Latest News

തലശേരിയില്‍ മണിയറ കുത്തിത്തുറന്ന് 93 പവന്‍ സ്വര്‍ണം കവര്‍ന്നു

തലശേരി:[www.malabarflash.com] എരഞ്ഞോളി പാലത്തിനടുത്ത് പൂട്ടിയിട്ട വീട്ടിലെ മണിയറ കുത്തിത്തുറന്ന് വന്‍കവര്‍ച്ച. വീടിന്റെ മുകള്‍നിലയിലുള്ള മണിയറയുടെ അലമാരയില്‍ സൂക്ഷിച്ച 93 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. കുടുംബാംഗങ്ങള്‍ വീട് പൂട്ടി ധര്‍മടം മീത്തലെപീടികയിലെ ബന്ധുവീട്ടില്‍ പോയ സമയത്താണ് മോഷണം.

സൗദി അറേബ്യയില്‍ ബിസിനസ്സുകാരനായ ലത്തീഫിന്റെ "സെയിം' വീട്ടിലാണ് കവര്‍ച്ച. അടുത്തിടെ വിവാഹിതയായ ലത്തീഫിന്റെ മകള്‍ ലസ്നയുടെ 19 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

മുകള്‍നിലയിലെ ബാല്‍ക്കണിയിലെ വാതിലിന്റെ പൂട്ട് തകര്‍ത്തും ഒരുഭാഗം പൊളിച്ചുമാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. അലമാര കുത്തിത്തുറന്നാണ് ആഭരണമടങ്ങിയ പെട്ടി കൈക്കലാക്കിയത്. അലമാരയിലുണ്ടായിരുന്ന 600രൂപയും കാണാതായിട്ടുണ്ട്. രണ്ട് ചെറിയ വള മുറിയില്‍ വീണു കിടപ്പുണ്ടായിരുന്നു. മുക്കുപണ്ടങ്ങള്‍ മുറിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്.

ആഗസ്ത് 13നായിരുന്നു ദുബായില്‍ ജോലിയുള്ള ന്യൂമാഹി പെരിങ്ങാടിയിലെ സിയാദുമായുള്ള ലസ്നയുടെ നിക്കാഹ്. മെഹറായി ലഭിച്ച ഏഴു പവന്‍ മാലയും വരന്റെ വീട്ടുകാര്‍ നല്‍കിയ ആഭരണങ്ങളുമടക്കം നഷ്ടപ്പെട്ടു. ഏഴു മാല, ഏഴു തടിച്ച വള, 12 നേരിയവള, ഒരു ബ്രേസ്ലെറ്റ്, ഒരു ഫിംഗര്‍സെറ്റ് എന്നിവയാണ് നഷ്ടപ്പെട്ട മറ്റ് ആഭരണങ്ങള്‍.

ബാല്‍ക്കണിയോട് ചേര്‍ന്ന മുറിയിലെ സ്റ്റീല്‍ അലമാരയും സേഫും പൊളിച്ച നിലയിലാണ്. ഈ മുറിയില്‍നിന്ന് ഒന്നും നഷ്ടപ്പെട്ടതായി സൂചനയില്ല. ലത്തീഫിന്റെ ഭാര്യ സീനത്തും മക്കളുമാണ് ഇവിടെ താമസം. 

കഴിഞ്ഞ ബുധനാഴ്ചയാണ് വീട് പൂട്ടി കുടുംബസമേതം മീത്തലെപീടികയിലെ ഉമ്മയുടെ തറവാട്ടില്‍ പോയത്. വെള്ളിയാഴ്ച തിരിച്ചെത്തിയെങ്കിലും വീണ്ടും ധര്‍മടത്ത് പോയി. വോട്ട് ചെയ്തശേഷം പകല്‍ മൂന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് ബാല്‍ക്കണിയുടെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ തലശേരി പോലീസില്‍ പരാതി നല്‍കി. ഒരു വളയൊഴികെ എല്ലാം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. 

തലശേരി ഡിവൈഎസ്പി സാജുപോള്‍, സിഐ വിശ്വംഭരന്‍നായര്‍, എസ്ഐ കെ വി രാജീവന്‍, വിരലടയാള വിദഗ്ധ പി സിന്ധു എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധിച്ചെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. തെളിവുകളൊന്നും ബാക്കിവയ്ക്കാതെ ആസൂത്രിത മോഷണമാണ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.