Latest News

വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സൂചന

കാഞ്ഞങ്ങാട്:[www.malabarflash.com] തനിച്ച് താമസിക്കുന്ന വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സൂചന തലക്കടിച്ചും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തിയതെന്നാണ് സൂചന.

തോയമ്മലിനടുത്ത കവ്വായി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പരേതനായ ബെള്ളൂരിലെ രാമചന്ദ്രന്റെ ഭാര്യ നന്ദാലം വീട്ടില്‍ ജാനകിയെ (65)യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കിടപ്പ് മുറിയിലെ അലമാരക്കടുത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലക്ക് അടിയേറ്റ പാടുകളുണ്ട്.

കഴുത്ത് സാരികൊണ്ട് വരിഞ്ഞ നിലയിലാണ്. അലമാര തുറന്നിട്ടിരുന്നു. പിടിവലിക്കിടയില്‍ കട്ടിലില്‍ നിന്ന് താഴെ വീണ ജാനകിയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ല. പണവും സ്വര്‍ണ്ണവും അലമാരയില്‍ സൂക്ഷിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്. 

വീടിന്റെ മുന്‍വശത്തെ ഗ്രില്‍സ് അടച്ചിരുന്നില്ല. പൂട്ടും താക്കോലും ഹാളില്‍ വെച്ച നിലയിലാണ്. രാത്രി ഗ്രില്‍സ് പൂട്ടിയിട്ടില്ലെന്നാണ് കരുതുന്നത്. തലക്ക് ടോര്‍ച്ചുകൊണ്ട് അടിയേറ്റുവെന്നാണ് സംശയം. തൃശൂരില്‍ ഷെയര്‍ വെല്‍ത്ത് കമ്പനിയിലെ ഡയരക്ടറായ മകന്‍ ഗിരീഷിനോടൊപ്പമായിരുന്നു ജാനകി താമസിച്ചിരുന്നത്.
ഇടക്കിടെ നാട്ടില്‍ എത്തിയാല്‍ സഹോദരനും മുന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരനുമായ അരയി പാലത്തിനടുത്ത് താമസിക്കുന്ന ടി.വി.കുഞ്ഞികൃഷ്ണന്റെ വീട്ടിലും മകള്‍ നീലേശ്വരം ട്രഷറിയിലെ ഉദ്യോഗസ്ഥ പള്ളിക്കരയില്‍ താമസിക്കുന്ന ഗീതയുടെ വീട്ടിലും ജാനകി താമസിക്കാറുണ്ട്. കുറച്ച് ദിവസം മുമ്പാണ് കവ്വായിലെ വീട്ടില്‍ എത്തിയത്. ഇവിടെ നിന്ന് ഇടക്കിടെ സഹോദരന്റെ വീട്ടില്‍ ചെല്ലാറുണ്ട്.

കവ്വായിലെ വീട്ടില്‍ തനിച്ച് താമസിക്കരുതെന്ന് സഹോദരന്‍ പല ആവശ്യപ്പെട്ടിരുന്നെങ്കിലും ജാനകി അത് മാനിച്ചില്ല. കഴിഞ്ഞ കുറച്ച് ദിവസമായി കവ്വായി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട പണപ്പിരിവിന് സ്ത്രീകളോടൊപ്പം ജാനകി പോകാറുണ്ടായിരുന്നു. വ്യാഴാഴ്ചയും സംഭാവന പിരിക്കാന്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ജാനകി.
രാവിലെ വളരെ വൈകീട്ടും ജാനകിയെ വീടിന് വെളിയില്‍ കാണാത്തതിനെത്തുടര്‍ന്ന് പരിസരവാസികളെത്തി തിരക്കിയപ്പോഴാണ് മുന്‍ഭാഗത്തെ ഗ്രില്‍ തുറന്ന നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഇവര്‍ വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് നൂറുകണക്കിനാളുകളും ബന്ധുക്കളും വീട്ടിലെത്തി. 

കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ഹരിശ്ചന്ദ്രനായക്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ബിജുലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം രാവിലെ ഒമ്പതര മണിയോടെ കവ്വായിലെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു.
പോലീസ് നായയും ഫോറന്‍സിക് വിദഗ്ദ്ധരുമെത്തി ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന തുടങ്ങി. 

കരിവെള്ളൂര്‍ സംഗീത, അച്ചാംതുരുത്തി രാജാസ് യു.പി.സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സുരേഷ് എന്നിവര്‍ മരുമക്കളാണ്. കുഞ്ഞികൃഷ്ണന് പുറമേ കുഞ്ഞമ്പു (പടന്നക്കാട്), മാധവി എന്നിവരും സഹോദരങ്ങളാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.