Latest News

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് എതിരായ ബാങ്ക് നടപടി നിര്‍ത്തണമെന്ന് ഹൈക്കോടതി

കൊച്ചി: [www.malabarflash.com]എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ കടാശ്വാസ പദ്ധതിക്ക് അര്‍ഹരാണെന്നു സര്‍ക്കാര്‍ കണ്ടെത്തിയ 1191 പേര്‍ക്കും അര്‍ഹത അവകാശപ്പെട്ട് ക്ലയിം സമര്‍പ്പിച്ചവര്‍ക്കുമെതിരെ ബാങ്കിന്റെ റിക്കവറി നടപടി നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പദ്ധതിക്ക് അര്‍ഹരാണെന്നു കണ്ട 1191 പേര്‍ക്ക് ആനുകൂല്യം നല്‍കാന്‍ ഏകദേശം 10.9 കോടി രൂപയ്ക്ക് അനുമതി നല്‍കിയെന്നു സര്‍ക്കാര്‍ വിശദീകരിച്ചു.

കൂടുതല്‍ ആരെങ്കിലും അവകാശവാദം ഉന്നയിച്ചാല്‍ ബന്ധപ്പെട്ട കമ്മിറ്റി പരിശോധിക്കണമെന്നും തീരുമാനം വരുന്നതു വരെ ബാങ്കുകള്‍ നടപടിക്കു മുതിരരുതെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതി നടപ്പാക്കിയില്ലെന്ന് ആരോപിച്ചു കാസര്‍കോട് സ്വദേശി ബി.സി. കുമാരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പദ്ധതിക്ക് അര്‍ഹരാണെന്നു കണ്ടവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ തുക അനുവദിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചു.

50,000 വരെ വായ്പയെടുത്ത 591 പേര്‍ക്ക് ഒന്നര കോടി രൂപയും 50,000 മുതല്‍ രണ്ടു ലക്ഷം വരെ വായ്പയെടുത്ത 333 പേര്‍ക്ക് മൂന്നര കോടിയും രണ്ടുലക്ഷത്തിനുമേല്‍ വായ്പയെടുത്ത 267 പേര്‍ക്ക് 5.9 കോടിയുമാണു വേണ്ടത്. ഇവര്‍ക്കെതിരെ ബാങ്കിന്റെ റിക്കവറി നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ പേര്‍ കടാശ്വാസത്തിന് അര്‍ഹരാണെന്നും ഇക്കാര്യം പരിഗണിക്കുന്ന കമ്മിറ്റി നിര്‍ദേശം നല്‍കാത്തതിനാല്‍ ബാങ്കുകള്‍ ജപ്തി നടപടിയുമായി മുന്നോട്ടു പോകുകയാണെന്നും ഹര്‍ജിഭാഗം ആരോപിച്ചു.

ഈ വിഷയം പരിശോധിച്ച് അര്‍ഹരെ കണ്ടെത്താന്‍ കലക്ടറുടെ നേതൃത്വത്തില്‍ കമ്മിറ്റി ഉള്ളതിനാല്‍ കമ്മിറ്റി തന്നെ തീരുമാനമെടുക്കട്ടെയെന്നു കോടതി നിര്‍ദേശിച്ചു. കടാശ്വാസ പദ്ധതി പരിഗണനയിലുണ്ടായിട്ടും ഏഴു പേര്‍ക്കു ബാങ്കില്‍ നിന്നു റിക്കവറി നോട്ടിസ് ലഭിച്ച സാഹചര്യത്തിലാണു ഹര്‍ജി. ഏഴു പേരില്‍ മൂന്നു പേരുടെ കടാശ്വാസ നടപടി പരിഗണനയിലാണെന്നും രണ്ടുപേരുടെ വായ്പാ വിശദാംശങ്ങള്‍ വ്യക്തമല്ലെന്നും രണ്ടുപേര്‍ വായ്പയെടുത്തതു നേരത്തേ ആയതിനാല്‍ പദ്ധതിയില്‍ പരിഗണിക്കാനാവില്ലെന്നുമാണു സര്‍ക്കാര്‍ അറിയിച്ചത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.