Latest News

ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി; പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു

കൊച്ചി:[www.malabarflash.com] തുടര്‍ച്ചയായ തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ പരിശീലകസ്ഥാനത്ത് നിന്ന് രാജിവച്ചു. സഹപരിശീലകനായിരുന്ന ട്രവര്‍ മോര്‍ഗനായിരിക്കും ഇനിമുതല്‍ ടീമിന്റെ ചുമതല. പരസ്പരധാരണയോടെയാണ് മോര്‍ഗന്‍ അടിന്തിരമായി പരിശീലകസ്ഥാനം ഒഴിഞ്ഞതെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. രണ്ടാം അധ്യായത്തിലെത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് ഇതാദ്യമായാണ് ടൂര്‍ണമെന്റിനിടെ ഒരു പരിശീലകന്‍ രാജിവയ്ക്കുന്നത്.

കളിക്കാരെ വിശ്വാസത്തിലെടുക്കാതെ ടെയ്‌ലര്‍ നിരന്തരമായി നടത്തിയ മാറ്റങ്ങളും പരീക്ഷണങ്ങളുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിക്ക് വഴിവച്ചതെന്ന് വ്യാപകമായ വിമര്‍ശമുണ്ടായിരുന്നു. ആറു കളികളില്‍ ആറു ഫോര്‍മേഷനിലാണ് ടീം കളിച്ചത്. എല്ലാ മത്സരങ്ങളിലും മധ്യനിര അമ്പേ പരാജയപ്പെട്ടു. ഗോളുകള്‍ ഒഴിഞ്ഞുനിന്നതിന്റെ പ്രധാന കാരണം ഇതാണെന്നും ആക്ഷേപമുണ്ടായിരുന്നു. പുണെയില്‍ ഒന്നാം മിനിറ്റില്‍ തന്നെ ലീഡ് നേടിയശേഷം തോല്‍വി വഴങ്ങിയതുമുതല്‍ തന്നെ ടെയ്‌ലറുടെ തലയ്ക്ക് മുറവിളി ഉയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ ആറു മത്സരങ്ങളില്‍ നാലെണ്ണവും തോറ്റ് എട്ടാം സ്ഥാനത്ത് ഏറ്റവും അവസാനക്കാരാണ്. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ തോല്‍പിക്കുകയും രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയോട് ഗോള്‍രഹിത സമനില വഴങ്ങുകയും ചെയ്ത ടീം പിന്നീടുള്ള നാലു മത്സരങ്ങളിലും തോല്‍ക്കുകയായിരുന്നു.

കൊല്‍ക്കത്തയില്‍ ത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോടും കൊച്ചിയില്‍ ഡല്‍ഹി ഡയനാമോസിനോടും ഗോവയില്‍ എഫ്.സി. ഗോവയോടും പുണെയില്‍ എഫ്.സി. പുണയോടുമാണ് തോറ്റത്. ഏഴ് കളികളില്‍ നിന്ന് ഏഴ് ഗോളാണ് ടീമിന് ഇതുവരെ നേടാനായത്. ഇതില്‍ തന്നെ നാലെണ്ണം മലയാളി താരം മുഹമ്മദ് റാഫിയുടെ വകയാണ്.

ഇംഗ്ലീഷുകാരനായ ടെയ്‌ലര്‍ ഇംഗ്ലണ്ട് സീനിയര്‍ ടീമിന്റെ താത്കാലിക പരിശീലകനും അണ്ടര്‍-21 ടീമിന്റെ പരിശീലകനുമായിരുന്നു. പതിനഞ്ചിലേറെ ക്ലബുകളെ പരിശീലിപ്പിച്ചശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ക്രിസ്റ്റല്‍ പാലസ്, ടോട്ടനം ഹോട്‌സ്പര്‍ എന്നിവയ്ക്കുവേണ്ടി കളിച്ചിട്ടുമുണ്ട്.

ഒക്‌ടോബര്‍ 31ന് കൊച്ചിയില്‍ ചെന്നൈയിന്‍ എഫ്.സി.ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.