Latest News

തൃക്കരിപ്പൂരില്‍ സംഘര്‍ഷം പടരുന്നു

തൃക്കരിപ്പൂര്‍: [www.malabarflash.com]പേക്കടത്തും തൃക്കരിപ്പൂര്‍ ടൌണിലും സംഘര്‍ഷാവസ്ഥ. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളും ഉത്സവത്തിന് സ്ഥാപിച്ച ട്യൂബ് ലൈറ്റുകളും അടിച്ചു തകര്‍ത്തു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയും അക്രമം നടന്നു.

അക്രമങ്ങളില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ഹിന്ദു ഐക്യവേദി നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടന്നു വരികയാണ്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്ര നായ്ക്ക്,നീലേശ്വരം സി.ഐ. കെ.ഇ.പ്രേമചന്ദ്രന്‍ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

നവരാത്രി ഉത്സവം നടന്നു വരുന്ന പേക്കടം കാളീശ്വരം ക്ഷേത്രത്തിനടുത്ത് റോഡില്‍ വച്ച് തിങ്കളാഴ്ച രാത്രി 11 ഓടെ നടന്ന സംഘട്ടനത്തെത്തുടര്‍ന്നാണ് തൃക്കരിപ്പൂരില്‍ സംഘര്‍ഷം പടര്‍ന്നത്. ആഘോഷ ഭാഗമായി ക്ഷേത്രത്തിന് സമീപം തിരുവാതിരക്കളി കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു പോകവെ പേക്കടം റോഡിനടുത്ത് വച്ച് ബൈക്കിലെത്തിയ നാലംഗ സംഘം പ്രകോപനമുണ്ടാക്കിയെന്നും ഇതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തതെന്നുമാണ് ഹിന്ദുഐക്യവേദി നേതാക്കള്‍ പറയുന്നത്. ഇതിന്റെ തുടര്‍ച്ചയായി നവരാത്രി ആഘോഷ ഭാഗമായി റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ച 30 ല്‍പ്പരം ട്യൂബ് ലൈറ്റുകള്‍ തകര്‍ക്കുകയായിരുന്നുവെന്നും പറയുന്നു.
ഒരു മണിക്കൂറോളം വെള്ളാപ്പ് റോഡ് ജംഗ്ഷന്‍ മുതല്‍ പേക്കടം കാളീശ്വരം ക്ഷേത്രം വരെയുള്ള ഭാഗങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ സംഘടിതരായതോടെ പോലീസ് ഉദ്യോഗസ്ഥരും സംഘവും പ്രത്യേക പോലീസ് സംഘവും സ്ഥലത്തെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ തൃക്കരിപ്പൂര്‍ ടൌണിലെ ബി.ജെ.പി.തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ഓഫീസായ മാരാര്‍ജി മന്ദിരത്തിന് നേരെയും പേക്കടം മണിയനോടിയിലെ മുസ്ലീം ലീഗ് ഓഫീസും തകര്‍ത്തു. 

ബി.ജെ.പി.ഓഫീസിലെ ടെലിവിഷനുകള്‍,ഫര്‍ണീച്ചറുകള്‍, പണവും രേഖകളും സൂക്ഷിച്ചിരുന്ന ഷെല്‍ഫുകള്‍ ഉള്‍പ്പെടെ തകര്‍ത്തെറിഞ്ഞു.
ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 22,000 ല്‍പ്പരം രൂപയും നഷ്ട്ടപ്പെട്ടതായി ബി.ജെ.പി.ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മണിയനോടിയിലെ മുസ്ലീം ലീഗ് ശാഖ ഓഫീസായ പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക മന്ദിരത്തിന്റെ മുന്‍ ഭാഗത്തെ മുഴുവന്‍ ജനല്‍ ചില്ലുകളും കല്ലെറിഞ്ഞു തകര്‍ത്ത നിലയിലാണ്. ലീഗ് ഓഫീസിനടുത്ത് നിര്‍ത്തിയിട്ടിരുന്ന വി.പി.എം.സക്കറിയയുടെ ലോറിയുടെ മുന്‍ വശത്തെയും ഇരു ഭാഗങ്ങളിലെയും ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. പേക്കടം പെരിയോത്തെ പ്രവാസി കുവൈറ്റില്‍ ജോലി ചെയ്യുന്ന ടി.കെ.മൊയ്തീന്റെ ബൈത്തുല്‍ നൂര്‍ എന്ന വീടിന് നേരെ ചൊവ്വ പുലര്‍ച്ചെ കല്ലേറ് നടന്നു കല്ലേറില്‍ വീടിന്റെ മുകള്‍ നിലയിലെയും താഴത്തെ നിലയിലെയും ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
വീട്ടുകാര്‍ ചന്തേര പോലീസില്‍ പരാതി നല്‍കി. 

തൃക്കരിപ്പൂര്‍ ടൌണില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ഹര്‍ത്താല്‍ വൈകീട്ട് ആറ് വരെ തുടരുമെന്ന് ഐക്യവേദി നേതാക്കള്‍ അറിയിച്ചു. സംഭവത്തിനിടയില്‍ ഗുരുതര പരിക്കേറ്റ പൂച്ചോലിലെ ഓട്ടോ ഡ്രൈവര്‍ മുശ്ഫിഖ്(20)നെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ചെറുവത്തൂരിലെ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും എത്തിക്കുകയായിരുന്നു.
പേക്കടത്തെ കെ.വി.സജിത്ത്(30), കെ.സജിത്ത്(27) എന്നിവരെ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പേക്കടത്തെ കെ.രതീഷിന്റെ ബൈക്കും സംഭവത്തിനിടയില്‍ തകര്‍ക്കപ്പെട്ടു. അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തൃക്കരിപ്പൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുകയും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
ബി.ജെ. പി.ജില്ലാ സെക്രട്ടറി ടി.കുഞ്ഞിരാമന്‍, കെ.രാജന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. സംഘര്‍ ഷം പടരാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.




Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.