുറികള്‍, വ്യാപാര ആവശ്യത്തിനെന്ന പേരില്‍ വാടകയ്‌ക്കെടുത്ത് നാട്ടുകാരുടെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു സുലൈമാന്റെ നേതൃത്വത്തില്‍ കവര്‍ച്ച.

സൈബര്‍ സെല്‍ വഴി ലഭിച്ച സൂചനകളും സിസിടിവി ദൃശ്യങ്ങളെ പിന്തുടര്‍ന്നുള്ള അന്വേഷണവുമാണ് പൊലീസിനു സഹായകരമായത്. അന്വേഷണത്തിന്റെ ഭാഗമായി മോഷണദിവസം ചെറുവത്തൂര്‍ ടൗണ്‍ പരിധിയില്‍ നിന്നു പോയതും വന്നതുമായ നാലായിരത്തോളം ഫോണ്‍കോളുകള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ സംശയാസ്പദമായി തോന്നിയ നാലു നമ്പറുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിര്‍ണായകമായി. ഇതിലൊന്ന് അബ്ദുല്‍ ലത്തീഫിന്റെതായിരുന്നു. പിന്നീട്, ഇയാളെ കസ്റ്റഡിയിലെടുത്തതോടെയാണ് മറ്റു പ്രതികളും കുടുങ്ങിയത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.