Latest News

അധോലോക രാജാവ് ഛോട്ടാ രാജന്‍ അറസ്റ്റില്‍

ജകാര്‍ത്ത:[www.malabarflash.com] നിരവധി കൊലപാതകക്കേസുകളില്‍ ഉള്‍പ്പെടെ പോലീസ് തിരയുന്ന അധോലോക നായകന്‍ ഛോട്ടാ രാജന്‍ പിടിയില്‍. ഞായറാഴ്ച ഇന്തോനേഷ്യയിലെ ബാലിയിലാണ് മുന്‍ ദാവൂദ് സംഘാംഗം കൂടിയായ രാജന്‍ അറസ്റ്റിലായത്.

ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍നിന്ന് ബാലിയിലെ പ്രമുഖ റിസോര്‍ട്ട് ദ്വീപിലേക്ക് പുറപ്പെട്ട രാജേന്ദ്ര സദാവ്ശിവ് നികല്‍ജി എന്ന ഛോട്ടാ രാജനെ, ആസ്‌ട്രേലിയന്‍ പോലീസ് നല്‍കിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്തോനേഷ്യന്‍ പോലീസാണ് വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തത്. 1995ല്‍ ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 55 കാരനായ രാജന്‍ രണ്ടു പതിറ്റാണ്ടായി വിവിധ രഹസ്യകേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കാന്‍ബറ പോലീസില്‍നിന്ന് ഞായറാഴ്ചയാണ് ഇയാളെ സംബന്ധിച്ച റെഡ് നോട്ടീസ് ലഭിച്ചതെന്ന് ബാലി പോലീസ് വക്താവ് ഹെരി വിയാേന്റാ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യയില്‍ 15–20 കൊലപാതകങ്ങള്‍ ചെയ്‌തെന്ന് സംശയിക്കുന്നയാളാണ് വരുന്നതെന്ന് മാത്രമാണ് അറിയാമായിരുന്നത്. ഇന്റര്‍പോളുമായും ഇന്ത്യന്‍ അധികൃതരുമായും ബന്ധപ്പെട്ടുവരുകയാണെന്നും ഇന്ത്യക്ക് കൈമാറാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ അധികൃതരുടെ ആവശ്യപ്രകാരമാണ് രാജനെ ബാലിയില്‍ തടഞ്ഞുവെച്ചതെന്നും കാന്‍ബറയിലെ ഇന്റര്‍പോളാണ് മുന്നറിയിപ്പ് നല്‍കിയതെന്നും ആസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ്? പറഞ്ഞു. രാജന്‍ കള്ളപ്പേരില്‍ ആസ്‌ട്രേലിയയില്‍ കഴിയുന്നുണ്ടെന്ന് കഴിഞ്ഞമാസം ഫെഡറല്‍ പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടു വരുകയായിരുന്നുവെന്നും ആസ്‌ട്രേലിയന്‍ പൊലീസ് വക്താവ് പറഞ്ഞു.
ഛോട്ടാ രാജെന്റ അറസ്റ്റ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും സി.ബി.ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയും സ്ഥിരീകരിച്ചു. സി.ബി.ഐ ഇന്റര്‍പോള്‍ മുഖേന നടത്തിയ അപേക്ഷയിലാണ് അറസ്‌റ്റെന്ന് അനില്‍ സിന്‍ഹ പറഞ്ഞു. ഇന്തോനേഷ്യന്‍, ആസ്‌ട്രേലിയന്‍ അധികൃതരുടെ സമയോചിത ഇടപെടലിന് നന്ദി പറയുകയാണെന്നും കൂടുതല്‍ അന്വേഷണവും തിരിച്ചറിയല്‍ നടപടികളും പൂര്‍ത്തിയാക്കി മറ്റു നിയമ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്തോനേഷ്യന്‍ പോലീസിനും ഇന്റര്‍പോളിനും രാജ്‌നാഥ് സിങ്ങും നന്ദി പറഞ്ഞു.

മുംബൈയില്‍ ജനിച്ച രാജന്‍ കരിഞ്ചന്തയില്‍ സിനിമ ടിക്കറ്റ് വില്‍പനയും ചെറുകിട മോഷണങ്ങളുമായാണ് തുടങ്ങിയത്. പിന്നീട് ബഡാ രാജന്‍ എന്നറിയപ്പെട്ടിരുന്ന രാജന്‍ നായരുടെ സംഘാംഗമായി മദ്യക്കടത്തും മറ്റുമായി സജീവമായി. രാജന്‍ നായര്‍ കൊല്ലപ്പെട്ടതോടെ അദ്ദേഹത്തിെന്റ സംഘത്തിെന്റ നേതാവാകുകയായിരുന്നു.

1988ല്‍ ദുബൈയിലേക്ക് പോയ ഛോട്ടാ രാജന്‍ അതിനുമുമ്പ് ദാവൂദ് ഇബ്രാഹീമിന്റെ വിശ്വസ്തനും സംഘത്തിലെ പ്രധാനിയുമായി മാറിയിരുന്നു. എന്നാല്‍, 257 പേരുടെ മരണത്തിനിടയാക്കിയ 1993ലെ മുംബൈ സ്‌ഫോടനത്തോടെ ഇരുവരും പരസ്പരം തെറ്റി. പിന്നീട് കടുത്ത ശത്രുതയിലായിരുന്നു. 2000ത്തില്‍ ബാങ്കോക്കിലെ ഹോട്ടലില്‍ രാജനെ വധിക്കാന്‍ ദാവൂദിന്റെ സംഘം ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.