Latest News

സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് ...

കാസര്‍കോട്:[www.malabarflash.com] ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 60000 രൂപയും ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് 10000 രൂപയുമാണ് . ബ്ലോക്ക് പഞ്ചായത്തിലേക്കും നഗരസഭയിലേക്കും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് ചിലവിനായി 30000 രൂപ മാത്രമേ ചെലവഴിക്കാന്‍ പാടുളളൂ.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് മൂന്ന് സെറ്റ് പത്രികകള്‍ വരെ നല്‍കാം. സ്ഥാനാര്‍ത്ഥി ഗ്രാമപഞ്ചായത്ത് വാര്‍ഡിലേക്കാണ് മത്സരിക്കുന്നതെങ്കില്‍ 1000 രൂപയും ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലേക്കും മുനിസിപ്പാലിറ്റി വാര്‍ഡിലേക്കും 2000 രൂപയും ജില്ലാ പഞ്ചായത്ത് വാര്‍ഡിലേക്ക് 3000 രൂപയും കെട്ടിവെക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗ സ്ഥാനാര്‍ത്ഥികള്‍ ഇതിന്റെ 50 ശതമാനം തുക മാത്രം കെട്ടിവെച്ചാല്‍ മതി. 

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പോകുന്ന സ്ഥാനാര്‍ത്ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങള്‍ക്ക് മാത്രമേ വരണാധികാരിയുടെ ഓഫീസിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ പ്രവേശനമുളളൂ.
പൊതുഅവധിയൊഴിച്ച് ഈ മാസം 14 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം. 

സംവരണ മണ്ഡലമാണെങ്കില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഫീസിളവ് ലഭിക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് വരണാധികാരിയുടെ അനുമതി വാങ്ങിയിരിക്കണം. വരണാധികാരി നല്‍കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുകയും വേണം. പെര്‍മിറ്റില്‍ വാഹനത്തിന്റെ നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എന്നിവ ഉണ്ടാകണം. ഒരു സ്ഥാനാര്‍ത്ഥിയുടെ പേരിലെടുത്ത പെര്‍മിറ്റ് വാഹനം മറ്റൊരു സ്ഥാനാര്‍ത്ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്.

സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുളള അനുമതി വാങ്ങണം. ഇത് വരണാധികാരിയുടെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുന്‍പാകെ മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കണം. 

പ്രചരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകള്‍ ലഘുലേഖകള്‍ എന്നിവയില്‍ പ്രസാധകന്റെയും അച്ചടിസ്ഥാപനത്തിന്റെയും പേരും വിലാസവും അച്ചടിക്കുന്ന കോപ്പികളുടെ എണ്ണവും ഉള്‍ക്കൊളളിച്ചിരിക്കണം. 

പ്രചരണത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട പോലീസ് അധികാരിയില്‍ നിന്ന് ആവശ്യമായ അനുമതി രേഖാമൂലം വാങ്ങേണ്ടതാണ്. രാത്രി 10മണി മുതല്‍ രാവിലെ ആറ് വരെയുളള സമയത്ത് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. ഈ വേളയില്‍ പൊതുയോഗങ്ങളും നടത്തരുത്. 

തെരഞ്ഞെടുപ്പ് പ്രചരണ സമയം അവസാനിച്ചതിന് ശേഷം, മണ്ഡലത്തിന് പുറത്ത് നിന്ന് പ്രചരണത്തിനെത്തിയ രാഷ്ട്രീയനേതാക്കള്‍ മണ്ഡലം വിട്ട് പോകണം. എന്നാല്‍ സ്ഥാനാര്‍ത്ഥിയോ ഇലക്ഷന്‍ ഏജന്റോ മണ്ഡലത്തിന് പുറത്ത് നിന്നുളള ആളായാല്‍ മണ്ഡലം വിട്ടുപോകേണ്ടതില്ല.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.