Latest News

പരാജയം; സിപിഎം അന്വേഷണ സമിതിയെ നിയോഗിച്ചു

കാസര്‍കോട്;[www.malabarflash.com] തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തും പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന പഞ്ചായത്തുകളും കൈവിട്ടുപോയതുസംബന്ധിച്ചുള്ള അന്വേഷണത്തിന് സിപിഎം ജില്ലാകമ്മിറ്റി പ്രത്യേകസമിതിയെ നിയോഗിച്ചതായി വിവരം.

കാസര്‍കോട് ജില്ലയില്‍ സി പി എമ്മിന്റെ ഉരുക്കുകോട്ടകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായ വിജയം പാര്‍ട്ടിനേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ജില്ലാപഞ്ചായത്തും ബെള്ളൂര്‍, ഉദുമ, പടന്ന, വലിയപറമ്പ്, കുറ്റിക്കോല്‍ പഞ്ചായത്തുകളും കൈവിട്ടു പോയതും പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ ചില പഞ്ചായത്തുകളില്‍ യുഡിഎഫ് അക്കൗണ്ടു തുറന്നതും സിപിഎം നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടായപ്പോള്‍ കാസര്‍കോട് ജില്ലയില്‍ യു ഡി എഫിനോട് ഒപ്പത്തിനൊപ്പമുളള വിജയം മാത്രമാണ് എല്‍ഡിഎഫിനുണ്ടായത്.

കോണ്‍ഗ്രസിലും ലീഗിലുമുണ്ടായ വിഭാഗീയത പോലും പൂര്‍ണമായും മുതലെടുക്കാന്‍ കഴിയാത്തത് വലിയ വീഴ്ചയായി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. സിപിഎമ്മിന്റെ ശക്തി ദുര്‍ഗമായ കയ്യൂര്‍ചീമേനി, പിലിക്കോട്, ബേഡഡുക്ക എന്നിവിടങ്ങളില്‍ യുഡിഎഫ് അക്കൗണ്ട് തുറന്നതിന് യാതൊരു ന്യായീകരണവും വേണ്ടെന്നാണ് ജില്ലാ നേതൃത്വം കീഴ്ഘടകങ്ങളോട് നിര്‍ദേശിക്കുന്നതെന്നും ആരോപണമുണ്ട്. 

കയ്യൂര്‍ ചീമേനിയിലെ തിമിരിയില്‍ 89 വോട്ടിന് സി പി എം സ്ഥാനാര്‍ത്ഥി മുകുന്ദന്‍ പരാജയപ്പെട്ട സ്ഥാനത്ത് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് 359 വോട്ടും ബ്ലോക്ക് സ്ഥാനാര്‍ഥിക്ക് 400 വോട്ടും ലഭിച്ചു. പിലിക്കോട് പഞ്ചായത്തിലെ 12ാം വാര്‍ഡായ ചന്തേരയില്‍ മുസ്‌ലിംലീഗിലെ നിഷാം പട്ടേലാണ് വിജയിച്ചത്. ഇതേ പഞ്ചായത്തില്‍ 11ാം വാര്‍ഡായ കാലിക്കടവില്‍ മൂന്നു വോട്ടിനാണ് കോണ്‍ഗ്രസിലെ നവീന്‍കുമാര്‍ പരാജയപ്പെട്ടത്. ചുവപ്പുകോട്ടയായ ബേഡഡുക്കയില്‍ 15 വര്‍ഷത്തിനുശേഷം യുഡിഎഫിന് ഒരംഗത്തെ വിജയിപ്പിക്കാന്‍ സാധിച്ചു. പാര്‍ട്ടിക്ക് സ്വാധീനമുള്ള കുറ്റിക്കോല്‍ പഞ്ചായത്തില്‍ ആദ്യമായി ഭരണം നഷ്ടപ്പെട്ടു. 27 വര്‍ഷത്തിനുശേഷം ഉദുമ പഞ്ചായത്തില്‍ പരാജയം നേരിട്ടതും ബെള്ളൂര്‍ ബിജെപിയോട് പരാജയപ്പെട്ടതും വലിയ തിരിച്ചടിയായി.
പുത്തിഗെ ഡിവിഷന്‍ നഷ്ടപ്പെട്ടതാണ് എല്‍ഡിഎഫിന് ഏറ്റവും വലിയ തിരിച്ചടിയായത്. യുഡിഎഫിലെ വിമത പ്രശ്‌നം മൂലം കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍, പുല്ലൂര്‍പെരിയ, വെസ്റ്റ്എളേരി,പനത്തടി പഞ്ചായത്തുകള്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞതാണ് സി പി എമ്മിനു നേട്ടമായി ഉയര്‍ത്തി കാട്ടാനുളളത്.ചില പഞ്ചായത്തുകളിലുണ്ടായ വന്‍ വോട്ടുചോര്‍ച്ചകളും അന്വേഷണത്തിന്റെ പരിധിയില്‍ വരും.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.