Latest News

തട്ടിപ്പു കേസിലെ പ്രതിയായ കാസര്‍കോട് സ്വദേശി ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നു രക്ഷപ്പെട്ടു

കാസര്‍കോട്:[www.malabarflash.com] കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തി വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച മലയാളി യുവാവ് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വെട്ടിച്ചു രക്ഷപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ട് കാറളം വയലില്‍ വീട്ടില്‍ വി.സി. ഷൈജുവാണു രക്ഷപ്പെട്ടത്.

മംഗളൂരു ബല്‍മട്ടയിലും അത്താവര്‍ റോഡില്‍ സെന്‍ട്രല്‍ റയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും പ്രവര്‍ത്തിച്ച മാസ്റ്റര്‍ എജ്യൂക്കേഷനല്‍ കണ്‍സല്‍റ്റന്‍സി, എംജി റോഡ് എ വി ടവറിലെ ക്യാപ്പിറ്റല്‍ കരിയര്‍ ഗൈഡന്‍സ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണു തട്ടിപ്പു നടത്തിയത്. കര്‍ണാടകത്തിലെ മെഡിക്കല്‍ കോളജുകളില്‍ സീറ്റു തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞു പണം വാങ്ങി വഞ്ചിച്ചതിന് ഒട്ടേറെ കേസുകളില്‍ പ്രതിയാണു ഷൈജു.

തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കുകയും വിമാനത്താവളങ്ങളിലും മറ്റും വിവരം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു വിദേശത്തേക്കു കടക്കാനെത്തിയ ഷൈജുവിനെ ന്യൂ!ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്തത്. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്നു വെള്ളരിക്കുണ്ട് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷൈജുവിനെ നാട്ടിലെത്തിക്കാനായി ഡല്‍ഹിയിലേക്കു പോകാന്‍ ഒരുങ്ങവേ ഇയാള്‍ ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്നുകളഞ്ഞതായി അടുത്ത സന്ദേശം പൊലീസിനു ലഭിക്കുകയായിരുന്നു. ചായ കുടിക്കാന്‍ കൊണ്ടുപോയപ്പോള്‍ ഓടിമറഞ്ഞതായാണു വിവരം.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.