Latest News

സെയില്‍സ്മാന്‍ ചമഞ്ഞു കവര്‍ച്ച നടത്തുന്നയാള്‍ അറസ്റ്റില്‍

തലശേരി:[www.malabarflash.com] തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ മറവില്‍ വീടുകള്‍ കൊള്ളയടിച്ചുവന്ന വിരുതന്‍ അറസ്റ്റില്‍. പിണറായി പണ്ട്യാലമുക്ക് സ്വദേശിയും കൂത്തുപറമ്പ് നരവൂരില്‍ താമസക്കാരനുമായ കാര്‍ത്തികയില്‍ ടി.എം. പ്രമോദിനെ(50)യാണ് കണ്ണൂര്‍സിറ്റി സിഐ കെ.എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

എടക്കാട്, ചക്കരക്കല്‍, പാനൂര്‍, കൂത്തുപറമ്പ് മേഖലകളിലെ 15 വീടുകളില്‍ ഇയാള്‍ കവര്‍ച്ച നടത്തിയതായി ആദ്യഘട്ട ചോദ്യംചെയ്യലില്‍ തെളിഞ്ഞു. വീടുകളില്‍നിന്നു കവര്‍ച്ച ചെയ്ത 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തലശേരി, കൂത്തുപറമ്പ് നഗരങ്ങളിലെ ജ്വല്ലറികളില്‍നിന്നു പോലീസ് കണ്ടെടുത്തു.

സെയില്‍സ്മാനായി വീടുകളിലെത്തുകയും ആളില്ലാത്ത വീടുകള്‍ കണ്ടെത്തി കവര്‍ച്ച നടത്തുകയുമാണ് ഇയാള്‍ ചെയ്തുവന്നിരുന്നത്. ആളുകള്‍ പുറത്തുപോയ വീടുകളിലെ താക്കോല്‍ വയ്ക്കുന്ന സ്ഥലങ്ങള്‍ കണ്ടെടത്തുകയും ഈ താക്കോല്‍ ഉപയോഗിച്ച് വീടിനുള്ളില്‍ കടന്നു കവര്‍ച്ച നടത്തുകയുമാണ് ഇയാളുടെ പതിവ്. തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ കൊടുക്കുന്നതിലൂടെ വീടുകളുമായി ബന്ധം സ്ഥാപിക്കുകയും വീട്ടുകാര്‍ പുറത്തുപോകുമ്പോള്‍ വീടിന്റെ താക്കോല്‍ വയ്ക്കുന്ന സ്ഥലം തന്ത്രത്തില്‍ മനസിലാക്കുകയുമാണ് ഇയാള്‍ ചെയ്തുവന്നതെന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ നിരവധി കവര്‍ച്ച നടത്തിയെങ്കിലും ഒരു കേസില്‍ പോലും ഇയാള്‍ അറസ്റ്റിലായിരുന്നില്ല. പ്രമോദ് കവര്‍ച്ച നടത്തുന്ന കേസുകളില്‍ ബന്ധുക്കളോ അയല്‍വാസികളോ ആണു പലപ്പോഴും സംശയത്തിന്റെ നിഴലിലാകാറുള്ളത്.

ഇത്തരത്തിലുള്ള കേസുകള്‍ ശ്രദ്ധയില്‍പ്പെട്ട ജില്ലാ പോലീസ് മേധാവി ഉണ്ണിരാജന്‍ സിറ്റി സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി വലയിലായത്. സിഐക്കു പുറമെ എസ്‌ഐമാരായ മഹേഷ്, സുജിത്ത്, എ.കെ. വത്സന്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ബിജുലാല്‍, അജയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത്, ഷാജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. പ്രതിയെ വിശദമായി പോലീസ് ചോദ്യം ചെ യ്തുവരികയാണ്.




Keywords: Kanuur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.